കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്‌ക് വിഭാഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയർന്നേക്കാം. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. രോഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ നില ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു. നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് പറഞ്ഞു.

അതേസമം സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘവും അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ദ്ധർ കേരളത്തിലെത്തും. കുട്ടി നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുൻപാണ്. നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നില ഗുരുതരമാകുകയും മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. കുട്ടിക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളിൽ നിന്നാണോ അതോ മറ്റാരിൽ നിന്നെങ്കിലും പകർന്നതാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പിച്ച് പറയാൻ അധികൃതർക്കായിട്ടില്ല.

മൃഗസംരക്ഷണ വകുപ്പ് അധികൃതർ പഴൂരിൽ ഇന്ന് പരിശോധന നടത്തും. കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിച്ച് സാമ്പിൾ ശേഖരിക്കും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന പരിശോധിച്ച് കണ്ടെത്തും. നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസുകാരന്റെ രോഗ ഉറവിടം റമ്പൂട്ടാനിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.

നിപ വൈറസ് ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ട്രെയിനിങ് നൽകാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. രോഗിയുമായി അടുത്തിടപെടുന്നതുകൊണ്ടുതന്നെ നിപ വൈറസ് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ആരോ?ഗ്യപ്രവർത്തകർക്കാണ് . ഈ സാധ്യത മുന്നിൽകണ്ട് മുൻകരുതൽ എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പരിശീലനം നൽകും. നിപ രോഗിയെയും കോവിഡ് ബാധിച്ച ആളെയും എങ്ങനെ വേർതിരിച്ചറിയും എന്നത് സംബന്ധിച്ചും പരിശീലനം നൽകുമെന്ന് മന്ത്രി അറിയിച്ചു.