തിരുവനന്തപുരം. നിർമ്മൽ ചിട്ടിഫണ്ട് തട്ടിപ്പിൽ തമിഴ് നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘം മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വിശ്വസ്തനെ ചോദ്യം ചെയ്തുവെന്ന് മറുനാടൻ മലയാളി വാർത്ത പുറത്തുവിട്ടതിന് പിന്നാലെ ഹരികൃഷ്ണനെതിരെ ടൂറിസം വകുപ്പ് അന്വേഷണം ആരംഭിച്ചിച്ചു. ടൂറിസം വകുപ്പിന് കീഴിലെ കിറ്റ്സിൽ അദ്ധ്യാപകനായി ജോലി നോക്കുന്ന ഹരികൃഷ്ണന് നിർമ്മൽ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കിറ്റ്സ് ഡയറക്ടർ രാജശ്രീയോടു ഇന്ന് തന്നെ വിശദാശങ്ങൾ അന്വേഷിച്ച് കൈമാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഹരികൃഷ്ണനെ ചോദ്യം ചെയ്ത തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ഹരികൃഷ്ണൻ നൽകിയ മൊഴി അനുസരിച്ച് മുൻ മന്ത്രി വി എസ് ശിവകുമാറിനെ കൂടാതെ മറ്റു ചില രാഷ്ട്രീയക്കാർക്കും നിർമ്മൽ ചിട്ടിഫണ്ടിൽ നിക്ഷേപവും ബന്ധവും ഉണ്ട്. കോൺഗ്രസിലെ തന്നെ ചില പ്രമുഖർ ശിവകുമാർ വഴി നിർമ്മലനുമായി ബന്ധം സ്ഥാപിക്കുകയും നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. മുന്ന് ദിവസം മുൻപ് അതി രാവിലെ തക്കല സ്റ്റേഷനിൽ ഹാജരായ ഹരികൃഷ്ണനെ അജ്ഞാത കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്. 12 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ നിർമ്മലന് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഒപ്ടിക്കൽസ് സ്ഥാപിക്കാൻ അനുമതി നൽകാൻ മാത്രം 4 കോടി വാങ്ങിയെന്ന് സമ്മതിച്ചുവെന്നാണ് വിവരം. പിന്നീട് ഈ തുക നിക്ഷേപമായി തന്നെ നിർമ്മൽ കൃഷ്ണയിൽ നിക്ഷേപിച്ചുവെന്നും ഹരികൃഷ്ണൻ സമ്മതിച്ചു. റോസ് ഒപ്ടിക്കൽസിനാണ് കേരളത്തിലെ ആശുപത്രികളിൽ ഷീ ഒപ്ടികൽ സ്ഥാപിക്കാൻ അനുമതി നൽകിയത്.

തട്ടിപ്പ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അറസ്റ്റു രേഖപ്പെടുത്തനാണ് സാധ്യത. കാരണം നിർമ്മൽ കൃഷ്ണയുടെയും ശിവകുമാറിന്റെയും ബിന്യാമിയാണ് ഹരികൃഷ്ണൻ എന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. ഹരികൃഷ്ണനും നിർമ്മൽ ചിട്ടിഫണ്ട് ഉടമ നിർമ്മലനും ഹരികൃഷ്ണനുമായി അടുത്ത് ബന്ധമുള്ള തിരുവനന്തപുരം നഗരത്തിലെ ഒരു ഡി വൈ എസ് പിയും തമിഴ് നാട് ക്യൂ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. തമിഴ്‌നാട് പൊലീസിന്റെ നീക്കങ്ങൾ ഇയാൾ ചോർത്തുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പൊലീസിലെ ആർ എസ് സ് വാട്സ് അപ്പ് ഗ്രൂപ്പിന്റെ പിന്നിൽ പ്രവർത്തിച്ചുവെന്ന് ആക്ഷേപം കേട്ട ഈ ഡിവൈ എസ് പി ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ വേണ്ടപ്പെട്ടവനാണ്. അതേ സമയം ഹരികൃഷ്ണനെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൻ ആർ എച്ച് എം. ഹ്യൂമൻ റിസോഴ്സ് മാനേജർ ആയി നിയമിച്ചത് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണന്ന് വ്യക്തമായി.

ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെ ഒരു പത്രപരസ്യം പോലും നൽകാതെയാണ് ഹരികൃഷ്ണൻ എൻ ആർ എച്ച് എംന്റെ തലപ്പത്ത് എത്തുന്നത്. എൻ ആർ എച്ച് എം .എച്ച്ആർ മാനേജരുടെ യോഗ്യത എം ബി എ ആണെന്നിരിക്കെ ഹരികൃഷ്നെ നിയമിക്കാൻ യോഗ്യതയിൽ പോലും കഴിഞ്ഞ സർക്കാർ വെള്ളം ചേർത്തു. ടൂറിസം അഡ്‌മിനിസ്ട്രേറ്റീവിൽ പി ജി മാത്രമുള്ള ഹരികൃഷ്ണനെ ഈ തസ്തികയിൽ എത്തിച്ചത് മുൻ മന്ത്രി ശിവകുമാറിന്റെ താൽപര്യത്തിനനുസരിച്ച് സ്ഥലമാറ്റങ്ങളുംനിയമനങ്ങളും നിശ്ചിക്കാനായിരുന്നു. അന്നേ ഹരികൃഷ്ണൻ അഴിമതി കേസിൽ ആക്ഷേപം കേട്ടിരുന്നു.

ഒരു മാസം 3 ലക്ഷത്തിലധികം രൂപ ടി എ ഇനത്തിൽ കൈപറ്റിയതും അന്ന് വിവാദത്തിനിടവെച്ചിരുന്നു.ശിവകുമാറുമായി ഹരികൃഷ്ണൻ നടത്തിയ വിദേശയാത്രകളും ദുരുഹമായിരുന്നു. തിരുവനന്തപുരം എയർപോർട്ടിലെ അസിസ്റ്റന്റ് ഡയറക്ടർ അനിൽ , എസ് കെ പ്രദീപ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവർക്കും മുന്മന്ത്രിയുമായുള്ള ബന്ധം മനസിലാക്കിയാണ് ചോദ്യം ചെയ്തത്.ഇതിൽ എയർ പോർ്ട്ട ജീവനക്കാരൻ മുൻ മന്ത്രിയും ഹരികൃഷണനും നിർമ്മൽ ചിട്ടിഫണ്ട് ഉടമയും ഒരു മിച്ചു വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോടു സമ്മതിച്ചു. ഇവർക്ക് വിദേശത്ത് ബെന്യാമി പേരിൽ ബിസിനസ് ഉള്ളതായും മൊഴി നൽകിയാതായി അറിയുന്നു.

അതേ സമയം സാമ്പത്തിക തട്ടിപ്പിലെ കുറ്റവാളികളെ രക്ഷിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. നിക്ഷേപകരിൽനിന്ന് പിരിച്ച കോടികളുമായി ഉടമ നിർമൽ മുങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അദ്ദേഹത്ത പിടിക്കാനാവാത്തതാണ് സംശയത്തിനിടവെയ്ക്കുന്നത്. വഞ്ചിതരായവരിൽ ചിലർ നിയമനടപടിയുടെ ഭാഗമായി ശേഖരിച്ച തെളിവുകൾ അന്വേഷകസംഘത്തിന് കൈമാറിയിട്ടുണ്ട്്.. നിർമലന്റെ ബിനാമി ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകളാണ് കൈമാറിയത്. ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പ് തമിഴ്‌നാട് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി കശുവണ്ടി ഫാക്ടറികൾ നിർമലൻ ബിനാമി പേരുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. അതിനിടെ, ചിട്ടി തട്ടിപ്പുകാരുമായി ചില കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന പരോക്ഷ വിമർശവുമായി പാറശാല മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് രംഗത്തുവന്നിരുന്നു.

കന്നുമാംമൂട് ജങ്ഷനിൽ ചേർന്ന പൊതുയോഗത്തിലായിരുന്നു പരോക്ഷ വിമർശം. കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ ആക്ഷേപം നിലനിൽക്കെയാണ് മുൻ എംഎൽഎയുടെ ആരോപണമെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കൊല്ലം നഗരത്തിൽ ആശ്രാമത്ത് നിർമലന്റെ കോടികൾ വിലമതിക്കുന്ന റിസോർട്ടും നാലേക്കറോളം ഭൂമിയും റിസീവർ കണ്ടുകെട്ടി. കരുനാഗപ്പള്ളിയിലും തിരുവനന്തപുരത്തും കോടികളുടെ വസ്തുക്കളും കെട്ടിടങ്ങളും അറ്റാച്ചുചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിർമലന്റെ പേരിൽ വെൺപകലിനു സമീപം കോടികൾ വിലമതിക്കുന്ന 20 ഏക്കർ നിക്ഷേപകർ കണ്ടെത്തി അന്വേഷണ സംഘത്തെ അറിയിച്ചു. ബിനാമി ഭൂമികൾ കണ്ടെത്താൻ കേരളാ പൊലീസിന്റെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നു.