തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുടെ നിക്ഷേപവുമായി നിർമൽ കൃഷ്ണ ബാങ്കുടമ നിർമലനും കുടുംബവും ജീവനോടെ ഉണ്ടോയെന്നതിൽ അന്വേഷണ സംഘത്തിന് സംശയം. നിർമൽ കൃഷ്ണയെ ബംഗളുരുവിലാണ് തുടക്കത്തിൽ ഒളിച്ച് താമസിപ്പിച്ചത്. കോടതിയിൽ പാപ്പർ സ്യൂട്ട് നൽകിയ ശേഷമായിരുന്നു മുങ്ങൽ. കേസ് അവസാനിക്കുമ്പോൾ തിരിച്ചെത്താമെന്ന ചിന്തയിലായിരുന്നു മുങ്ങൽ. എന്നാൽ കേസിൽ തമിഴ്‌നാട് പൊലീസ് ഇടപെടൽ തുടങ്ങിയതോടെ പ്രശ്‌നം വഷളായി. ഇതിന് ശേഷം ബംഗളുരുവിൽ നിന്ന് നിർമലിനും കുടുംബവും തിരുവനന്തപുരത്തേക്ക് എത്തി. ഇതിനിടെ ചില രാഷ്ട്രീയ ബന്ധങ്ങളിൽ വിരൽ ചൂണ്ടുന്ന തെളിവുകളും പൊലീസ് ലഭിച്ചു.

ഒരാഴ്ചയ്ക്ക് മുമ്പ് ഉദിയൻകുളങ്ങര സ്വദേശിയായ വേണുഗോപാൽ എന്ന നിക്ഷേപകൻ ആത്മഹത്യ ചെയ്തിരുന്നു. കേരള പൊലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം നിലച്ചമട്ടാണ്. തമിഴ്‌നാട് പൊലീസ് നിർമലനെ പിടികൂടുന്നതിനുവേണ്ടി അന്വേഷണം നടത്തുന്നുവെങ്കിലും കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലായെന്നാണ് തമിഴ്‌നാട് പൊലീസ് ആരോപിക്കുന്നത്. ഇതിനിടെയാണ് കേസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ നിർമലനെ കൊന്നു കളയാനുള്ള സാധ്യത തമിഴ്‌നാട് പൊലീസ് സംശയിക്കുന്നത്. നിർമലനേയും കുടുംബത്തേയും കുറിച്ച് ആർക്കും ഒരു അറിവില്ലാത്തതാണ് ഇതിന് കാരണം. കേരളത്തിലെ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട ബിനാമി ഭൂമി ഇടപാടു കേസുകളിലെ അന്വേഷണത്തിൽ കേരളാ പൊലീസിന്റെ സഹകരണം ഇല്ലെന്നും തമിഴ്‌നാട്ടിലെ അന്വേഷണ സംഘത്തിന് പരാതിയുണ്ട്.

അധാരമെഴുത്തുകാരനും കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനെ തമിഴ്്‌നാട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഉന്നത രാഷ്ട്രീയ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കിട്ടിയത്. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ നിർമ്മലിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എന്നാൽ നിർമ്മലിനും കുടുംബവും കൂട്ടാളികളും മുങ്ങിയിട്ട് അറുപതുനാൾ തികയുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്താതെ പാതിവഴിയിൽ നിലച്ച മട്ടിലാണ്. ഒരു സൂചനയും നിർമ്മലനെ കുറിച്ച് കിട്ടിതയുമില്ല. ഇതിനിടെയാണ് നിർമ്മലനെ വകവരുത്താനുള്ള സാധ്യത പൊലീസ് കാണുന്നത്. പാപ്പർ സ്യൂട്ടോടെ എല്ലാം അവസാനിക്കുമെന്ന് കരുതിയ നിർമ്മലൻ രാജ്യം വിട്ടിരുന്നില്ല. രാജ്യത്ത് തന്നെയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഒരു സൂചനയും ഇല്ല.

നിർമലനെ പിടികൂടുന്നതിനായി ഇരു സംസ്ഥാനങ്ങളും ശക്തമായ അന്വേഷണം നടത്തുന്നുവെന്നു പറയുമ്പോഴും കണ്ടെത്താൻ സാധിക്കാത്തതിൽ നിക്ഷേപകർ ആശങ്കയിലാണ്. സെപ്റ്റംബർ ഏഴിനാണ് പളുകലിന് സമീപം നിർമൽ കൃഷ്ണ ബെനിഫിറ്റ് ഫണ്ട് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം പൂട്ടി ഉടമയും സംഘവും മുങ്ങിയവിവരം നിക്ഷേപകർ അറിയുന്നത്. മൂന്നുനാളുകൾക്ക് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. നിർമൽ കൃഷ്ണ ബെനിഫിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരായ പളുകൽ സ്വദേശി അനിൽകുമാർ, കുഴിത്തുറ സ്വദേശി അനിൽകുമാർ എന്നിവരെയാണ് ആദ്യമായി അറസ്റ്റ് ചെയ്യുന്നത്.

ഇവർ വെറും ജീവനക്കാരാണെന്നും പ്രധാന ബിനാമികളായവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയായിരുന്നു. ഇതിനെ തുടർന്ന് കേരള സർക്കാർ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തിന് ഈ കേസ് അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തുകയുണ്ടായി. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ മറ്റ് നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലായെന്നതിനാൽ കേരള പൊലീസിന്റെ അന്വേഷണസംഘം തമിഴ്‌നാട് പൊലീസിനെ സഹായിക്കുകമാത്രമാണ് ചെയ്തു വന്നിരുന്നത്. ഇത് കേരളത്തിലെ രാഷ്ട്രീയക്കാരെ രക്ഷിക്കാനായിരുന്നു. ഇതിനിടെയാണ് അനന്തപുരി മണികണ്ഠനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തത്. ഇതോടെ മന്ത്രിയായിരുന്ന വി എസ് ശിവകുമാറിലേക്കും സംശയമെത്തി.

തുടക്കത്തിൽ നിർമലനുമായി വെറും പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ശിവകുമാറിന്റെ വാദം. എന്നാൽ മന്ത്രി ഓഫീസിലെ ജീവനക്കാരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലെ ചിത്രങ്ങളിൽ അന്വേഷണ സംഘം സത്യം കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ശിവകുമാറിന്റെ വിശ്വസ്തരെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തത്. നിർമലനും മുൻ മന്ത്രി വി എസ് ശിവകുമാറുംതമ്മിൽ വർഷങ്ങളുടെ അടുത്ത ബന്ധമാണുള്ളത്. ശിവകുമാറിന്റെയും മറ്റു രണ്ടുപേരുടെയും പേരിലുള്ള ഒന്നരഏക്കർ സ്ഥലം നിർമലന്റെ ഭാര്യയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ കേസന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും നിർമലന്റെപേരിലുള്ള ഫ്‌ളാറ്റ് ഉൾപ്പെടെയുള്ള ചില സ്വത്തുക്കൾ ബിനാമിയായി ശിവകുമാറിന്റെ അടുപ്പക്കാരുടെപേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങി.

നിർമലന് സഹായം ചെയ്തുകൊടുത്തത് ശിവകുമാറിന്റെ ബന്ധുവും എൻആർഎച്ച്എം സ്റ്റേറ്റ് മുൻ അഡ്‌മിനിട്രേറ്റീവ് ഓഫീസറും എച്ച്ആർ മാനേജരുമായിരുന്ന ഹരികൃഷ്ണനാണ്. ശിവകുമാർ, ശ്രീകുമാർ, ജയകുമാർ എന്നിവരുടെപേരിൽ തമിഴ്‌നാട്ടിലെ പളുകൾ വില്ലേജിലെ പേയാട്ടുകോണത്തുള്ള ഒന്നര ഏക്കർ ഭൂമിയാണ് നിർമലന്റെ ഭാര്യയുടെപേരിൽ രജിസ്റ്റർ ചെയ്തത്. എട്ട് വർഷംമുമ്പായിരുന്നു രജിസ്‌ട്രേഷൻ. ഭൂമിയുടെ സ്‌കെച്ചും രേഖകളും പൊലീസ് പിടികൂടി. നിർമലന്റെ ഫ്‌ളാറ്റ് അടക്കം സ്വത്തുക്കളും ബന്ധുക്കളുടെയും ചില അടുത്തയാളുകളുടെയും പേരിൽ മാറ്റി രജിസ്റ്റർ ചെയ്തതായി വിവരം ലഭിച്ചു.

വി എസ് ശിവകുമാറിന്റെ അടുപ്പക്കാരനായ ഹരികൃഷ്ണനെ പൊലീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. വസ്തുക്കൾ ബിനാമികളുടെപേരിൽ മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് ഹരികൃഷ്ണൻ സഹായിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ശിവകുമാറിന്റെ അടുപ്പക്കാരുടെപേരിൽ കെട്ടിടങ്ങളും ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.