ന്യൂഡൽഹി: കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളെ കേന്ദ്രീകരിച്ച് ഉത്തരേന്ത്യയിലെ സംഘപരിവാർ സംഘടനകൾ വൻ പ്രചരണമാണ് നടത്തുന്നത്. ഒരു സമുദായത്തിൽപ്പെട്ടവർ കൂടുതൽ താമസിക്കുന്ന ഇവിടെ മറ്റുള്ളവരുടെ താത്പര്യങ്ങളൊന്നും നടക്കില്ലെന്നാണു പ്രചരിക്കപ്പെടുന്നത്. അടുത്തിടെ ബിജെപി അനുകൂല ചാനലായ ടൈംസ് നൗ കേരളത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ചതുപോലും മൂന്നു ജില്ലകളിൽ മുസ്ലിംകൾ കൂടുതലുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു.

മലപ്പുറത്ത് മുസ്ലിംകളുടെ താത്പര്യമേ നടക്കൂ എന്നുവരെ സംഘപരിവാർ പ്രവർത്തകർ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലൊരു സംഘിക്ക് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു നല്കിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മുസ്ലിംകൾക്കല്ലാതെ മറ്റാർക്കും മലപ്പുറത്ത് ഭൂമി വാങ്ങാൻ പറ്റില്ലെന്നു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഘപരിവാർ പ്രവർത്തകന്റെ വായടിപ്പിച്ചുകൊണ്ടുള്ള മറുപടിയാണ് നിരുപമ നല്കിയത്. മുസ്ലീങ്ങൾ ഒഴികെയുള്ള ആർക്കും മലപ്പുറത്ത് ഭൂമി വാങ്ങാൻ കഴിയില്ലെന്നായിരുന്നു സോംനാഥ് എന്നയാൾ ട്വീറ്റ് ചെയ്തത്. കേരളത്തിന്റെ നേട്ടങ്ങൾ എടുത്ത് പറഞ്ഞു കൊണ്ടുള്ള ശശിതരൂർ എംപിയുടെ ട്വീറ്റിന് കീഴിലായിരുന്നു പരാമർശം.

ഇതിന് മറുപടിയായാണ് നിരുപമ റാവു രംഗത്തെത്തിയത്.
നിങ്ങൾ നുണ പറയുകയാണ് 'ഞാൻ മലപ്പുറത്ത് നിന്നുള്ള വ്യക്തിയാണ് നൂറു വർഷത്തോളമായിഎന്റെ കുടുംബത്തിന് അവിടെ സ്വന്തമായി ഭൂമിയുണ്ട്. നിങ്ങൾ വിദ്വേഷം പരത്തുകയാണ്'

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടർന്ന് കേരളത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമാണ് സംഘപരിവാർ അനുഭാവികൾ നടത്തുന്നത്. മലപ്പുറത്ത് ഇതര മതസ്ഥർക്ക് ഭൂമി വാങ്ങാൻ കഴിയില്ലെന്ന ട്വീറ്റും ഇതിനെ തുടർന്നുള്ളതാണ്.

മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ടാണ് നിരുപമയുടെ ജനനം. ബെംഗലൂരു, പൂണെ, ലക്‌നൗ എന്നിവിടങ്ങളിൽ പഠനം നടത്തിയ നിരുപമ, മറാത്ത്വാഡ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.73 ബാച്ചിലെ ഐ.എഫ്.എസു കാരിയാണ്. മുൻ കർണാടക ചീഫ് സെക്രട്ടറിയായിരുന്ന സുധാകർ റാവുവാണ് ഭർത്താവ്.