തിരുവനന്തപുരം: അടുത്തകാലത്തായി പുറത്തുവന്ന വാർത്തകൾ പരിശോധിച്ചാൽ തോന്നുക കോടികൾക്കൊന്നും യാതൊരു വിലയുമില്ലേ എന്നാണ്. അത്രയും വലിയ സംഖ്യയാണ് ഓരോ വമ്പൻ മുതലാളിമാരും ലോണെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങുന്നത്. ഏറ്റവും ഒടുവിൽ നമ്മൾ കേട്ട വാർത്ത നീരവ് മോദിയുടെയും റോട്ടോമാക്‌സ് പേന ഉടമ വിക്രം കോത്തരിയുടെയും കോടികളുടെ തട്ടിപ്പാണ്. കോടികൾ എന്നു പറഞ്ഞാൽ വെറും ഒന്നും രണ്ടും കോടിയുടെ തട്ടിപ്പല്ല. ആയിരക്കണക്കിന് കോടികൾ. ശരിക്കും പറഞ്ഞാൽ നീരവ് മോദിയുടേത് 14000 കോടി രൂപയുടെ വെട്ടിപ്പാണ്. വിക്രം കോത്തേരിയുടേത് 3500 കോടിയും കവിയും. വിജയ് മല്യ തട്ടിച്ചു കൊണ്ടുപോയ 9000 കോടിയുടെ ബാങ്ക് വെട്ടിപ്പിന് പിന്നാലെയാണ് ഈ ഭീമമായ തട്ടിപ്പിന്റെ വാർത്തകളും പുറത്തുവന്നത്.

പണം അടിച്ചു മാറ്റവരൊക്കെ ഇന്ത്യയുടെ സൗഹൃദ രാഷ്ട്രത്തിലൊക്കെ പോയി സുഖമായി കഴിയുന്നു. വിജയ് മല്യ എങ്ങനെയാണ് പണം ധൂർത്തടിച്ചതെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ് രാഷ്ട്രീയക്കാരെ ഒപ്പം കൂട്ടി പണത്തിന്റെ ബലത്തിലാണ് മല്യ വാഴുന്നത്. എംപിയായിരുന്ന വ്യക്തിയ കൊട്ടാര സദൃശ്യമായ വീട്ടിൽ കഴിയുകയാണ് മല്യ. ബ്രിട്ടനിൽ ഒരു കേസ് വാദിക്കാൻ തന്നെ വൻ ചെലവാണ്. മല്യ ആകട്ടെ മിനിറ്റിന് കോടികൾ വിലയുള്ള അഭിഭാഷകരെ ഇറക്കി ബാങ്കിൽ നിന്നും മോഷ്ടിച്ച പണം കൊണ്ട് കേസ് വാദിക്കുന്നു. സർക്കാർ ഇവിടെയും നോക്കു കുത്തിയായിരിക്കയാണ്.

മറുവശത്ത് നിരവ് മോദിയാകട്ടെ ന്യൂയോർക്കിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ സുഖജീവിതം നയിക്കുകയാണ്. കോത്താരിയുടെ കാര്യത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്. പതിനാലായിരം കോടി രൂപായാണ് ബാങ്കുകൾക്ക് ബജറ്റിൽ ഉൾപ്പെടുത്തി നൽകിയത്. അതായത് ഇവിടുത്തെ നികുതി പണമാണ് നൽകിയതെന്ന് വ്യക്തം. കിട്ടാക്കടം വലിയ നഷ്ടമായി മാറിയപ്പോഴാണ് ഈ പണം നൽകിയത്. കിട്ടാക്കടം കാണിച്ച് നഷ്ടം കാണിച്ചാൽ വലിയ ആഘാതമുണ്ടാകും. ഇന്ത്യൻ നാണയത്തിന്റെ മൂല്യം കുറയും. ഇങ്ങനെ നിരവധി പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് ശതകോടികൾ സർക്കാർ ബാങ്കുകൾക്ക് നൽകുന്നത്.

രണ്ട് ലക്ഷത്തി പതിനാറായിരം കോടിയാണ് ഇങ്ങനെ നൽകിയത്. എന്താണ് ഈ കിട്ടാക്കടം എന്ന് പരിശോധിക്കുമ്പോൾ ഇന്ത്യയിലെ അതിസമ്പന്നർ വ്യാജ അസറ്റുകൾ സമർപ്പിച്ച് അടി്ച്ചു മാറ്റി സുഖജീവിതം നയിക്കുന്നതിന്റെ ചെലവാണ്. ഈ പണം കടം എടുക്കുമ്പോൾ തന്നെ അറിയാം പണം തിരിച്ചു കിട്ടാൻ പോകുന്നില്ലെന്ന്. എന്നാൽ, സർക്കാർ പണം അടിച്ചുമാറ്റാനുള്ള കുറുക്കുവഴിയായി ഇത് മാറുകയാണ്. ഇതിന്റെ ഒരു പങ്ക് നമ്മുടെ രാഷ്ട്രീയക്കാർക്കും ലഭിക്കുന്നുണ്ട് എന്നതാണ് യാഥാർതഥ്യം. ഈ അഴിമതി ടു ജി സ്‌പെക്ട്രത്തെയും മറികടക്കുന്നതാണ്. ഈ അഴിമതി തടയാൻ രാഷ്ട്രീയക്കാർക്ക് സാധിക്കാറില്ലെന്നതാണ് വാസ്തവം. ഒരു സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് പിഴ ഈടാക്കുമ്പോഴാണ് കോടാനു കോടികൾ അടിച്ചുമാറ്റി നീരവ് മോദിമാരും മല്യമാരും വിലസുന്നത് എന്നത് രാജ്യത്തിന് ആകെ നാണക്കേടാണ്.