- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് രണ്ടിനം വവ്വാലുകളിൽ നിപ ആന്റിബോഡി കണ്ടെത്തി; നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകൾ എന്ന് കരുതേണ്ടി വരും; നിപ പ്രതിരോധം വിജയം; 21 ദിവസങ്ങളിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തില്ല എന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂർ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്നും ഐ.സി.എം.ആറിന്റെ നിർദ്ദേശാനുസരണം പൂന എൻ.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം പുറത്തു വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ താമരശ്ശേരിയിൽ നിന്നും ശേഖരിച്ച ടീറോപസ് വിഭാഗത്തിൽപ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂർ മേഖലയിൽ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തിൽപ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി (IgG) ആന്റിബോഡി യുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 50 ഓളം പരിശോധനാ ഫലങ്ങൾ ഇനിയും വരാനുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടുതൽ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടത്തണം. അതിന് ശേഷം മാത്രമേ കൂടുതൽ സ്ഥിരീകരണങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളൂ. നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകളാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ വൈറസിന്റെ ഇൻക്യുബേഷൻ കാലയളവായ 21 ദിവസം കഴിഞ്ഞു. ഈ കാലയളവിൽ ഒരു പുതിയ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിട്ടയായ പ്രവർത്തനമാണ് രോഗത്തെ പിടിച്ചു നിർത്തുന്നതിനും പുതിയ കേസുകൾ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കാനും സഹായകമായത്. ഇൻകുബേഷൻ കാലയളവിന്റെ ഇരട്ടി ദിവസം (42 ദിവസം) പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നാൽ രോഗം നിയന്ത്രണത്തിൽ വന്നതായി പ്രഖ്യാപിക്കും. ഈ ദിവസങ്ങളിൽ ജാഗ്രത തുടരുകയും ചെയ്യണം.
സെപ്റ്റംബർ 4ന് നിപ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. ഹൗസ് ടു ഹൗസ് സർവേയുടെ ഭാഗമായി പഞ്ചായത്തുകളുടെ സഹായത്തോടെ 16,732 വീടുകളും 76,074 ആളുകളെയും സന്ദർശിച്ചു. 50 പേരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. ഇവയുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ് ആയി.
മരണപ്പട്ടിക സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചവരെ ഉൾക്കൊള്ളിച്ച് പട്ടിക വിപുലമാക്കും. അർഹരായ എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കും. കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച് സംസ്ഥാനം മാർഗനിർദ്ദേശം പുറത്തിറക്കും. വാക്സിനേഷൻ 91 ശതമാനത്തിന് മുകളിലായി. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കോവിഡ് മരണങ്ങളിൽ 94 ശതമാനത്തോളം വാക്സിനെടുക്കാത്തവരിലാണ് സംഭവിക്കുന്നത്. അനുബന്ധ രോഗമുള്ളവരിലും മരണം കൂടുതലാണ്.
ഏതാണ്ടെല്ലാ കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. അതത് ജില്ലകിളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ