ന്യൂഡൽഹി: ലോകം മുഴുവൻ ഇന്ത്യയെ പ്രശംസിക്കുമ്പോൾ പ്രതിപക്ഷം രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നു ധനമന്ത്രി നിർമല സീതാരാമൻ. ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിൽ സംസാരിക്കവെയാണു പ്രതിപക്ഷത്തിനെതിരെ നിർമല രൂക്ഷവിമർശനം ഉന്നയിച്ചത്.

'വാക്‌സിനേഷൻ പദ്ധതിയിൽ ഇന്ത്യ ലോകം മുഴുവൻ പ്രശംസിക്കപ്പെടുമ്പോൾ പ്രതിപക്ഷം ഇക്കാര്യത്തിൽ ആദ്യം മുതൽ പ്രചരിപ്പിച്ച സംശയങ്ങൾ ഓർക്കുന്നു. നൂറു കോടിയിലധികം വാക്‌സീൻ ഡോസുകൾ വിതരണം ചെയ്യുന്നതിൽ ഇന്ത്യ സ്വീകരിച്ച മഹത്തായ രീതികൾ ലോകമാകെ പ്രശംസിക്കപ്പെടുകയാണ്. വാക്‌സിനേഷനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36,000 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്.' നിർമല പറഞ്ഞു.'

80 കോടി ജനങ്ങൾക്ക് എട്ട് മാസത്തോളം ഭക്ഷണം നൽകി. ഒരു രാജ്യം, ഒരു റേഷൻ കാർഡ് നടപ്പാക്കി. ഇതുമൂലം കുടിയേറ്റ തൊഴിലാളികൾക്ക് അവർ ജോലിയെടുക്കുന്നിടത്ത് റേഷൻ ലഭിച്ചെന്നും അവർ പറഞ്ഞു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നീക്കിയതോടെ ഭീകരവാദം ഇല്ലാതായെന്നും അവർ വ്യക്തമാക്കി. ജമ്മു കശ്മീരിൽ 56201 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ബംഗാളിൽ ആക്രമണം നേരിടുന്ന ഓരോ പ്രവർത്തകനുമൊപ്പമാണ് പാർട്ടിയെന്നും സുതാര്യമായ ഭരണമാണ് ഡിജിറ്റൽ ഇന്ത്യ വഴി നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.

2004നും 2014നുമിടയിൽ ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2,081 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ 2014 മുതൽ 2021 വരെ 239 പേർക്കു മാത്രമാണു ജീവൻ നഷ്ടമായത്. ജമ്മു കശ്മീരിൽ സമാധാനം സ്ഥാപിക്കപ്പെട്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും നിർമല പറഞ്ഞു.

പ്രതിരോധ മേഖലയിലും സൈന്യത്തിലും വനിതകളുടെ പ്രവേശനമുണ്ടാകും. സ്ത്രീ കേന്ദ്രീകൃത വികസനമാണ് ഞങ്ങളുടെ അജണ്ടയെന്നും ധനമന്ത്രി വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത നിരവധി നേതാക്കൾ വാക്സിനേഷനെയും കോവിഡ് കാലത്ത് പാവങ്ങൾക്ക് സൗജന്യ റേഷൻ നൽകിയതും പ്രകീർത്തിച്ചു.