- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് മുതൽ 18 ദിവസം വരെ ഇൻകുബേഷൻ പീരിയഡ്; ലക്ഷണം വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം; പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ലക്ഷണങ്ങൾ; അസുഖം വന്ന ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല; നിപ്പയിൽ ഏറ്റവും പ്രധാനം പ്രതിരോധം
കോഴിക്കോ: നിപ പ്രതിരോധത്തിൽ അതിപ്രധാനം ഉറവിടം കണ്ടെത്തൽ. ഇതിനൊപ്പം സമ്പർക്ക പട്ടിക തയ്യാറാക്കലും നിർണ്ണായകമാണ്, സമ്പർക്കപ്പട്ടികയിലെ കരുതലാണ് മുമ്പ് കോഴിക്കോട് രോഗമെത്തിയപ്പോൾ രക്ഷയായത്. കോഴിക്കോട് ചികിൽസയിലുള്ള 12കാരൻ മരിച്ചു. കുട്ടിയുടെ അൽക്കാരും ബന്ധുക്കളുമെല്ലാം ഇപ്പോൾ തന്നെ നിരീക്ഷണത്തിലാണ്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വവ്വാലുകളിൽ നിന്നാണ് മലേഷ്യയിൽ ഈ രോഗം ആരംഭിക്കുന്നത്. വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും പന്നികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പടരാം. മറ്റു രാജ്യങ്ങളിൽ വവ്വാലുകളിൽ നിന്ന് പകർന്ന അസുഖമായതിനാൽ കേരളത്തിലും അങ്ങനെയൊരു സാധ്യത തള്ളിക്കളയാതെയാണ് മുമ്പ് പ്രതിരോധം നടത്തിയത്. അത് വിജയമാകുകയും ചെയ്തു. വൈറസ് ബാധയുള്ള വവ്വാലുകളുടെ സ്രവങ്ങൾ മനുഷ്യന്റെ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകും
സുരക്ഷിത മാർഗ്ഗങ്ങൾ ഇല്ലാതെ രോഗ ബാധിതരെ ചികിൽസിക്കുന്നത് നിപ പകരാൻ കാരണമാകും. രോഗ ബാധിതരുടെ ശരീര സ്രവങ്ങളും അസുഖം പടർത്തും. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അശ്രദ്ധമായി ഉപയോഗിക്കുന്നതും പ്രശ്നമാണ്. സുരക്ഷിതമാർഗ്ഗങ്ങൾ അവലംബിക്കാതെ രോഗികളെ സന്ദർശിക്കാനും പാടില്ല. മൃതശരീരം കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ വേണം.
പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറൽ ഉള്ളതുമായ പഴങ്ങൾ കഴിക്കരുത്. തുറന്നതും മൂടി വയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനിയങ്ങളും ഒഴിവാക്കുക. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഒഴിവാക്കുക. കണറുകൾ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം മറ്റ് ശരീര സ്രവങ്ങൾ വീഴാതെ സൂക്ഷിക്കുക. വായുവിലൂടെ പകരാനുള്ള സാധ്യത കുറവാണെന്നതാണ് നിപയിൽ ആശ്വാസത്തിനുള്ള കാര്യം.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. അഞ്ച് മുതൽ 18 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ.
ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.
മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.
മറുനാടന് മലയാളി ബ്യൂറോ