- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ; മരണ നിരക്കും ഏറെ കൂടുതൽ; കോഴിക്കോട്ടും കൊച്ചിയിലും വൈറസ് എത്തിയപ്പോൾ ചെറുത്ത് തോൽപ്പിക്കാൻ സ്വീകരിച്ചത് കർശന പ്രോട്ടോകോൾ; നിപ പ്രതിരോധത്തിന് വീണ്ടും അനിവാര്യതയായി പഴയ കേരളാ മോഡൽ
കോഴിക്കോട്: കോവിഡിന്റെ നാലിരട്ടി ഭീഷണിയുള്ള വൈറസാണ് നിപ്പ. കോഴിക്കോട് വീണ്ടും നിപ്പയുടെ സംശയമെത്തുമ്പോൾ ആശങ്കയാകുന്നതും പഴയ ഓർമ്മകളാണ്. വൈറസ് ബാധിക്കുന്നവരിൽ എൺപതു ശതമാനവും മരണത്തിന് കീഴടങ്ങുമെന്നതാണ് നിപ്പയെ ഭീകര വൈറസാക്കുന്നത്.
ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിലുള്ള, മരണനിരക്ക് ഏറ്റവും കൂടുതലുള്ള രോഗം. കേരളത്തിൽ റിപ്പോർട്ട് ചെയ്ത സമയത്തുതന്നെ 17 പേരുടെ ജീവനെടുത്ത വൈറസ്. അതുകൊണ്ടാണ് കോഴിക്കോട് വീണ്ടും രോഗമെത്തിയെന്ന റിപ്പോർട്ടുകൾ ഗൗരവതരമാകുന്നത്. ഇന്ന് 12കാരൻ മരിച്ചത് നിപ മൂലമാണെന്ന് ഉറപ്പിച്ചാൽ അത് ഭീതി കൂട്ടും.
2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നത്. 2019ൽ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തിൽ നിയന്ത്രണ വിധേയമായിരുന്നു. വവ്വലുകളാണ് നിപ്പ രോഗം പരത്തുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
പാതുജനാരോഗ്യ രംഗത്ത് യു.എൻ. അംഗീകാരം വരെ നേടിയതാണ് നിപ്പയിലെ 'കേരള മോഡൽ'. 2018-ൽ കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത 'നിപ' എന്ന മഹാവ്യാധി 2019-ൽ എറാണാകുളത്തെ പറവൂരിലേക്ക് എത്തിയപ്പോഴേക്കും നിപ പ്രതിരോധത്തിൽ കേരളം ഏറെ മുന്നോട്ടുപോയിരുന്നു. ഇതാണ് ഈ ഘട്ടത്തിലും കേരളത്തിന്റെ ആശ്വാസം.
കൊച്ചിയിൽ അപകടകാരിയായ വൈറസിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പേ പഴുതടച്ച ക്രമീകരണങ്ങളുമായി കൊച്ചി മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ആരോഗ്യ-സന്നദ്ധസേവാ പ്രവർത്തകരും രംഗത്തിറങ്ങിയിരുന്നു. ഇത് വീണ്ടും കോഴിക്കോട് ആവർത്തിക്കും. അങ്ങനെ നിപ്പാ സംശയത്തെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ.
കൊച്ചിയിൽ നിപ്പ എത്തിയപ്പോൾ തന്നെ മലയാളി കരുതലോടെ അതിനെ നേരിട്ടു. എന്നാൽ ഇന്ന് കോവിഡ് എന്ന ഭീഷണി കേരളത്തിന് മുന്നിലുണ്ട്. അതിനൊപ്പം നിപ്പ എത്തുമ്പോൾ പാളുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യതയും. 2018 ജൂൺ അഞ്ചിനാണ് നിപ ഭീതിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകൾ അടച്ചുപൂട്ടിയത്. പേരാമ്പ്രയിലെ സൂപ്പിക്കട പലതരത്തിലും ഒറ്റപ്പെട്ടു.
ജനങ്ങൾ വീടുപേക്ഷിച്ച് പോയി. കൊച്ചിയിൽ ഭീതിയുടെ അത്തരമൊരു സാഹചര്യം ഒഴിവാക്കി. 'ഭീതിയല്ല, അതിജാഗ്രതയാണ്' വേണ്ടതെന്ന തിരിച്ചറിവിൽ ഉദ്യോഗസ്ഥർ നീങ്ങി. ഇതേ രീതിയാകും ഇനി എടുക്കുക. നിപയെ നേരിട്ട കോഴിക്കോടിന്റെ വിജയമാതൃകയാണ് കൊച്ചിയിലും പ്രാവർത്തികമാക്കിയത്. പേരാമ്പ്രയിൽ രോഗം പരത്തിയ ആദ്യരോഗിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിപ രോഗവ്യാപനം കൂടുന്നത്, ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലേക്ക് വരുമ്പോഴാണ്. ചുമയും ശ്വാസംമുട്ടലും വരുന്ന ആ രോഗിയിൽ നിന്നാണ് കൂടുതൽ പ്രസരണം നടക്കുന്നത്.
കോഴിക്കോട് പേരാമ്പ്രയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു കുടുംബം മാത്രമല്ല, ഒരു നാട് തന്നെയും ഒറ്റപ്പെട്ടിരുന്നു. നിപയെ നേരിടാൻ സംസ്ഥാന ആരോഗ്യ വകുപ്പിന് വഴികാട്ടിയത് നിപയെക്കുറിച്ച് പരിചയമുള്ള ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ.). ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ.) നൽകിയ 'ചികിത്സാ പ്രോട്ടോക്കോൾ'ആയിരുന്നു. കേന്ദ്ര സംഘങ്ങളുടെ വരവോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി.
'വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനേക്കാൾ പ്രധാനം രോഗം പടരുന്നത് തടയുകയാണ്' എന്നതാണ് നിപ്പയിൽ പ്രധാനം. നിപയുടെ യഥാർഥ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. പറവൂരിൽ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ച 'പഴംതീനി വവ്വാലു'കളിൽ 16 എണ്ണത്തിൽ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര സംഘം കണ്ടെത്തിയിരുന്നു. കോഴിക്കോട്ടും ഇതു തന്നെയായിരുന്നു നിഗമനം.
എന്നാൽ, വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എങ്ങനെ എത്തിയെന്നതിന് കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പേരാമ്പ്രയിൽ നിപ ബാധിച്ചത് പഴംതീനി വവ്വാലുകളിൽ നിന്നാണെന്ന് സ്ഥീരികരിച്ചെങ്കിലും ആ രീതിയിലുള്ള പഠനങ്ങളൊന്നുംതന്നെ കാര്യമായി മുന്നോട്ടുപോയില്ല.
മറുനാടന് മലയാളി ബ്യൂറോ