കോഴിക്കോട്: നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. ഇന്നലെ പരിശോധിച്ചവർക്കും രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് ശേഷം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് (എൻ.ഐ.വി) അയച്ച അഞ്ച് സാംപിളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാംപിളുകളുമാണ് നെഗറ്റീവായത്.

ഇതിനോടകം 30 പേരുടെ സാംപിളുകൾ പരിശോധിച്ചതിൽ 30 ഉം നെഗറ്റീവാണ്. ഇനി 21 പേരുടെ സാംപിളുകളുടെ ഫലം വരാനുണ്ട്. ചൊവ്വാഴ്ച രാത്രി വൈകിയും അതിനുശേഷവും പരിശോധിച്ച സാംപിളുകളുടെ ഫലം ബുധനാഴ്ച വരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനിടെ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എങ്കിൽ മാത്രമേ വൈറസിനെ ഫലപ്രദമായി ചെറുക്കാൻ കഴിയൂ.

കോഴിക്കോട് മെഡിക്കൽ കോളേജിൽ 68 പേരാണ് ഐസൊലേഷനിൽ ഉള്ളത്. ചൊവ്വാഴ്ച രാത്രി വൈകി 10 പേരെ കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ചെറിയ പനി, തലവേദന എന്നിവയടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സർക്കാർ പറയുന്നു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇതിനൊടകം തന്നെ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പ്രാഥമിക നിരീക്ഷണങ്ങൾ അവർ അവലോകന യോഗത്തിൽ പങ്കുവെച്ചിരുന്നു. രണ്ടാം ദിവസം വിശദമായ പരിശോധന നടത്തും. പ്രദേശത്തുനിന്ന് സാംപിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം എൻ.ഐ.വിയുടെ പ്രത്യേക ടീമിനോട് പരിശോധന നടത്താൻ അഭ്യർത്ഥിച്ചിരുന്നു. അവർ രണ്ട് ദിവസത്തിനകം എത്തി കൂടുതൽ പരിശോധനകൾ നടത്തും.

ഇവിടെ നിന്ന് സാംപിളുകൾ ശേഖരിച്ച് എൻ.ഐ.വിയുടെ ഭോപ്പാൽ ലാബിലേക്കാണ് അയക്കുന്നത്. അതുകൊണ്ട് അവരുടെ സംഘംതന്നെ എത്തി വിവരശേഖരണം നടത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. അവർ എത്തി സമഗ്രമായ പരിശോധന നടത്തും. നിപയുടെ പ്രോട്ടോക്കോൾ അനുസരിച്ച് അവസാന കേസ് റിപ്പോർട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂർണമായും ഈ കേസിൽ നിന്ന് മറ്റ് കേസുകളില്ല, നിപ മുക്തമായി എന്ന് പറയാൻ കഴിയുകയുള്ളൂ. നിയന്ത്രണങ്ങൾ ഏത് രീതിയിലാണ് എന്നത് ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ നിപ വൈറസ് ലാബിൽ ഒരു സമയം 96 സാമ്പിളുകൾ വരെ പരിശോധിക്കാനാകുമെന്നും ഇവിടെ ബിഎസ്എൽ ലെവൽ 3 ലാബ് സജ്ജമാക്കാനുള്ള നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. ''കുട്ടി ചികിത്സ തേടിയ എല്ലാ സ്ഥാപനങ്ങളുടെയും ഇൻസ്റ്റിറ്റിയൂഷണൽ റൂട്ട് മാപ്പ് തയ്യാറാക്കി മാധ്യമങ്ങൾക്ക് ലഭ്യമാക്കി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് മന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തു,'' മന്ത്രി പറഞ്ഞു.

പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 257 ആയെന്നും മന്ത്രി പറഞ്ഞു. അടുത്ത സമ്പർക്കമുള്ളവരുടെ എണ്ണം 122 ആണെന്നും ഇതിൽ 44 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. ' 51 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. 17 പേർക്കാണ് ലക്ഷണങ്ങളുള്ളത്. നേരിയ ലക്ഷണങ്ങളാണ് ഇവരിൽ കാണപ്പെടുന്നത്,'' മന്ത്രി പറഞ്ഞു.