- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക ഘട്ടത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് സീമാ ജി നായരെന്ന് വെളിപ്പെടുത്തി നിഷ സാരംഗ്; മണി മായമ്പള്ളിക്ക് വീടൊരുക്കാനുള്ള സീമയുടെ സ്വപ്നത്തിന് കരുത്തായി ആവാസ് അക്കൗണ്ടിൽ എട്ടേമുക്കാൽ ലക്ഷം രൂപ
തിരുവനന്തപുരം: ഉപ്പുംമുളകിലെ നീലുവിനെ മലയാളി മറന്നിട്ടില്ല. പ്രേക്ഷകരുടെ പ്രിയനടി നിഷാ സാരംഗാണ് ഉപ്പും മുളകിൽ നീലിമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു നിർണായക ഘട്ടത്തിൽ മരണാസന്നയായ തന്നെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത് സീമാ ജി നായരാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം. മറുനാടൻ പ്രസിദ്ധീകരിച്ച സീമാ ജി നായരുടെ അഭിമുഖം കണ്ടിട്ട് ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ നേരിട്ട് വിളിച്ചാണ് നിഷ തന്റെ അനുഭവം പങ്കുവച്ചത്.
വീട് വയ്ക്കുന്ന സമയത്ത് ഒരുപാട് ബാധ്യതകളുണ്ടായിരുന്നതിനാൽ താൻ ഒമ്പത് സീരിയലുകളിൽ ഒന്നിച്ചഭിനയിച്ചിരുന്നു. പനി ഉണ്ടായിരുന്നിട്ടും അത് വകവയ്ക്കാതെയാണ് ഒരുമാസത്തോളം അഭിനയിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ലൊക്കേഷനിൽ തലകറങ്ങിവീഴുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാവിലെ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചിട്ട് ലൊക്കേഷനിലേയ്ക്ക് പോയ എന്നെ ട്രയിനിൽ നിന്നും ഇറക്കുന്നത് അബോധാവസ്ഥയിലായിരുന്നു. എനിക്ക് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുമായിരുന്നെന്ന്. അത്യാസന്ന നിലയിലാണ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്ത് മിനിട്ട് കൂടി വൈകിയിരുന്നെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു.
അന്ന് എല്ലാ ദിവസവും സീമ ജീ നായർ തന്നെ കാണാൻ ആശുപത്രിയിൽ വരുമായിരുന്നു. കൗണ്ട് കൂടിയാൽ മാത്രമെ ഞാൻ രക്ഷപ്പെടുകയുള്ളു എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് അവർ എന്നും വീട്ടിൽ നിന്നും ജ്യൂസടിച്ചുകൊണ്ടുവരുകയും അമ്മ വീട്ടിൽ പോകുമ്പോൾ എനിക്ക് കൂട്ടിരിക്കുകയും ചെയ്യുമായിരുന്നു. എന്റെ പേടിയൊക്കെ മാറ്റി ധൈര്യം തന്ന് എന്നെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത് സീമയായിരുന്നു. ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് പ്രധാന കാരണക്കാരി സീമ ജി നായരാണ്. മറ്റൊരാളും തനിക്ക് ഇത്രയേറെ സഹായം ചെയ്ത് തന്നിട്ടില്ലെന്നും നിഷാ സാരംഗ് പറയുന്നു.
ആവാസ് അക്കൗണ്ടിലേയ്ക്ക് എത്തിയത് എട്ടേമുക്കാൽ ലക്ഷം രൂപ
യാതൊരു പ്രതിഫലേച്ഛയും കൂടാതെ സീമാ ജി നായർ ഇങ്ങനെ നിരവധിപേരുടെ ജീവിതത്തിൽ വെളിച്ചമായതിന്റെ കഥ എല്ലാവർക്കുമറിയാം. അതിൽ കുറേയെറേ സംഭവങ്ങൾ അവരുടെ അഭിമുഖത്തിലൂടെ മറുനാടനും പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരുന്നു. ഇന്ന് സീമാ ജി നായർ മറ്റൊരു ദൗത്യത്തിലാണ്. മണി മായമ്പള്ളി എന്ന നാടക കലാകാരന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായുള്ള ശ്രമത്തിലാണ് സീമ. അതിന്റെ വിശദാംശങ്ങൾ മുമ്പ് പല തവണയായി ഞങ്ങൾ പ്രേക്ഷകരെ അറിയിച്ചിരുന്നു. മറുനാടൻ മലയാളി നേതൃത്വം കൊടുക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയും സീമാ ജി നായരും സംയുക്തമായാണ് മണി മായമ്പള്ളിക്ക് വേണ്ടിയുള്ള ധനസമാഹരണം നടത്തുന്നത്.
ഇതുവരെ 8,76,308.62 രൂപയാണ് അക്കൗണ്ടിലേയ്ക്ക് വന്നിട്ടുള്ളത്. അതിന്റെ വിശദവിവരങ്ങൾ ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. സ്വന്തമായി ഭൂമി വാങ്ങി വീട് നിർമ്മിക്കാൻ ഈ പണം അപര്യാപ്തമാണ്. അതിനാൽ പ്രേക്ഷകരുടെ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നു. സീമാ ജി നായരെയോ മണി മായമ്പള്ളിയുടെയോ അക്കൗണ്ടിൽ നേരിട്ട് പണം നൽകാമെന്ന് ചിലർ വാഗ്ദാനം ചെയ്തിരുന്നു. സീമയുടെ അക്കൗണ്ടിലേയ്ക്ക് പണം നൽകുന്നതിനോട് അവർക്ക് യോജിപ്പില്ല. അതിന് അവരുടെ പ്രായോഗിക ബുദ്ധിമുട്ട് നേരത്തെ തന്നെ ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മണി മായമ്പള്ളിയുടെ കുടുംബത്തിന് നേരിട്ട് പണം നൽകാൻ താൽപര്യമുള്ളവർക്ക് അത് ചെയ്യാവുന്നതാണ്. അത്തരത്തിൽ കുറച്ച് പണം ഇപ്പോൾ തന്നെ അവരുടെ അക്കൗണ്ടിലേയ്ക്ക് വന്നിട്ടുണ്ട്.
tensedones@gmail.com എന്നതാണ് സീമാ ജി നായരുടെ ഇ മെയിൽ അഡ്രസ്. അതിലേയ്ക്ക് മെയിൽ അയച്ചാൽ മണി മായമ്പള്ളിയുടെ കുടുംബത്തിന്റെ അക്കൗണ്ട് വിവരങ്ങൾ സീമ കൈമാറുന്നതായിരിക്കും. അതുവഴിയും നിങ്ങൾക്ക് അവരെ സഹായിക്കാൻ സാധിക്കും. ആവാസിന്റെ അക്കൗണ്ടിലൂടെ തന്നെ വേണമെന്ന് നിർബന്ധമില്ല. അവർക്ക് സഹായം ലഭിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. നൽകുന്ന ഓരോ പണത്തിന്റെയും കണക്ക് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വളരെ സുതാര്യമായിരിക്കും ഓരോ ഇടപാടും.
മറുനാടന് മലയാളി ബ്യൂറോ