കോതമംഗലം:നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് കുമ്മൻകല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കൽ വീട്ടിൽ നിസാർ സിദ്ദിഖ് (39) നെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ ഞായപ്പിള്ളി ഭാഗത്ത് കളമ്പാടൻ ജോർജ്ജിന്റെ വീട്ടിൽ കയറി 6 പവൻ സ്വർണ്ണാഭരണങ്ങളും, 70000/ രൂപയും മോഷണം ചെയ്ത കേസ്സിലാണ് അറസ്റ്റ്. തുടർന്നും മോഷണം നടത്തുന്നതിനായി വാഹനത്തിൽ കാലടി ഭാഗത്തു കറങ്ങുന്നതിനിടെയാണ് ഇയാൾ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഏറ്റുമാനൂർ, തൊടുപുഴ, കരിമണ്ണൂർ, കുറുപ്പംപടി പൊലീസ് സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസ്സുകളിൽ പ്രതിയാണ്.

ഞായറാഴ്ച കൂട്ടാളിയും ഒന്നിച്ച് ഉച്ചയോടെ കുട്ടമ്പുഴയിൽ എത്തി പല സ്ഥലങ്ങളിൽ കറങ്ങി നടന്ന് ബാറിൽ കയറി മദ്യപിച്ച ശേഷം തിരികെ പോകും വഴി രാത്രി സംഭവം നടന്ന വീട്ടിൽ വെളിച്ചം കാണാത്തതിനെതുടർന്ന് അവിടെ ആളില്ല എന്ന് ഉറപ്പാക്കി. തുടർന്ന് വീടിന്റെ പുറകുവശത്തെ വാതിൽ കയ്യിൽ കരുതിയിരുന്ന ആണി ബാർ ഉപയോഗിച്ച് പൊളിച്ച് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും, പണവും മോഷണം ചെയ്ത ശേഷം വാഹനത്തിൽ കയറി രക്ഷപ്പെട്ടു പോവുകയാണുണ്ടായത്.

മോഷണം നടന്ന വീട്ടുകാർ വൈകീട്ട് അടുത്തുള്ള പള്ളിയിൽ ധ്യാനത്തിന് പോയ ശേഷം രാത്രി തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ധ്യാനത്തിന് പോയ സമയം വീട്ടിൽ ലൈറ്റുകളൊന്നും തെളിച്ചിരുന്നില്ല. നിസാർ തന്റെ വാഹനത്തിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലുവഴി ഭാഗത്ത് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ട് ആഭരണവും പണവും കവർച്ച ചെയ്ത കേസിൽ പിടിയിലായ ശേഷം ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്. കുട്ടമ്പുഴ പൊലീസ് പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.

മുവാറ്റുപുഴ ഡി.വൈ.എസ്‌പി എസ്.മുഹമ്മദ് റിയാസ്, കുട്ടമ്പുഴ പൊലീസ് ഇൻസ്‌പെക്ടർ കെ.എം.മഹേഷ്‌കുമാർ, എഎസ്ഐ മാരായ അജികുമാർ, അജിമോൻ, എസ്.സി.പി.ഒ മാരായ രാജേഷ്, സുഭാഷ് ചന്ദ്രൻ, സി.പി.ഒ അഭിലാഷ്ശിവൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.