കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ മരണം. കോഴിക്കോട്ടെ പന്ത്രണ്ടുകാരന്റെ മരണം നിപാ വൈറസ് മൂലമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മരിച്ച കുട്ടിയുടെ മൂന്ന് സാമ്പിൾ പരിശോധനയും പോസിറ്റീവാണ്. ഇതോടെ കോഴിക്കോട് ജാഗ്രത കർശനമാക്കി. കണ്ണൂരിലും മലപ്പുറത്തും വയനാട്ടിലും കരുതൽ എടുക്കും. കോഴിക്കോടെ മാവൂർ. ചാത്തമംഗലം പഞ്ചായത്തുകൾ നിരീക്ഷണത്തിലാണ്.

ഈ കുട്ടി കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ട് മെഡിക്കൽ കോളേജിലും ചികിൽസയിലായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഈ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരെല്ലാം നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചാൽ 15 ദിവസത്തിന് ശേഷമേ അസുഖം പുറത്തു വരൂ. അതുകൊണ്ടു തന്നെ ഇനിയുള്ള ദിവസങ്ങളിലെ നിരീക്ഷണം നിർണ്ണായകമാണ്. മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിൽ അതീവ ജാഗ്രതയാണ്.

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് രാവിലെയാണ് അറിയിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചത്. ഉടൻ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേർന്നു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ആർക്കും രോഗലക്ഷണങ്ങൾ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് പുണെയിൽ നടത്തിയ ആദ്യ സ്രവ പരിശോധനാഫലത്തിൽ കുട്ടി നിപ പോസിറ്റീവായിരുന്നു. ഇതോടെ തന്നെ കരുതൽ എടുത്തിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്.

പത്യേക മെഡിക്കൽ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നാണു റിപ്പോർട്ട്. മ്പർക്ക ബാധിതരെ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടുകയാണ്. 2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോർട്ട് ചെയ്തത്. ഇരുപതോളം പേർ മരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ വൈറസ് ബാധ ഏറെ ആശങ്ക പരത്തിയിരുന്നു.