ചെന്നൈ: കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ. വടക്കൻ ജില്ലകളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവർ വാളയാർ ഉൾപ്പടെയുള്ള ചെക്പോസ്റ്റുകളിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയരാകണം.രണ്ട് വാക്‌സിനെടുത്തതിന്റെ സാക്ഷ്യപത്രം ഉൾപ്പടെയുള്ള രേഖകൾ കൈവശമില്ലെങ്കിൽ യാത്രക്കാരെ മടക്കി അയയ്ക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് കോയമ്പത്തൂർ കലക്ടർ ഡോ ജി എസ് സമീരൻ പറഞ്ഞു.

നിപയുടെ തീവ്രത കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് തമിഴ്‌നാടിന്റെ തീരുമാനം.കേരളത്തിൽ നിന്ന് എത്തിയ തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങളുൾപ്പടെ വാളയാറിൽ നിന്ന് തിരിച്ചയച്ചു. പരിശോധനയ്ക്കായി കൂടുതൽ ഉദ്യോഗസ്ഥരെ അതിർത്തിയിൽ നിയോഗിച്ചിട്ടുണ്ട്. താപപരിശോധന നടത്തുന്നുണ്ട്.