- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു പേർക്ക് കൂടി രോഗലക്ഷണം; സമ്പർക്കപട്ടികയിലെ 158 പേരിൽ 20 പേർ ഹൈറിസ്ക് വിഭാഗത്തിൽ; ക്വാറന്റൈനും ഐസൊലേഷനും പരമാവധി വേഗത്തിൽ ഒരുക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രം; ക്വാറന്റീനിലുള്ളവരുടെ സ്രവങ്ങൾ എത്രയും വേഗം പരിശോധന നടത്തും; നിപാ ഭീതിയിൽ കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ തയ്യാറാക്കിയ സമ്പർക്ക പട്ടികയിൽ 158 പേർ. അതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ആശങ്കയാണ്. എങ്കിലും പ്രതിരോധം ശക്തമാക്കി രോഗത്തെ നിയന്ത്രിക്കാനാണ് തീരുമാനം.
ആരോഗ്യ മന്ത്രി വീണാ ജോർജ് രാവിലെ കോഴിക്കോട്ടെത്തി. രാവിലെ ഗസ്റ് ഹൗസിൽ യോഗം ചേർന്ന ശേഷം കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. കോഴിക്കോട് നിപ കൺട്രോൾ റൂം കോഴിക്കോട്ടു ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൂടാതെ മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതിനിടെയാണ് രണ്ടു പേരിൽ രോഗ ലക്ഷണം കണ്ടെത്തുന്നത്.
നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കൽ സംഘങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരണപ്പെട്ട കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്.അപ്പോൾത്തന്നെ വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് ശരീരത്തിൽ എത്തിയാൽ നാലു മുതൽ 21 ദിവസം വരെ രോഗ ലക്ഷണം പുറത്തു വരാൻ വേണ്ടി വരും. അതുകൊണ്ട് തന്നെ ഇനിയുള്ള മൂന്നാഴ്ച കേരളത്തിന് നിർണ്ണായകമാണ്.
അതിവേഗ വ്യാപനം ഉണ്ടാകില്ലെന്നത് മാത്രമാണ് ആശ്വാസം. രോഗം പിടികൂടിയാൽ മരണത്തിനുള്ള സാധ്യത കൂടുതലാണ്. മസ്തിഷ്‌കത്തെ ബാധിക്കുമെന്നതാണ് ഇതിന് കാരണം. ഇന്ന് മരിച്ച കുട്ടിയുടെ ജീവനെടുത്തതും മസ്തിഷ്‌ക ജ്വരമാണ്. അതുകൊണ്ട് തന്നെ നിപ്പാ രോഗ ലക്ഷണമുള്ളവരിൽ അതിവേഗ പരിശോധന നടത്തും. കൊച്ചിയിൽ നിപ ബാധിച്ചയാളെ ചികിൽസിച്ച് ഭേദമാക്കിയ ചരിത്രം കേരളത്തിനുണ്ട്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം സ്ഥിരീകരിച്ചതോടെ ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേർ ഹൈ റിസ്‌ക് വിഭാഗത്തിലെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരാണ്. കൂടുതൽ പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് നിപ മരണം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം കേരളത്തിനുമുമ്പാകെ നാലിന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടൻ പരിശോധിക്കാനും കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും നിർദ്ദേശം നൽകിയിരുന്നു. ക്വാറന്റൈനും ഐസൊലേഷനും പരമാവധി വേഗത്തിൽ ഒരുക്കണം. സ്രവങ്ങൾ എത്രയും വേഗം പരിശോധന നടത്തണം. എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.
കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പനിയും ഛർദിയുമായാണ് കുട്ടി ബുധനാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ 104 ഡിഗ്രി പനി ഉണ്ടായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതോടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇന്ന് പുലർച്ചെ 4.45ഓടെയായിരുന്നു കുട്ടിയുടെ മരണം.
കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവായിരുന്നു. വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. അതേസമയം മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.
മറുനാടന് മലയാളി ബ്യൂറോ