ന്യൂഡൽഹി: പശുസംരക്ഷണം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ചെരിപ്പു നിർമ്മാണ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട്്(എഫ്ഡിഡിഐ) സ്ഥാപിക്കുന്നതിനുള്ള ബില്ലിനെക്കുറിച്ച് സംസാരിക്കവേയാണ് കേന്ദ്ര വാണിജ്യ സഹമന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് പിന്നിൽ ഗോസംരക്ഷണായിരുന്നെന്നാണു നിർമ്മല പറഞ്ഞത്. ഉത്തർപ്രദേശിലെ ഗോവധ നിരോധനം മൂലം ലെതർ മേഖലയിൽ ചെരുപ്പുണ്ടാക്കാനുള്ള തോലിന്റെ ലഭ്യതയിൽ കുറയുന്നതായി ചൂണ്ടിക്കാണിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങൾക്ക് മറുപടി നൽകവെയാണ് മന്ത്രി പശു സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വാദങ്ങൾ ഉന്നയിച്ചത്.

യുപിയിൽ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്വാതന്ത്ര്യസമരകാലത്ത് തന്നെ ഉണ്ടായിരുന്ന കാര്യമാണിതെന്നുമാണ് മന്ത്രി വിശദീകരിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ പിന്നിലെ വികാരത്തിനൊപ്പം അണിനിരക്കുക മാത്രമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്യുന്നത്. ഒന്ന് സ്വാതന്ത്ര്യസമരകാലത്തും മറ്റൊന്ന് ഇപ്പോഴും നടക്കുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്ന് നിർമല കൂട്ടിച്ചേർത്തു.

ഗോസംരക്ഷണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കരുതെന്നും അത് നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരാഹ്വാനത്തിന്റെ ഭാഗമായിരുന്നുവെന്നും പറഞ്ഞ മന്ത്രി തുകൽ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭിക്കാൻ സംവിധാനമുണ്ടാക്കുമെന്നും സഭയെ അറിയിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള യുപി സർക്കാരിന്റെ ശ്രമങ്ങളെ വളച്ചൊടിച്ച് വിവാദമുണ്ടാക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പിന്നിലെ 'സ്പിരിറ്റ്' ഗോസംരക്ഷണമായിരുന്നുവെന്നായിരുന്നുവെന്ന മന്ത്രിയുടെ വാദത്തെ ചിലർ ചോദ്യം ചെയ്തപ്പോൾ തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.