മലപ്പുറം: സർക്കാർ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ഒരുക്കത്തിലാണ് ഒരു ഗ്രാമവാസികൾ ഒന്നടങ്കം. മലപ്പുറം ജില്ലയിലെ തീരപ്രദേസമായ താനൂർ നിറമരുതൂർ നിവാസികളാണ് പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമായ നിറമരുതൂർ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഒരുങ്ങുന്നത്. തൊട്ടടുത്ത ജില്ലയായ കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് സ്‌കൂളിൽ പ്രദീപ് കുമാർ എംഎ‍ൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വിജയകരമായി പൂർത്തീകരിച്ച പദ്ധതിയാണ് നിറമരുതൂർ സ്‌കൂളിന് പ്രചോദനമായിരിക്കുന്നത്. ഇവിടെ നാട്ടുകാരും ജനപ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും ഒരുമിച്ചപ്പോൾ സർക്കാൾ സ്‌കൂളുകളുടെ പതിവ് രീതി തെറ്റിച്ചിരിക്കുകയാണ്.

പദ്ധതിയുടെ പൂർത്തീകരണത്തിനായി ഇരുപത് കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. എംപി, എം.ൽ.എ, ജില്ലാപഞ്ചായത്ത്, എസ്.എസ്.എ, മാനവ വിഭവശേഷി മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നായി അറുപത് ശതമാനവും ബാക്കി നാൽപത് ശതമാനം തുക വിദ്യാഭ്യാസ പ്രേമികൾ, വ്യവസായികൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നുമാണ് കണക്കാക്കുന്നത്. നടക്കാവ് സ്‌കൂളിൽ പ്രിസം പദ്ധതിയുടെ ഏറിയ പങ്കും വഹിച്ച പ്രമുഖ വ്യവസായി ഫൈസൽ ആൻഡ് ശബാന ഗ്രൂപ്പും നിറമരുതൂർ സ്‌കൂളുമായി സഹകരിക്കുന്നുണ്ട്.

സ്‌കൂളിന്റെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്വത്തോടൊപ്പം തന്നെ സ്‌കൂളിന്റെ അംബാസിഡറായി സിനിമാതാരം മുകേഷും രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി ജനകീയമാക്കുന്നതിന്റെ ഭാഗമായി ഒമ്പത് പതിറ്റാണ്ട് കാലത്തെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം ഒക്‌ടോബർ 25ന് നടന്നിരുന്നു. ഒരു വട്ടം കൂടി എന്ന പേരിൽ നടത്തിയ സംഗമത്തിൽ നടൻ മുകേഷ് പങ്കെടുത്തിരുന്നു. പൂർവ്വ വിദ്യാർത്ഥികൾ മാത്രം ഒരുകോടിയോളം രൂപ പദ്ധതിക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജാതി വ്യവസ്തയും അയിത്തവും തീണ്ടായ്മയും നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജതിക്കാർക്ക് പള്ളിക്കൂടത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ സ്വാതന്ത്ര സമര സേനാനിയായിരുന്ന മങ്ങാട്ട് കുട്ടികൃഷ്ണൻ നായരായിരുന്നു 1922ൽ സ്വന്തം ഭൂമി നൽകി പ്രസ്ഥുത വിദ്യാലയത്തിന് തുടക്കമിട്ടത്. പിന്നീട് ഘട്ടം ഘട്ടമായി അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു. മൂന്ന് ഏക്കർ വിസ്തൃതിയിലുള്ള സ്ഥാപനത്തിന്റെ അക്കാദമികവും ഭൗതികവുമായ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 84 ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തീകരിച്ച് ഘട്ടം ഘട്ടമായി സ്മാർട്ട് ക്ലാസ് മുറിയാക്കൽ, ഏഴ് പുതിയ ഐ.ടി, സയൻസ് ലാബുകൾ സ്ഥാപിക്കൽ, എൽ.പി,യു.പി.ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി ഓരോ ലൈബ്രറികൾ വീതം സ്ഥാപിക്കൽ, നൂറ് ശുചി മുറികളുടെ നിർമ്മാണം പൂർത്തിയാക്കൽ തുടങ്ങിയ പ്രവർത്തികൽ ആദ്യ ഘട്ടത്തിൽ പൂർത്തീകരിക്കും.

ഇതോടൊപ്പം അക്കാദമികവും തൊഴിൽ പരവുമായ വിവിധ പദ്ധതികൾക്ക് തുടക്കമിടുന്നുണ്ട്. തയ്യൽ,ക്രാഫ്റ്റ്, വയറിംങ്, പ്ലംമ്പിംങ് തുടങ്ങി പത്ത് തരങ്ങളിലുള്ള കൈതൊഴിൽ പരിശീലനം, എൻട്രൻസ് കോച്ചിംങുകൾ, കൂടാതെ ഈ വർഷം പത്താം തരത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കായി കരിപ്പൂർ മുതൽ തിരുവനന്തപുരം വരെ സൗജന്യ വിമാന യാത്രയും അടുത്തവർഷം മുതൽ ഈ ഓഫർ ദൂബായിലേക്കും ആയിരിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

പഠനത്തോടൊപ്പം തൊഴിൽ പരിശീലനം, സ്മാർട്ട് ക്ലാസ് മുറികൾ, ഡിജിറ്റൽ ലാബ്, ലൈബ്രറി, ആധുനിക ശുചിമുറികൾ, പ്രത്യേക കായിക പരിശീലനങ്ങൾ, വിവിധ കായിക ഇനങ്ങൾക്കായി പ്രത്യേകം കോർട്ടുകൾ തുടങ്ങിയ സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സ്ഥലം എംപി ഇ.ടി മുഹമ്മദ് ബഷീർ, താനൂർ എംഎ‍ൽഎ അബ്ദുറഹിമാൻ രണ്ടത്താണി, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സിദ്ധീഖ്, സ്‌കൂൾ ഹെഡ്‌മാസ്റ്റർ വി സി ഗോപാലകൃഷ്ണൻ, പ്രിൻലിപ്പൽ എൻ.പി മുഹമ്മദ് ബഷീർ, അദ്ധ്യാപകനായ ഐ.സുനിൽ, പി.ടി.എ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി പദ്ധതിയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി നലവിൽ വന്നിട്ടുണ്ട്.

പദ്ധതി പൂർത്തിയാകുന്നതോടെ സർക്കാർ വിദ്യാലയങ്ങൾക്ക് തന്നെ മാതൃകയായി മാറും നിറമരുതൂർ ഗവൺമെന്റ് ഹയർസെക്കണ്ടറിയും. രണ്ട് വർഷത്തിനകം സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് സംഘാടകർ മറുനാടൻ മലയോളിയോട് പറഞ്ഞു. അഞ്ച് വർഷമാണ് പദ്ധതി പൂർത്തിയാക്കാനായി കണക്കാക്കുന്നത്.