തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിർത്തിയിൽ 1200 കോടി തട്ടിയ നിർമ്മൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തേക്കും. ധനകാര്യ സ്ഥാപന ഉടമ നിർമ്മലനുമായി ശിവകുമാറിന് അടുത്ത ബന്ധമുണ്ട്. നിർമ്മലിന്റെ അച്ഛനും ശിവകുമാറിന്റെ അച്ഛനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സൗഹൃദമാണ് മക്കളിലേക്കും കൈമാറിയെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരേയും സംശയങ്ങൾ നാട്ടുകാർ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് പൊലീസിന്റെ നീക്കം. അതിനിടെ ചില രാഷ്ട്രീയ ഇടപെടലും കേസിൽ നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വത്തെ കൈയിലെടുക്കാൻ കേരളത്തിലെ ചില കോൺഗ്രസുകാർ ശ്രമിക്കുന്നതായാണ് സൂചന.

ശിവകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫിൽ പെട്ടിരുന്ന വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരാൾ ശിവകുമാറിന്റെ ബന്ധുവും സന്തത സഹചാരിയുമായ വാസുദേവൻ ആണെന്ന സൂചന മറുനാടന് ലഭിച്ചു. മഹേഷ് എന്നയാളേയും ചോദ്യം ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത്. കേസിൽ ശിവകുമാറിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രിയുടെ ഉപദേശകനായ ഹരികൃഷണനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹരികൃഷ്ണനിൽ നിന്നും നിർണ്ണായക വിരവങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ ശിവകുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണനെ സ്വാധീനിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

ബാങ്ക് പൂട്ടുന്നതിന് മുമ്പ് 60 കോടിയുടെ നിക്ഷേപം ചിലർ പിൻവലിച്ചിരുന്നു. ഇത് നെയ്യാറ്റിൻകരയിലെ ചിലരാണ് എന്നാണ് സൂചന. ഈ വിവരങ്ങളാണ് ശിവകുമാറിനെ കേസിൽ സംശയ നിഴലിൽ നിർത്തുന്നത്. ബാങ്ക് പൊട്ടുമെന്ന മുൻധാരണയിലാണ് ഈ പണം പിൻവലിച്ചതെന്നാണ് സൂചന. ശിവകുമാറിന്റെ അടുപ്പക്കാരനായ സുനിൽ എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പേജിൽ ചില ചിത്രങ്ങൾ ഉണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. ഈ ഫോട്ടോ വീണ്ടെടുക്കാൻ തമിഴ്‌നാട് പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ തെളിവുകൾ കിട്ടിയാൽ നിർമലനുമായി ശിവകുമാറിനുള്ള ബന്ധം വ്യക്തമാകും. ഇനിനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്. ഷീ ഒപ്ടിക്കൽസിന് റോസ് ഒപ്ടിക്കൽസിനെ തിരെഞ്ഞെടുത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. റോസ് ഒപ്ടിക്കൽസിലെ പ്രധാന നിക്ഷേപകനും നിർമലനാണ്.

തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു ഡിവൈഎസ്‌പിയും തമിഴ്‌നാട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ടിൽ ഹരികൃഷണന് 10 കോടിയിലേറെ രൂപ പല പേരുകളിലായി നിക്ഷേപം ഉണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിൽ ചില സംശങ്ങളുണ്ട്. നിർമ്മൽ കൃഷ്ണയുടെ പേരിൽ തലസ്ഥാനത്തിന്റെ കണ്ണായ ഭാഗത്ത് ഉള്ള വസ്തുക്കൾ വിൽക്കാൻ ശ്രമം നടത്തിയത് ഹരികൃഷണനായരുന്നു. ഇതിലെ ബിനാമിമാരിൽ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് ഹരികൃഷ്ണനെയും മുൻ മന്ത്രിയേയും സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. അതിനിടെ നിർമ്മലനേയും കുടുംബത്തേയും ഒളിച്ചു താമസിപ്പിക്കുന്നത് തിരുവനന്തപുരത്തെ ഉന്നതനാണെന്ന വാർത്തയും പുറത്തുവന്നിരുന്നു.

അന്വേഷണ സംഘം തലവൻ കൂടിയായ ഡിവൈഎസ്‌പി പാൽദുരൈയാകും ശിവകുമാറിനെ ചോദ്യം ചെയ്യുക. ഹരികൃഷണൻ ഇപ്പോൾ ടൂറിസം വകുപ്പിന് കീഴിലെ കിറ്റ്സിൽ അദ്ധ്യാപകനായി ജോലി നോക്കുന്നുവെങ്കിലും നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഇടപാടുകാരനാണ്. ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ് രഹസ്യമാണ്. ശിവകുമാറിന്റെ വിശ്വസ്തനായ ഇയാൾ അക്കാലത്ത് ജോലി തരപ്പെടുത്തിയത് തന്നെ വിവാദത്തിന് ഇടയാക്കിയിരുന്നു. മതിയായ യോഗ്യതയില്ലെന്നായിരുന്നു ഹരികൃഷ്ണന് എതിരെ ഉയർന്നിരുന്ന ആരോപണം. കൂടാതെ തിരുവനന്തപുരം എയർപോർട്ടിലെ അസിസ്റ്റന്റ് ഡയറക്ടർ അനിൽ, എസ് കെ പ്രദീപ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇരുവർക്കും മുന്മന്ത്രിയുമായുള്ള ബന്ധം മനസിലാക്കിയാണ് ചോദ്യം ചെയ്തത്. ഇതിൽ എയർ പോർ്ട്ട ജീവനക്കാരൻ മുൻ മന്ത്രിയും ഹരികൃഷണനും നിർമ്മൽ ചിട്ടിഫണ്ട് ഉടമയും ഒരുമിച്ചു വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോടു സമ്മതിച്ചു. ഇവർക്ക് വിദേശത്ത് ബെന്യാമി പേരിൽ ബിസിനസ് ഉള്ളതായും മൊഴി നൽകിയാതായി അറിയുന്നു.

അതേസമയം സാമ്പത്തിക തട്ടിപ്പിലെ കുറ്റവാളികളെ രക്ഷിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. നിക്ഷേപകരിൽനിന്ന് പിരിച്ച കോടികളുമായി ഉടമ നിർമൽ മുങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അദ്ദേഹത്ത പിടിക്കാനാവാത്തതാണ് സംശയത്തിനിടവെയ്ക്കുന്നത്.. വഞ്ചിതരായവരിൽ ചിലർ നിയമനടപടിയുടെ ഭാഗമായി ശേഖരിച്ച തെളിവുകൾ അന്വേഷകസംഘത്തിന് കൈമാറിയിട്ടുണ്ട്്.. നിർമലന്റെ ബിനാമി ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകളാണ് കൈമാറിയത്. ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പ് തമിഴ്‌നാട് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി കശുവണ്ടി ഫാക്ടറികൾ നിർമലൻ ബിനാമി പേരുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. അതിനിടെ, ചിട്ടി തട്ടിപ്പുകാരുമായി ചില കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന പരോക്ഷ വിമർശവുമായി പാറശാല മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് രംഗത്തുവന്നിരുന്നു.

കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ ആക്ഷേപം നിലനിൽക്കെയാണ് മുൻ എംഎൽഎയുടെ ആരോപണം. നിർമലന് വിദേശത്തേക്ക് കടക്കാനുള്ള സാഹചര്യം തമിഴ്‌നാട് പൊലീസ് ഒരുക്കുന്നതായ ആരോപണവും ഉയരുന്നു. ആത്മഹത്യാ പ്രേരണ, വഞ്ചനാക്കുറ്റവും ചുമത്തപ്പെട്ട നിർമലൻ വിദേശത്തേക്ക് പോകുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നേരത്തെ നിർമ്മൽ കൃഷണ നിക്ഷേപതട്ടിപ്പ് കേസിൽ നിർമൽ കൃഷ്ണ നിധിയുടെ മൂന്ന് ഡയറക്ടർമാർ പിടിയിലായിരുന്നു. പളുകൽ മത്തംമ്പാല കുഴിവിളാകം സ്വദേശി രാഘവൻ ശേഖരൻ, പളുകൽ നാഗക്കോട് സ്വദേശി സുകുമാരൻ രവീന്ദ്രൻ, പത്മനാഭപുരം സ്വദേശിയും നിർമലന്റെ ബന്ധുവുമായ കുമാരപിള്ള അജിത്ത് കുമാർ എന്നിവരാണ് മധുര കോടതിയിൽനിന്ന് മുൻകൂർ ജാമ്യം എടുക്കാൻ പോകവെ നാഗർകോവിലിൽ െവച്ച് പിടിയിലായത്.

നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയശേഷം ഇവർ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇവരുടെ നീക്കങ്ങൾ തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. നിർമൽ അനടക്കം മറ്റ് പതിനേഴ് പേർക്കുമായി മുൻകൂർ ജാമ്യം എടുക്കുന്നതിലേക്ക് മധുര കോടതിയിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇവർ സഞ്ചരിക്കുന്നതായി സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് രഹസ്യാന്വേഷണവിഭാഗം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്ന് വരികയായിരുന്നു. ഇവർ എത്തുന്ന വിവരമറിഞ്ഞ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം നാഗർകോവിലിൽ കാത്തുനിന്ന് പിടികൂടുകയായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഇവർ രൂപമാറ്റം വരുത്തിയത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. പിടികൂടിയവരെ നാഗർകോവിൽ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന്റെ ഓഫിസിലെത്തിച്ച് ഇവരാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ കോടീശ്വരന്മാരുടെ പട്ടികയിൽ നിർമ്മലന്റ അമ്മയും ഭാര്യയും. നിർമ്മൽ കൃഷ്ണ ബാങ്ക് കോടതിയിൽ സമർപ്പിച്ച 13,667 പേരുടെ നിക്ഷേപ പട്ടികയിൽ കോടികളുടെ നിക്ഷേപമുള്ളത് നൂറിൽ കൂടുതൽ പേർക്ക്. സ്ഥാപന ഉടമ കെ.നിർമ്മലന്റെ ഭാര്യയും നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡിലെ ഡയറക്ടറുമായ രേഖയുടെ അക്കൗണ്ട് നമ്പർ 13422 ലെ നിക്ഷേപം 1,22,17,500 രൂപയാണ്. പലിശ മാത്രം വാങ്ങിയിരുന്നത് 2,36,26,416 രൂപയാണ്. മറ്റൊരു ബോർഡ് അംഗമായ നിർമ്മലന്റെ അമ്മയായ രാജലക്ഷ്മിയുടെ അക്കൗണ്ട് 13366 ലെ 1,01,41,261 രൂപയുടെ നിക്ഷേപത്തിന് പലിശ വാങ്ങിയിട്ടുള്ളത് 2,36,60,364 രൂപയാണ്.കോടതിയിൽ നല്കിയ കണക്ക് പ്രകാരം 510 കോടി രൂപയാണ് നിക്ഷേപകർക്ക് നല്കാനുള്ളത്. 13,667 നിക്ഷേപകരുണ്ടെന്ന് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടും വൻതുകയുടെ നിക്ഷേപമാണ് പുറത്താകുന്നത്.

ഇതിനിടെ തമിഴ്‌നാട് പൊലീസിന് പരാതി നൽകുന്നതിന് കന്നുമാമൂട്, കളിയിക്കാവിള, പളുകൽ, എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ സെന്ററുകൾ വൻതുക പരാതിക്കാരിൽ നിന്ന് ഈടാക്കുന്നതായി പരാതികളുണ്ട്. നാഗർകോവിലിൽ 80 രൂപ മാത്രമാണ് ഈടാക്കുന്നത്. എന്നാൽ കന്നുമാമൂട്ടിൽ ഒരു സ്ഥാപനത്തിൽ 150 രൂപയും മറ്റൊരു സ്ഥാപനത്തിൽ 270 രൂപയും കളിയിക്കാവിളയിൽ 250 രൂപയുമാണ് പരാതിക്കാരിൽ നിന്നും ഈടാക്കുന്നത്. രാവിലെ 6 മുതൽ പരാതി നൽകാനെത്തുന്നവരുടെ വൻ തിരക്കാണ്.