- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാഹിതവിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവും; അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ അച്ഛനും അമ്മയും നിരീക്ഷണത്തിൽ; വീട്ടിലേക്കുള്ള റോഡുകൾ എല്ലാം അടച്ചു; വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സാധ്യത; മന്ത്രി കോഴിക്കോട്ടേക്ക്; കേരളത്തിൽ വീണ്ടും നിപ്പ?
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് സൂചന. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരനിലാണു നിപ്പ ബാധ എന്നാണ് റിപ്പോർട്ട്. നാലു ദിവസം മുൻപാണ് നിപ്പ രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പനി ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ സ്രവപരിശോധനയ്ക്കുള്ള ആദ്യ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇന്നലെ രാത്രി സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി എന്നാണു സൂചന. ഇത് നിപ്പ സ്ഥിരീകരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചികിൽസയിലുള്ള കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
രണ്ടു സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയയ്ക്കും. ഇതിലും രോഗബാധ സ്ഥിരീകരിച്ചാൽ മാത്രമേ ആശങ്കയ്ക്കിടയുള്ളൂയെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഞായറാഴ്ച പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രമെഡിക്കൽ സംഘവും കോഴിക്കോട്ട് എത്തും. ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.
അത്യാഹിതവിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവുമുണ്ട്. അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് ഞായറാഴ്ച കോഴിക്കോട്ടെത്തും. കുട്ടിയുടെ രക്ഷിതാക്കൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചു.
ചികിൽസ തേടുന്നതിനു മുൻപ് 12 വയസ്സുകാരൻ മറ്റ് രണ്ടു ആശുപത്രികളിലും ചികിൽസ തേടിയിരുന്നു. സമ്പർക്ക ബാധിതരെ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടി വരുന്നു. അതീവ ഗുരുതര സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. കോവിഡിലെ ഭീഷണിക്കിടെയാണ് നിപാ സംശയവും. അതിവേഗ വ്യാപനവും മരണ നിരക്കും ഏറെ കൂടുതലാണ് നിപയ്ക്ക്. അതുകൊണ്ട് തന്നെ ജാഗ്രത കർശനമാക്കും.
2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോർട്ട് ചെയ്തത്. ഇരുപതോളം പേർ മരിച്ചു. 18 പേരാണ് അന്ന് വൈറസ് ബാധയേറ്റ് മരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ വൈറസ് ബാധ ഏറെ ആശങ്ക പരത്തിയിരുന്നു.
ആരോഗ്യ പ്രവർത്തകരുടെ ഊർജിത പ്രവർത്തനത്തിലൂടെ ജൂൺ 30 നാണ് മലപ്പുറം കോഴിക്കോട് ജില്ലകളെ നിപ്പമുക്തമായി പ്രഖ്യാപിച്ചത്. 2019 ൽ കൊച്ചിയിലും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും അത് വലിയൊരു പ്രതിസന്ധിയായി മാറിയിരുന്നില്ല. വവ്വലുകളാണ് നിപ്പ രോഗം പരത്തുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ