തിരുവനന്തപുരം: പാറശ്ശാലയിൽ 700 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം ഉടമയായ കെ നിർമ്മലൻ മുങ്ങിയിട്ട് ദിവസം അൻപത് കഴിഞ്ഞു. അതിനിടെ നിർമ്മലൻ തിരുവനന്തപുരം നഗരത്തിലുണ്ടെന്ന സൂചന തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചു. തലസ്ഥാനത്തെ ഉന്നതിന്റെ സംരക്ഷണയിൽ ഇയാൾ കഴിയുന്നതായാണ് സൂചന. അടുത്ത സുഹൃത്തായ ഇയാളുടെ തിരുവനന്തപുരത്തെ ഒരു വീട്ടിൽ നിർമ്മലൻ ഉണ്ടെന്ന് തമിഴ്‌നാട് പൊലീസിലെ ഉന്നതൻ മറുനാടൻ മലയാളിയെ അറിയിച്ചു. എന്നാൽ കേരളാ പൊലീസിന്റെ സഹകരണം കിട്ടാത്തതാണ് ഇയാളെ പിടിക്കാൻ പ്രശ്‌നമാകുന്നതെന്നും കന്യാകുമാരി ജില്ലയുടെ ചുമതലയുള്ള പ്രധാന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് വിശദീകരിച്ചു.

ഇതോടെ നിർമ്മലന്റെ സ്വത്ത് തട്ടിപ്പിൽ പെട്ടവരെല്ലാം കഷ്ടതയനുഭവിക്കുകയാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം അധ്വാനവും ബാങ്കിൽ നിക്ഷേപിച്ച നിരവധി ആളുകൾക്കാണ് പണം നഷ്ടമായത്. മക്കളുടെ കല്ല്യാണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി നിക്ഷേപകർക്ക് പകരം മാർഗം കണ്ടെത്തേണ്ട ആവശ്യങ്ങൾ നിരവധിയാണ്. ചിട്ടി പൊളിഞ്ഞ നിർമ്മലൻ ആദ്യം പോയത് ബംഗളൂരുവിലേക്കാണ്. അവിടെ ചിലരുടെ സംരക്ഷണയിൽ കഴിഞ്ഞു. എന്നാൽ കർണ്ണാടകത്തിൽ കേന്ദ്ര ഇന്റലിജൻസ് പ്രവർത്തനം ശക്തമാണ്. കോൺഗ്രസ് മന്ത്രിമാരുടെ വീട്ടിലെ റെയ്ഡുകൾ പോലും സജീവമാണ്. ഇതോടെ കർണ്ണാടകത്തിൽ നിന്ന് മുങ്ങി നിർമ്മലിനും കുടുംബവും തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ തമിഴ്‌നാട് പൊലീസ് കേന്ദ്ര ഇന്റലിജൻസിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.

പാവങ്ങളുടെ ദുരിതം തുടരുകയുമാണ്. കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തിട്ട് മാസം ഒന്ന് കഴിഞ്ഞുവെങ്കിലും ഇനിയും പണം എപ്പോൾ എങ്ങനെ കിട്ടുമെന്ന് ഒരു വിവരവുമില്ല. പണം നഷ്ടപെട്ടതിൽ ഭൂരിഭാഗവും മലയാളികളായിട്ടും കേരള പൊലീസും സർക്കാരും ആദ്യ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടാൻ പോലും തയ്യാറായില്ല. മുന്നണി വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ഉന്നത നേതാക്കൾക്ക് ഇവിടെ നിക്ഷേപങ്ങളുള്ളതുകൊണ്ട് തന്നെ ഒരു പാർട്ടിയും മുങ്ങിയ നിർമ്മലനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സമരം പോലും സംഘടിപ്പിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ പളുഗൽ പൊലീസ് സ്റ്റേഷനിലാണ് കേസെന്നും സംഭവം തമിഴ്‌നാട്ടിലാണ് എന്ന കാരണവും പറഞ്ഞ് കേരള പൊലീസ് കേസെടുത്തിരുന്നില്ല. പി്നനീട് ഈ വിഷയം നിരന്തരം മറുനാടൻ മലയാളി റിപ്പോർട് ചെയ്തിരുന്നു.

നിർമ്മലൻ ജഗതിയിലെ സ്വന്തം വീട്ടിൽ നിന്നുമാണ് കൂടുതൽ ഇടപാടുകൾ നടത്തിയെന്നതുൾപ്പടെ റിപ്പർട് ചെയ്തിരുന്നു. ഇതിന് ഷേമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് നിർമ്മലനെതിരെ കേസെടുത്തത്.ഒരു ചെറിയ ചിട്ടികമ്പിനി പൊട്ടിയാൽ പോലും അതിന്റെ ഉടമസ്ഥരെ വല വീശി പിടിക്കുന്ന പൊലീസിന് പക്ഷേ ഇത്രയും വലിയ ഇരയെ പിടികൂടാൻ ഒരു താൽപര്യവുമില്ലെന്നതിന്റെ തെളിവാണ് ഇത്. നിർമ്മലൻ കർണ്ണാടകയിലുണ്ടെന്നും തമിഴ്‌നാട്ടിലുണ്ടെന്നും പല വാർത്തകൾ പ്രചരിച്ചുവെങ്കിലും തലസ്ഥാനത്തെ ഒരു മുൻ മന്ത്രിയാണ് ഇയാളെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ സമരസമിതി അംഗങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. അതിനിടെ നിർമ്മലനെ എത്രയും വേഗം കോടതിയിൽ ഹാജരാക്കിക്കണമെന്ന് വാദിഭാഗം അഭിഭാഷകൻ അഫ്സൽഖാൻ കോടതിയൽ ഉന്നയിച്ചു.പ്രമുഖ അഭിഭാഷകൻ ശാസ്തമംഗലം അജിത് ആണ് വാദികൾക്ക് വേണ്ടി ഹാജരാകുന്നത്.
നേരത്തെ നിർമ്മലനും ഭാര്യയും മുൻകൂർ ജാമ്യാപേക്ഷ ഇവിടെ സമർപ്പിച്ചിരുന്നു.

പണം തിരികെ നൽകാനുള്ളവരുടെ പട്ടികയിൽ നിർമ്മലൻ സ്വന്തം ഭാര്യയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജഗതി കൊച്ചാർ റോഡിൽ താമസിക്കുന്ന രേഖയ്ക്ക് ഒരു കോടി പത്ത് ലക്ഷം രൂപ നൽകാനുള്ളതായിട്ടാണ് പറയുന്നത്.ഇത് പോലെ നിർമ്മലന്റെ വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുകളേയും പട്ടികയിൽ ഉൾപ്പെടുത്തി വലിയ തുക തിരികെ സ്വന്തം അക്കൗണ്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തിയതും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

കൃത്യമായി പലിശ നൽകിയിരുന്ന നിർമ്മലന്റെ സ്ഥാപനത്തിൽ പക്ഷേ നോട്ട് നിരോധനത്തിന് ശേഷം പലിശ ഉൾപ്പടെ മുടങ്ങിയതായാണ് സൂചന. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു നിർമ്മൽ കൃഷ്ണ ബെനഫിറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരുന്ന കമ്പനി മാർച്ചോടെ നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പേരിൽ രജിസ്ട്രർ ചെയ്ത് എംഡിയായി മറ്റൊരാളെ നിയമിക്കുകയും പിന്നീട് നിർമ്മലൻ ഡയറക്ടറായ് തുടരുകയുമായിരുന്നു. അതായത് ഇപ്പോൾ വെളിപ്പെടുത്തിയ സ്വത്തിൽ നിർമ്മലനെ കൂടാതെ കമ്പനിയിൽ വേറെ ആളുകളുടെ പേരിൽ ഷെയറുകൾ മാറ്റിയിട്ടുണ്ടൊ എന്നും അന്വേഷണ സംഘം പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും ഇതിലും പിന്നീട് പുരോഗതിയുണ്ടായില്ല.

തട്ടിപ്പ് കേസിൽ തമിഴ്‌നാട് പൊലീസിന്റെ ഇടപെടൽ ഭയന്ന് തന്നെയാണ് കേരളത്തിലെ മുൻ മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കൾ. മുന്നണി വ്യത്യാസമില്ലാതെ പല നേതാക്കളും ഇവിടെ പണം നിക്ഷേപിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ പണം പിൻവലിച്ചെങ്കിലും ജില്ലയിലെ പ്രമുഖ യുവ നേതാവിനും പാർട്ടി വിട്ട് ഒരു മുൻ എംഎൽഎയ്ക്കും കോടികൾ നഷ്ടമായിട്ടുണ്ട്.600 കോടി രൂപയോളം രൂപ നിക്ഷേപകരിൽ നിന്നും തട്ടിച്ചാണ് നിർമ്മൽ ചിറ്റ്‌സ് കമ്പനി മുതലാളി നിർമ്മലൻ മുങ്ങിയത്. കോടതിയിൽ പാപ്പർ സ്യൂട്ട് നൽകിയ നിർമ്മലൻ പറയുന്നതാകട്ടെ തനിക്ക് 90 കോടി രൂപയുടെ സ്വത്ത് മാത്രമെ കൈവശമുള്ളുവെന്നാണ്. അതായത്. ഈ പറഞ്ഞ 90 കോടി രൂപ നിക്ഷേപകർക്ക് കോടതി വഴി വീതിച്ച് നൽകേണ്ടി വരും അത് കഴിഞ്ഞാൽ പിന്നെ 500 രൂപയ്ക്ക് മുകളിൽ വിലയുള്ള ഒന്നും തന്നെ നിർമ്മലൻ മുതലാളിയുടെ കൈവശമില്ലെന്നാണ്. 500 കോടിയെന്നാണ് നിർമ്മലൻ പറയുന്നതെങ്കിലും യഥാർഥ തുക 1200 കോടിക്ക് മുകളിൽ വരുമെന്നാണ് രഹസ്യാന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഈ മാസം ആദ്യം നാഗർകോവിൽ വടശ്ശേരിയിൽ വച്ചാണ് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ സംഘം പാറശ്ശാല മുണ്ടാ പ്ലാവിള റ്റി.കെ നഗറിൽ കൈലാസം വീട്ടിൽ നിർമ്മലന്റെ ബന്ധുവായ അജിത്ത്, പളുകൽ മത്തംമ്പാല നാഗക്കോട് രവീന്ദ്രൻ, പളുകൽ മത്തംമ്പാല സൗഭാഗ്യയിൽ ശേഖരൻനായർ എന്നിവരെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് ബിനാമി ഇടപാടുകൾ സംബന്ധിച്ച് നിരവധി വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പിടികൂടിയവരുടെ പേരിൽ നിരവധി ബിനാമി ഇടപാടുകൾ ബാങ്ക് ഉടമ നിർമ്മലൻ നടത്തിയിട്ടുള്ളതായി പറയുന്നു. പിടിയിലായവരുടെ വീട്ടിൽ നിന്ന് ഒട്ടേറെ പ്രമാണങ്ങളും പാസ് ബുക്കുകളും കണ്ടെടുത്തു.

അജിത്തിന്റെ വീട്ടിൽ നിന്നു രേഖകളൊന്നും കണ്ടെത്തിയില്ല. നിർമ്മൽ കൃഷ്ണ ബാങ്കിന്റെ മാനേജർമാരായ ശേഖരനും രവീന്ദ്രനും ബാങ്കുടമയുടെ പ്രധാന ബിനാമികളാണെന്ന് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.