മലപ്പുറം: ഭർതൃമതിയും ഒരുകുട്ടിയുടെ അമ്മയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ മുകന്ദപുരം കൊല്ലേത്ത് പുത്തൻവീട് വീട്ടിൽ നിസാമുദീ (39) നെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മുതുവല്ലൂർ നീറാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ഫെബ്രുവരി 19 ഷെയർചാറ്റ് മുഖേനയും വീഡിയോകാൾ മുഖേനയും പരിചയത്തിലായ പ്രതി യുവതിയെ പ്രണയം നടിച്ച് നീറാടുള്ള വീട്ടിൽ നിന്നു ബൈക്കിൽ കൊണ്ടുപോയി എറണാകുളത്തും കോഴിക്കോട്ടുമുള്ള ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ സ്വർണാഭരണങ്ങൾ വാങ്ങി പണയം വച്ച് തിരിച്ചു നൽകാതെ ചതിച്ചുവെന്നുമാണ് പരാതി. യുവതിയെ കാണാതായതോടെ അവരുടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടതോടെ എട്ടു ദിവസത്തിനു ശേഷം ഫെബ്രുവരി 26ന് കൊണ്ടോട്ടിയിൽ കൊണ്ടുവന്ന് യുവതിയെ പ്രതി ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.

മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഫാസ്റ്റ്ഫുഡ് ഷോപ്പുകളിൽ ജോലി ചെയ്തുവരികയായിരുന്ന നിസാമുദീൻ കാസറഗോഡ് ചെറുവത്തൂരിലുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്തതായി അറിവായതിനെ തുടർന്ന് പൊലീസ് അവിടെയെത്തി അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാനഡ് ചെയ്തു. പ്രതി ഇതുപോലെ നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കിയ ആളാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ ഡിവൈഎസ്‌പി കെ. അഷ്റഫ്, ഇൻസ്പെക്ടർ എം.സി പ്രമോദ്, എസ്ഐ ദിനേശ്കുമാർ, സിപിഒ പമിത്ത്, രതീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹിതയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഷെയർ ചാറ്റിലൂടെപരിചയപ്പെട്ട മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടമ്മയെയാണ് ചതിച്ചത്. ഷവർമ പാചക തൊഴിലാളിയായ പ്രതി നിരവധി തവണ പൊലീസിനെ കബളിപ്പിച്ചുകടന്നിരുന്നു. ഒടുവിൽ സംസ്ഥാനത്തെ ഷവർമ നൽകുന്ന കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കാസർഗോഡുള്ള ഒരു ഫാസ്റ്റ് ഫുഡ് കടയിൽനിന്ന് അറസ്റ്റ് ചെയ്യാനായത്.

ഒരു കുട്ടിയുടെ അമ്മ കൂടിയായ 21 കാരിയെ ഷെയർ ചാറ്റിലൂടെ ആണ് കൊല്ലം സ്വദേശിയായ നിസാമുദ്ദീൻ പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ സൗഹൃദം പ്രണയത്തിന് വഴിമാറി. കൊല്ലത്തുനിന്നും നിസാമുദ്ദീൻ കൊണ്ടോട്ടിയിലും എത്തി. കഴിഞ്ഞ ഫെബ്രുവരി 19ന് ആണ് ഇയാൾ കൊണ്ടോട്ടിയിൽ എത്തിയത്. ഇതിനോടകം കടുത്ത പ്രണയത്തിലായ യുവതി നിസാമുദ്ദീനൊപ്പം ഇറങ്ങി പോകുകയും ചെയ്തു. പുലർച്ചെ ബൈക്കുമായെത്തി നിസാമുദ്ദീൻ യുവതിയെ ആദ്യം എറണാകുളത്തേക്ക് കൊണ്ടുപോയി.

തുടർന്ന് കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോടും താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി. ഈ സ്ഥലങ്ങളിൽ എല്ലാം ലോഡ്ജുകളിൽ മുറിയെടുത്തായിരുന്നു പീഡനം. വിവാഹം ചെയ്യാം എന്നു വാഗ്ദാനം നൽകി ആയിരുന്നു നിസാമുദ്ദീൻ യുവതിയെ പീഡിപ്പിച്ചത്. ഫാസ്റ്റ്ഫുഡ് ഷോപ്പുകളിൽ ഷവർമ പാചകം ചെയ്യുന്നതാണ് പ്രതിയുടെ ജോലി. ഇത് മനസ്സിലാക്കി അത്തരത്തിലുള്ള ഷോപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നിസാമുദ്ദീനെ കണ്ടെത്തിയത്. നിസാമുദ്ദീൻ തിരുവനന്തപുരത്തുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസിലാക്കി രക്ഷപ്പെട്ടു.

പ്രതി ഫോൺ നമ്പർ ഇടക്കിടെ മാറ്റുന്നതും അന്വേഷണത്തെ ബാധിച്ചു. തുടർന്ന് കാസർകോട് ചെറുവത്തൂരിലെ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലി ചെയ്ത ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്നും പണം കടം വാങ്ങി മുങ്ങുന്നതും നിസാമുദ്ദീന്റെ രീതി ആണ്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചു വരികയാണെന്നും വിവിധ സ്ത്രീകളുമായി ചാറ്റിങ് നടത്തുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഇയാൾ മറ്റെവിടെയെങ്കിലും ഇതുപോലെയുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോഎന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.