ന്യൂഡൽഹി: ക്രൈസ്തവരും മുസ്ലിംങ്ങളും രാമന്റെ മക്കളാണെന്നും, ഇതിൽ വിശ്വസിക്കാത്തവർക്ക് ഇന്ത്യ വിടാമെന്നുമുള്ള വിവാദ പ്രസ്താവന നടത്തി മാദ്ധ്യമങ്ങളിൽ നിറഞ്ഞ കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതി അയോധ്യാകലാപകാലത്ത് വർഗീയവിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളും പ്രവൃത്തികളും നടത്തിയ നേതാവാണെന്ന് റിപ്പോർട്ട്. എൺപതുകളിൽ വർഗീയപരാമർശങ്ങൾ നിറഞ്ഞ പ്രസംഗങ്ങളാൽ ഇവർ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സന്യാസിനിമാരായ ഉമാഭാരതിയുടെയും ഋതംബരയുടെയും പിൻഗാമിയായി അറിയപ്പെട്ട ചരിത്രമാണ് നിരഞ്ജൻ ജ്യോതിക്കുള്ളത്. മാവൈധാമിലെ ഫത്തേപ്പൂർ ആശ്രമത്തിലെ സ്വാമി പരമാനന്ദ് ഗിരിയുടെ മൂന്ന് ശിഷ്യകളായിരുന്നു ഈ ത്രിമൂർത്തികൾ.

പരമാനന്ദ് വിശ്വഹിന്ദുപരിഷത്ത് മാർഗദർശക് മണ്ഡലിന്റെ വൈസ്പ്രസിഡന്റായപ്പോൾ തീപാറുന്ന വർഗീയപ്രസംഗങ്ങൾ നടത്തുന്ന ഈ ശിഷ്യകളെ അദ്ദേഹം ബിജെപിയിൽ പ്രവർത്തിക്കാൻ അയക്കുകയായിരുന്നു. ബിജെപിയിലെ മതാധിഷ്ഠിത പ്രവർത്തനം ആളിക്കത്തിച്ച് അത്തരം പ്രശ്‌നങ്ങൾ ലൈവാക്കി നിലനിർത്തുകയായിരുന്നു ഇവരുടെ ചുമതല. തുടർന്ന് ഋതംബര ആർഎസ്എസിന്റെ ഒരു വിംഗായ ദുർഗാവാഹിനി സ്ഥാപിക്കുകയും രാഷ്ട്രീയപ്രവർത്തനം തനിക്ക് യോജിക്കില്ലെന്ന് തിരിച്ചറിഞ്ഞ് മതപരമായ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു.

എന്നാൽ ഉമാഭാരതി ബിജെപിയിൽ തുടരുകയും കേന്ദ്രമന്ത്രിയും മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയുമാവുകയും ചെയ്തു. ഇപ്പോൾ ഉമാഭാരതി മോദി മന്ത്രിസഭയിൽ ജലവിഭവവകുപ്പ് മന്ത്രിയാണ്. എന്നാൽ 47കാരിയായ നിരഞ്ജനെത്തേടി വിജയം വൈകിമാത്രമെ എത്തിയുള്ളൂ. ത്രിമൂർത്തിമാരായ സന്യാസിനിമാരിൽ ഏറ്റവും പ്രായം കുറവ് ഇവർക്കായിരുന്നു. എന്നാൽ പ്രസംഗങ്ങളിൽ കൂടുതൽ വർഗീയവിഷം ചീറ്റിയിരുന്നതും നിരഞ്ജനായിരുന്നു. 2012ൽ തന്റെ ഹോംടൗണായ ഹമിർപൂരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് അവർ യുപിയിലെ രണ്ട് അസംബ്‌ളി തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയമടഞ്ഞിരുന്നു.

അവരുടെ കഴിവ് തിരിച്ചറിഞ്ഞ ബിജെപി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിരഞ്ജന് ഫത്തേപ്പൂർ സീറ്റ് നൽകുകയും അവർ അവിടെ വിജയിക്കുകയുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന 60 ൽപരം യോഗങ്ങളിൽ അവർ തന്റെ വർഗീയനിലപാടുകൾ വ്യക്തമാക്കുന്ന പ്രസംഗങ്ങൾ നടത്തിയിരുന്നു. രാമന്റെ മക്കളുടെ സർക്കാർ വേണമോ അങ്ങനെയല്ലാത്തവരുടെ അഥവാ ഹറാംസദക്കാരുടെ സർക്കാർ വേണമോ എന്ന് വോട്ടർമാർക്ക് തീരുമാനിക്കാമെന്നായിരുന്നു അവർ പറഞ്ഞത്. തനിക്ക് മുസ്ലീങ്ങളുടെ വോട്ടുകൾ വേണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. റാംസദ ഹറാംസദ പ്രസംഗമാണിവരുടെ ട്രേഡ്മാർക്ക്.

ഹാമിർപൂർ ജില്ലയിലെ സുമെർപുരിലുള്ള പറ്റ്‌വാരരാമേദി ഗ്രാമത്തിലാണ് നിരഞ്ജൻ ജനിച്ചത്. മതപരമായ ചടങ്ങിൽ വച്ച് അവർ കുട്ടിക്കാലത്ത് രാമായണം വായിക്കുന്നത് അവിടുത്തെ സന്യാസിയായ സ്വാമി അച്ചുതാനന്ദിന്റെ ശ്രദ്ധയിൽ പെടുകയും അവരെ ദീക്ഷയെടുക്കാൻ ക്ഷണിക്കുകയുമായിരുന്നു. എന്നാൽ അപ്പോൾ അവർ അതിലൊരു തീരുമാനമെടുത്തില്ല. തുടർന്ന് തന്റെ ഇൻർമീഡിയറ്റിന് ശേഷം നിരഞ്ജൻ സ്വാമി അച്ചുതാനന്ദിന്റെ അടുത്തെത്തുകയും മുഴുവൻ സമയം കഥാവചകായിത്തീരുകയുമായിരുന്നു.

അച്യുതാനന്ദിന്റെ മരണശേഷമാണ് അവർ പരമാനന്ദിന്റെ ആശ്രമത്തിലെത്തുന്നത്. തുടർന്ന് കാൺപൂരിലെ മുസാനഗറിൽ സ്വന്തം ആശ്രമം പണിതുയർത്തുകയും ചെയ്തു. നിരഞ്ജന്റെ വർഗീയമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി മോദി രംഗത്തെത്തിയിട്ടുണ്ടെങ്കിലും നിരഞ്ജൻ ഉയർത്തിയ വർഗീയ പരാമർശത്തിന്റെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.