കോഴിക്കോട്: വവ്വാലിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് നിപ്പാ വൈറസ് എത്തില്ല? 2018 ൽ ചങ്ങരോത്ത് സൂപ്പിക്കടയിൽ നിപ്പ സ്ഥിരീകരിച്ച സംഭവത്തിൽ എങ്ങനെയാണ് വവ്വാലിൽനിന്നു വൈറസ് മനുഷ്യരിലെത്തിയത്? എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഇത് തന്നെയാണ് കോഴിക്കോട്ടെ നിപ്പയുടെ രണ്ടാം വരവിലും സംഭിക്കുന്നത്. ഉറവിടം കണ്ടെത്തിയില്ലെങ്കിൽ ഈ രോഗം ഇനിയും മലയാളിയെ വിഷമിപ്പിക്കാൻ എത്തുമെന്ന വിലയിരുത്തൽ സജീവമാണ്.

പഴംതീനി വവ്വാലുകളിൽ നിന്നാണു നിപ്പ വൈറസ് മനുഷ്യരിലേക്കു പടർന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം 2018 ജൂലൈയിൽ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച സാലിഹിന് നിപ്പയാണോ എന്ന സംശയത്തെത്തുടർന്നാണ് പരിശോധനകൾ തുടങ്ങിയത്. എന്നാൽ, സാലിഹിന്റെ സഹോദരൻ സാബിത്ത് നിപ്പ ലക്ഷണങ്ങളോടെ നേരത്തേ മരിച്ചിരുന്നു. സാബിത്തിന് എവിടെനിന്നാണു രോഗം ബാധിച്ചത് എന്നു കണ്ടെത്താൻ കഴിയാഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വൈറസ് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നു തിരിച്ചറിയാൻ തടസ്സമായത്.

അന്ന് ആദ്യം 21 വവ്വാലുകളെ പിടിച്ച് പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്താനായില്ല. പിന്നീട് 50 വവ്വാലുകളെ പരിശോധനയ്ക്ക് അയച്ചതിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നിപ്പ വീണ്ടും ബാധിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും ആശുപത്രികൾ ജാഗ്രത പാലിക്കണമെന്നും മസ്തിഷ്‌കജ്വരം ബാധിച്ചു ചികിത്സ തേടുന്നവരെ നിരീക്ഷിക്കണമെന്നും മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകർ, ഫീൽഡ്തല പ്രവർത്തകർ, സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ എന്നിവർക്കു വിദഗ്ധ പരിശീലനം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആദ്യ കേസിൽ വവ്വാൽ കടിച്ച പഴം കഴിച്ചതുകൊണ്ടാവാം വൈറസ് ബാധയുണ്ടായതെന്ന നിഗമനം മാത്രമാണുള്ളത്. ഉറവിടം കണ്ടെത്താൻ വിദഗ്ധരുടെ സഹായത്തോടെ വിശദമായ എപ്പിഡെമിയോളജി (സാംക്രമിക രോഗ വിജ്ഞാനീയം) പഠനം നടത്തണമെന്ന് അന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ശുപാർശ ചെയ്തിരുന്നു.പക്ഷേ, ആദ്യഘട്ടത്തിൽ ഐ.സി.എം.ആർ. പഠനം നടത്തിയെങ്കിലും ഉറവിടത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിലേക്കു പോയില്ല. അതിനിടെ നിപ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ഊർജിതശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങൾ എന്നിവയുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ വേഗത്തിൽ കൈമാറാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറസ് ഉറവിടത്തെക്കുറിച്ച് വീണ്ടും വിശദപഠനം നടത്താൻ ഐ.സി.എം.ആറിന്റെ നിർദ്ദേശം ലഭിച്ചതായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി. സുഗുണൻ പറഞ്ഞു. പേരാമ്പ്രയിലെ പഠനത്തിലും ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. അതുകൂടി പഠിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.