കോവിഡ് പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായും കരകയറുന്നതിനു മുൻപേ മറ്റൊരു ദുരന്തം കൂടി ലോകത്തെ തേടിയെത്തുമോ ? സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അടുത്തതായി ലോകത്ത് നാശം വിതയ്ക്കാൻ എത്തുന്നത് നിപ്പയായിരിക്കും എന്നാണ് സൂചന. കോവിഡിൽ നിന്നും വ്യത്യസ്തമായി മരണ സാധ്യത ഏറെയുള്ള രോഗമാണ് നിപ്പ. കോവിഡ് ബാധിച്ചവരിൽ 1 ശതമാനം വരെ മാത്രമാണ് മരണം സംഭവിച്ചതെങ്കിൽ നിപ്പയുടെ കാര്യത്തിൽ മരണ സാധ്യത 50 ശതമാനം വരെയാണ്.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ നേരിടുവാൻ ലോകം ഇപ്പോഴും തയ്യാറെടുത്തിട്ടില്ല എന്നാണ് അസ്ട്ര സെനെക ഓക്സ്ഫോർഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രൊഫസർ ഡെയ്ം സാറാ ഗിൽബർട്ട് പറഞ്ഞത്. അതുപോലെ പുതിയതരം വൈറസുകൾ ഏതു നിമിഷവും എത്തിയേക്കാമെന്നും അവർ പറയുന്നു. ഷെൽട്ടൻഹാം ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ. ലോക രാജ്യങ്ങളെല്ലാം തന്നെ മതിയായ അളവിൽ വാക്സിനുകൾ സംഭരിച്ചു വയ്ക്കണമെന്നും അങ്ങനെയെങ്കിൽ പെട്ടെന്ന് പുറപ്പെടുന്ന മഹാവ്യാധികളെ ചെറുക്കാൻ ഒരു പരിധിവരെ കഴിയുമെന്നും അവർ സൂചിപ്പിച്ചു.

അതുപോലെ ആരോഗ്യ പ്രവർത്തകർക്കും, മറ്റ് സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും നേരത്തേ വാക്സിൻ നൽകിയിരിക്കണം. അങ്ങനെ വന്നാൽ അവർക്ക് വൈറസ് വ്യാപനം തടയുന്നതിനായി സമയത്തു തന്നെ ആവശ്യമായ നടപടികളിൽ ഏർപ്പെടാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിക്ക് മുൻപേ തന്നെ വ്യത്യസ്ത മഹാവ്യാധികൾക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള വാക്സിനുകൾ വികസിപ്പിക്കുവനുള്ള ശ്രമം ആരംഭിച്ചിരുന്നു എന്നുപറഞ്ഞ അവർ, കോവിഡ് പ്രതിസന്ധിമൂലം ആ പ്രവർത്തനങ്ങൾ മന്ദഗതിയിലായെന്നും അറിയിച്ചു.

മതിയായ അളവിൽ ധനസഹായം ഇല്ലാത്തതാണ് പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണമെന്നും അവർ പറഞ്ഞു. നിപ്പ ഏതു നിമിഷവും ലോകത്തെ പിടിച്ചുലച്ചേക്കാം. ഇത് മുൻകൂട്ടികണ്ടുകോണ്ടാണ് അഞ്ചു വർഷങ്ങൾക്ക് മുൻപ് നിപ്പയെ പ്രതിരോധിക്കുവാനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ ഇതുവരെയും അത് എവിടെയും എത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. അടുത്തയിടേ 12 വയസ്സുള്ള ഒരു ബാലൻ നിപ്പ ബാധിച്ച് മരിച്ചത് ശാസ്ത്രലോകം ഗൗരവത്തോടെയാണ് കാണുന്നത്. നിപ്പയ്ക്ക് മറ്റൊരു മഹാമാരിയായി ലോകമെമ്പാടും പടരാൻ ആവുമെന്നും അവർ വിശ്വസിക്കുന്നു.

കോവിഡ് എത്രപെട്ടെന്നാണ് ലോകത്തിലാകമാനം പടർന്നു പിടിച്ചതെന്ന്ഓർക്കണമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. അതുപോലെ നിപ്പയുടെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം എത്തുകയാണെങ്കിൽ മാരകശേഷിയും വ്യാപനശേഷിയും അധികമായുള്ള ആ ഇനം ലോകത്തെ മുച്ചൂടും മുടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.