ന്യൂഡൽഹി: ഡൽഹിയിലെ നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികൾക്ക് വധശിക്ഷ തന്നെ വധശിക്ഷ വിധിച്ചതിനെതിരേ നാലുപ്രതികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നാലു പേർക്കും ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു.

സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ശേഷം കോടതി മുറിയിൽ അഭിഭാഷകരും രക്ഷിതാക്കളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പ്രതികൾക്ക് ആജീവനാന്ത തടവുശിക്ഷ നൽകുന്നതും പരിഗണിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇത് കോടതി പരിഗണിച്ചില്ല.

സമാനതയില്ലാത്ത ക്രൂരതയാണ് പ്രതികൾ ചെയ്തതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന പരാമർശം ഈ കേസിൽ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. പെൺകുട്ടിയുടെയും സുഹൃത്തിന്റെയും ദേഹത്ത് ബസ് കയറ്റിയതടക്കമുള്ള തെളിവുകൾ നശിപ്പിക്കാൻ 6 പ്രതികളും ശ്രമിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ക്രിമിനൽ ഗൂഢാലോചന നടന്നുവെന്നതും തെളിയിക്കപ്പെട്ടു. രക്ഷപ്പെട്ട സുഹൃത്തിന്റെ മൊഴികളും കേസിൽ നിർണ്ണായകമായി.

2012 ഡിസംബർ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഈ സംഭവമാണ് പിന്നീട് നിർഭയ കേസ് എന്നറിയപ്പെട്ടത്. ഡൽഹിയിൽ ഓടുന്ന ബസിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പിന്നീട് മരിച്ചു. കേസിലെ പ്രതികളായ മുകേഷ്, പവൻ, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവർക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തു.

കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കാലയളവിൽ ജയിലിൽ ആത്മഹത്യചെയ്തു. മറ്റൊരുപ്രതിക്ക് പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലാണ് വിചാരണ നടന്നത്. മൂന്നുവർഷത്തെ തടവിനുശേഷം ഇയാൾ പുറത്തിറങ്ങി.