കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ചാത്തമംഗലത്ത് പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിലാണ് നിപയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് നിപവൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി കണ്ടെത്തിയതിനാൽ തന്നെ ഇവയുടെ ശരീരത്തിൽ നിപ വൈറസ് ഉണ്ടായിരുന്നു എന്ന് ഉറപ്പാക്കാനാവും. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

അതേസമയം കൂടുതൽ പഠനം ആവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് മൂന്ന് പ്രാവശ്യം പ്രത്യക്ഷപ്പെട്ട നിപയുടെ ഉറവിടത്തിലേക്കുള്ള സൂചന ലഭിച്ചിരിക്കുകയാണ്. മൂന്ന് വർഷം മുൻപ് പേരാമ്പ്രയിലാണ് ആദ്യം നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ അന്ന് നടത്തിയ പരിശോധനകളിലൊന്നും വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി കേന്ദ്ര സംഘം വിവിധയിടങ്ങളിൽ നിന്നുള്ള പഴവർഗങ്ങൾക്കു പുറമെ വവ്വാൽ, കാട്ടുപന്നി, ആട് എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിരുന്നു. ഇതിൽ നടത്തിയ പരിശോധനയിലാണ് നിപ സാന്നിദ്ധ്യം വവ്വാലുകളിലുണ്ടെന്ന് സ്ഥിരീകരിച്ചത്.

അതേസമയം കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ചിരുന്ന ഐസൊലേഷൻ വാർഡ് തീർത്തും ഒഴിഞ്ഞു. എങ്കിലും വാർഡ് അടച്ചുപൂട്ടിയിട്ടില്ല. അവസാനമായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് 42 ദിവസം കഴിഞ്ഞാൽ മാത്രമെ മേഖല രോഗമുക്തമെന്ന് പ്രഖ്യാപിക്കാനാവൂ. കണ്ടെയ്ന്മെന്റ് സോൺ നീക്കിയതോടെ ചാത്തമംഗലത്തും പരിസരങ്ങളിലും ഇപ്പോൾ പ്രത്യേകിച്ച് നിയന്ത്രണങ്ങളുമില്ല. ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 164 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഒരാൾക്കു പോലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാൻ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകൾ ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരിൽ അതി സങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകൾ

കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല.