തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ട കടലിൽ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചിൽ തുടരുമെന്നും യുദ്ധക്കപ്പൽ വരെ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരമാൻ പറഞ്ഞു. കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കണ്ടുപിടിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവസാനയാളെ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്നും മന്ത്രി പറഞ്ഞു. സുനാമി സമയത്ത് പോലും ഇത്രയും രക്ഷാപ്രവർത്തനം നടന്നിട്ടില്ലെന്നും ബാക്കിയുള്ളവരെ കൂടി രക്ഷപെടുത്താൻ എന്ത് സംവിധാനം നൽകാനും കേന്ദ്രസർക്കാർ തയ്യാറാണെന്നും പ്രതിരോധ മന്ത്രി ഉറപ്പ് നൽകി. എന്നാൽ സംസ്ഥാന മന്ത്രിമാർ കടപ്പുറത്ത് എത്താൻ പാടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ തിരുവനന്തപുരത്തെത്തിയത്. കോവളത്ത് അവലോകന യോഗം നടത്തിയ ശേഷം മന്ത്രി വിഴിഞ്ഞം സന്ദർശിച്ചു. അതിന് ശേഷമാണ് നിലപാട് അറിയിച്ചത്. നിങ്ങൾ ശാന്തതയോടെ ഇരിക്കണം. നിങ്ങളുടെ സഹാദരനായാലും ഭർത്താവായാലും മക്കളായാലും എല്ലാവരും തിരിച്ചുവരും. ഞാൻ ഉറപ്പ് നൽകുന്നു. വൈകാരിക പ്രകടനങ്ങൾ ഒഴിവാക്കണം. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിക്കെതിരെ ആരും വിഴിഞ്ഞത്ത് പ്രതിഷേധിച്ചില്ല. ഇന്നലെ മുഖ്യമന്ത്രി എത്തിയപ്പോൾ വലിയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പ്രതിരോധ മന്ത്രിക്ക് പഴുതുകളടച്ച സുരക്ഷയാണ് ഒരുക്കിയത്. എന്നാൽ പരാതി പറഞ്ഞതല്ലാതെ ആരും കേന്ദ്രമന്ത്രിക്കെതിരെ തിരിഞ്ഞില്ല. തമിഴിലായിരുന്നു മത്സ്യത്തൊഴികാളികളെ കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തത്.

മറ്റ് തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്. സുനാമി അടിച്ച സമയത്തേക്കാളും വലിയ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി. പ്രതിരോധമന്ത്രിയുടെ വാക്കുകളെ പ്രതീക്ഷയോടെയാണ് തീരം എടുത്തത്. മന്ത്രിമാരായ കടകംപള്ളി സൂരേന്ദ്രൻ, മേഴ്‌സിക്കുട്ടിയമ്മ എന്നിവരും മന്ത്രിയോടൊപ്പമുണ്ട്. രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും. പൂന്തുറയും മന്ത്രി സന്ദർശിക്കും. മുഖ്യമന്ത്രിയുമായും പ്രതിരോധ മന്ത്രി പ്രത്യേക ചർച്ച നടത്തും. ദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്ര സഹായം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും.

രാവിലെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ജില്ലാ കളക്ടർ, നാവികസേന,തീരദേശ സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയിൽ എത്തിയ മന്ത്രി കന്യാകുമാരിയിൽ ഓഖി ചുഴലിക്കാറ്റ് വിതച്ച നഷ്ടങ്ങൾ വലയിരുത്തി. തുടർന്ന് ശുചീന്ദ്രത്ത് എത്തി പഴയാറ് വെള്ളം കെട്ടിയ ഭാഗങ്ങൾ സന്ദർശിച്ചു.നാഗർകോവിൽ, ചുങ്കാൻകട,വില്ലുക്കുറി കാരവിള ഭാഗങ്ങളിലെ കൃഷിനാശവും മന്ത്രി വിലയിരുത്തി. കൊല്ലങ്കോട്ടും, നീരോടിയിലും മത്സ്യത്തൊഴിലാളികളെയും കണ്ടു. കളക്ടറുമായി നാശ നഷ്ടങ്ങളെക്കുറിച്ച് അവർ ചർച്ച നടത്തി.

ഓഖി ചുഴലിക്കാറ്റിൽ പെട്ടു നിയന്ത്രണം വിട്ട കേരളത്തിൽനിന്നുള്ള മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നു വിദഗ്ദ്ധർ പറയുന്നുണ്ട്. കാറ്റിന്റെ ദിശ വിലയിരുത്തിയാണ് ഈ നിഗമനം. നാവിക, വ്യോമ, തീരസേനകളുടെ സംയുക്ത തിരച്ചിൽ ഈ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചേക്കും. ഇതിനുള്ള സാധ്യതയും പ്രതിരോധ മന്ത്രി തിരക്കിയിട്ടുണ്ട്. ചുഴലിക്കാറ്റുണ്ടായ 30 മുതൽ കടലിലെ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറു കേന്ദ്രീകരിച്ചാണ്. ചുഴലിക്കാറ്റിന്റെ ദിശയ്ക്കനുസരിച്ചു കടലൊഴുക്കിന്റെ ഗതിയും മാറിയിട്ടുണ്ട്. കന്യാകുമാരി ഉൾപ്പെടെ മേഖലകളിൽനിന്നുള്ള പല മൽസ്യത്തൊഴിലാളികളും കേരളത്തിന്റെ തീരത്ത് എത്തിയതും കേരളത്തിന്റെ വടക്കൻ ജില്ലയിൽനിന്ന് ആഴക്കടലിലേക്കു പോയവർ മഹാരാഷ്ട്ര തീരത്തെത്തിയതും ഈ കാറ്റിൽപെട്ടാണ്.

കാറ്റു തുടങ്ങി അഞ്ചു ദിവസമായിട്ടും വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽ നിന്നും ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ വിവരം കിട്ടാനുണ്ട്. ഇനി 96 മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. വ്യോമ, നാവികസേനകൾക്കും കോസ്റ്റുഗാർഡുകൾക്കും പുറമേ മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു മരിച്ചവരുടെ എണ്ണം 23 ആയി. ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭത്തിൽപ്പെട്ട 66 പേരെ രക്ഷിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലും ലക്ഷദ്വീപിലുമായാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഇന്നലെ എട്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹംകൂടി കണ്ടെടുത്തു. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്ത് മൂന്നും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പലതും പൂർണമായി വികൃതമായതിനാൽ തിരിച്ചറിയാനായിട്ടില്ല. വരുംദിവസങ്ങളിൽ മരണസംഖ്യ ഉയരുമെന്നാണ് കണക്കുകൂട്ടൽ. കണ്ടെത്താനുള്ളത് 92 മത്സ്യത്തൊഴിലാളികളെയാണെന്നു റവന്യു വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

അതേസമയം, കടലിൽ കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ കണക്ക് റവന്യൂ വകുപ്പിനോ ഫിഷറീസ് വകുപ്പിനോ ഇല്ലെന്നും ആരോപണമുണ്ട്. മത്സ്യത്തൊഴിലാളികൾ പറയുന്നത് ഇരുനൂറിലധികം പേർ ഇപ്പോഴും കടലിലുണ്ടെന്നാണ്.