- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ വൈറസ് സ്ഥിരീകരണത്തിന്റെ ആദ്യ സൂചന;കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനും തീരുമാനിച്ചു; മസ്തിഷ്ക ജ്വരം ആരോഗ്യം വഷളാക്കിയപ്പോൾ പുലർച്ചെ 4.45ന് മരണം; വീട്ടിലേക്കുള്ള റോഡുകൾ അടച്ചു; ചികിൽസിച്ച ആരോഗ്യ പ്രവർത്തകരെ ക്വാറന്റീനിലാക്കും; വീണ്ടും കോഴിക്കോട് നിപ ആശങ്ക
കോഴിക്കോട്: കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി ചികിത്സയിലിരിക്കെ മരിച്ചതോടെ കോഴിക്കോട് അതീവ ജാഗ്രതിയിലേക്ക്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 12 വയസുകാരനാണ് മരിച്ചത്. പനി കുറയാത്തതിനെ തുടർന്ന് നാല് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളാകുകയായിരുന്നു. പുലർച്ചെ 4.45 ഓടെ മരിച്ചു. ഇന്നലെ രാത്രിയാണ് നിപാ പരിശോധനയുടെ ആദ്യ റിപ്പോർട്ട് പൂനാ ലാബിൽ നിന്ന് കിട്ടിയത്. ഇതോടെ തന്നെ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.
അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കോഴിക്കോടെത്തിയാൽ ഉന്നതതല യോഗം ചേരും. ഇതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംഘവും ഇന്ന് കോഴിക്കോടെത്തുന്നുണ്ട്.
കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരേയും നിരീക്ഷണത്തിലാക്കും. സമ്പർക്കപ്പട്ടിക അതിവേഗം തയ്യാറാക്കും. അതിന് ശേഷം ഈ മേഖലയിൽ പനിയുള്ളവരെ എല്ലാം നിരീക്ഷിക്കും.
2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നത്. 2019ൽ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തിൽ നിയന്ത്രണ വിധേയമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ