- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാങ്ക് തട്ടിപ്പ് കേസ്: നീരവ് മോദിക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരായ ഹർജിക്കുള്ള അപേക്ഷ തള്ളി യു കെ കോടതി
ലണ്ടൻ: ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ പി.എൻ.ബി തട്ടിപ്പുകേസിലെ പ്രതി നീരവ് മോദി അപ്പീൽ നൽകുന്നതിനായി സമർപ്പിച്ച അപേക്ഷ തള്ളി യു.കെയിലെ ഹൈക്കോടതി. ലണ്ടൻ ഹൈക്കോടതിയിൽ കഴിഞ്ഞ മാസമാണ് നീരവ് അപേക്ഷ നൽകിയത്. ഹൈക്കോടതി അത് നിരസിച്ചുവെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ജാമ്യംതേടി നിരവധി തവണ അപേക്ഷ സമർപ്പിച്ചുവെങ്കിലും അവയെല്ലാം വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയും ലണ്ടൻ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.
ഇനി അഞ്ച് ദിവസത്തിനകം നീരവിന് വീണ്ടും അപേക്ഷ നൽകാം. പുതിയ അപേക്ഷയും ഹൈക്കോടതി ജഡ്ജിയുടെ പരിഗണനയ്ക്ക് വരും. നീരവ് മോദി വീണ്ടും അപേക്ഷ നൽകുമെന്ന് പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
50 വയസുള്ള വിവാദ വജ്രവ്യാപാരിയെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിഞ്ഞ ഏപ്രിൽ 15 ന് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഉത്തരവിട്ടിരുന്നു. 2019 മാർച്ച് 19ന് ലണ്ടനിൽനിന്ന് അറസ്റ്റിലായതിന് ശേഷം അവിടുത്തെ വാൻഡ്സ്വർത്ത് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ് നീരവിനെ.
14,000 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദി 2018 ജനുവരി ഒന്നിനാണ് ഇന്ത്യയിൽനിന്ന് കടന്നത്. നീരവിനെതിരെ വിചാരണ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2018 ന് ജൂണിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. യു.കെ പൊലീസാണ് പിന്നീട് നീരവിനെ അറസ്റ്റു ചെയ്തത്.
ന്യൂസ് ഡെസ്ക്