തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് പോലെ തന്നെ ദുരൂഹമാണ് പരാതിക്കാരുടെ എണ്ണവും അവർക്ക് തിരികെ നൽകാനുള്ള തുകയുടെ കാര്യവും. നിർമ്മൽ കൃഷ്ണ ചിട്ടിയുടെ ഉടമ നിക്ഷേപകർക്കായി 593 കോടി രൂപ നൽകാനുണ്ട് എന്ന് പറയുമ്പോൾ പരാതിക്കാർ ആവശ്യപ്പെടുന്നത് പ്രകാരം 535 കോടി രൂപ മാത്രമേയുള്ളൂ. പണം തിരികെ ലഭിക്കാനുണ്ട് എന്ന് പറഞ്ഞു 8459 പേർ മുന്നോട്ടു വന്നപ്പോൾ ഉടമ പറയുന്ന കണക്ക് പ്രകാരം 13500 നിക്ഷേപകർക്ക് പണം നൽകാനുണ്ട്.

നിർമൽ കൃഷ്ണയിൽ പണം നിക്ഷേപിച്ച പലരും കോടതി മുഖാന്തിരം നഷ്ടപരിഹാര തുക നൽകും എന്ന് മനസിലാക്കിയപ്പോൾ മുങ്ങിയ അവസ്ഥയിലാണ്. ഇനി ഇവർക്ക് രംഗത്ത് വരാനോ പരത്തി നൽകാനോ കഴിയുകയുമില്ല. കാരണം ഈ കേസിൽ പരാതികൾ നൽകാനുള്ള സമയം കോടതി നിർദ്ദേശ പ്രകാരം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ 31 വരെ മാത്രം പരാതി സ്വീകരിച്ചാൽ മതിയെന്നാണ് മധുര സാമ്പത്തിക കുറ്റാന്വേഷണ കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. അത് പ്രകാരം അന്വേഷണ സംഘം കണക്കെടുത്തപ്പോഴാണ് വൻ തുക ലഭിക്കാനുള്ള പലരും ദുരൂഹമായ രീതിയിൽ പിൻവലിഞ്ഞിട്ടുള്ളതായി മനസിലാക്കാൻ കഴിഞ്ഞത്.

തുകയിലും നിക്ഷേപകരുടെ കാര്യത്തിലും വൻ അന്തരമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് മുൻപാകെ ദൃശ്യമാകുന്നത്. കോടതി മുഖാന്തിരമാണ് പണം ലഭിക്കാൻ പോകുന്നത് എന്നറിഞ്ഞതിനാലാണ് ചില നിക്ഷേപകർ എങ്കിലും പിൻവാങ്ങിയത് എന്നാണ് സൂചന. ഇവർ പണം ലഭിക്കാനുണ്ടെന്നു പരാതി നൽകിയിട്ടില്ല. 8045 നിക്ഷേപകരാണ് നിക്ഷേപത്തുക തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. ചിട്ടിയിൽ ചേർന്ന 414 പേരും ചിട്ടി തുക തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടു പരാതി നൽകിയിട്ടുണ്ട്. 535 കോടി രൂപയാണ് നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് തിരികെ ലഭിക്കാനുള്ളത്.

8459 പേരാണ് പണം തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. എന്നാൽ സ്ഥാപന ഉടമ മുങ്ങുന്നതിനു മുൻപ് വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച പാപ്പർ ഹർജി പ്രകാരം 13500 നിക്ഷേപകർക്കായി 593 കോടി രൂപ നൽകാനുണ്ട് എന്നാണു സ്ഥാപന ഉടമ കോടതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പരാതി നൽകിയിരിക്കുന്നത് 8045 പേരാണ്. ആകെ നൽകാനുള്ള തുക 593 കോടിയാണെങ്കിൽ 535 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് ഉടമ കോടതിയിൽ പറഞ്ഞിരിക്കുന്നത്. സ്ഥാപന ഉടമ നല്കാനുണ്ടെന്നു പറഞ്ഞതിലും 58 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ പല ഉന്നതർക്കും നിർമൽ കൃഷ്ണ ചിറ്റ്‌സിൽ നിക്ഷേപമുണ്ടായിരുന്നുവെന്ന മറുനാടൻ മലയാളി നേരത്തെ പുറത്ത് വിട്ട വാർത്തകളും തെളിയിക്കപ്പെട്ടിരിക്കുന്നു. മുൻ മന്ത്രി വി എസ് ശിവുമാർ ഉൾപ്പടെയുള്ളവര്‌ക്കെതിരെ നിക്ഷപകർ രംഗത്ത് വന്നിരുന്നു. മുൻ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിനേയും ബന്ധുവിനെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ നിർണായകമായ വിവരങ്ങളും ലഭിച്ചിരുന്നു.

പരാതിക്കാർ പിൻവലിഞ്ഞതുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചിരിക്കുന്നത്. അതേസമയം എഴുവാഹനങ്ങളുടെ ലേല നടപടികളും പൂർത്തിയായിട്ടുണ്ട്. നാഗർകോവിലിൽ സൂക്ഷിച്ചിരുന്ന ഏഴ് വാഹനങ്ങളാണ് ലേലം ചെയ്തിരിക്കുന്നത്. പതിമൂന്നു വാഹനങ്ങൾ കണ്ടുകെട്ടിയിരിക്കെ ഏഴ് വാഹനങ്ങൾ ആണ് ലേലത്തിൽ പോയത്. ഈ വാഹനങ്ങളുടെ ലേലത്തുകയായി 4245000 രൂപ ലഭിച്ചിട്ടുണ്ട്. പിടിച്ചെടുക്കൽ നടപടിയുടെ ഭാഗമായി ഏഴുകിലോ സ്വർണാഭരണങ്ങൾ കൂടി ലേലത്തിൽ വയ്ക്കാനുണ്ട്. ഇതും ലേലം ചെയ്തു നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

1200 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽ കൃഷ്ണ ചിറ്റ്‌സ് ഉടമ നിർമ്മലൻ കോടതിക്ക് മുന്നിൽ കീഴടങ്ങി രണ്ട് മാസം പിന്നിട്ടപ്പോഴും കേസിൽ കേരള പൊലീസിന്റെ ഒളിച്ച് കളി തുടരുന്നു എന്നും ആരോപണം ഉയർന്നിരുന്നു. പണം തട്ടിച്ചതിൽ പരാതി നൽകിയിട്ടും കേസിൽ വേണ്ട താൽപര്യം കാണിക്കാത്ത കേരള പൊലീസിനെതിരെ പരാതിയുമായി നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ ആക്ഷൻ കൗൺസിൽ രംഗത്ത് വന്നിരുന്നു. നിക്ഷേപ തട്ടിപ്പിനിരയായതായി പരാതി നൽകിയിട്ടും കേസ് അന്വേഷിക്കുന്നില്ലെന്ന് കാണിച്ച് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു