കൊച്ചി:'ശവപ്പെട്ടിയിൽ കിടന്നപ്പോൾ അന്ന് അനുഭവിച്ച വീർപ്പ് മുട്ടൽ എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ആ നിമിഷം ഞാൻ അവളായി മാറുകയായിരുന്നു. അന്നുമുതൽ ഒരു പോസിറ്റീവ് എനർജി അനുഭപ്പെടുന്നുണ്ട്. സത്യങ്ങൾ കൺമുന്നിൽക്കിടന്ന് മായുന്ന പോലൊരുതോന്നൽ. ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല. ഇതിന്റെ പിറകെ പോയാൽ ഞാൻ പെടും. തെളിഞ്ഞില്ലങ്കിൽ അവളുടെ ഗതിതന്നയായിരിക്കും എനിക്കും നേരിടേണ്ടി വരിക എന്നും അറിയാം. പക്ഷേ ഇതിൽ നിന്നും വിട്ടു നിൽക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല. 'നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തിറങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പെരുമ്പാവൂർ അല്ലപ്ര കവലയിലെ ഓട്ടോ ഡ്രൈവർ കെ വി നിഷ മറുനാടനുമായി പങ്കുവച്ച വിവരങ്ങൾ ഇങ്ങിനെ:

കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നെന്നും കുറ്റവാളിയായവർക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെൻ കാമറ അടക്കമുള്ളവ വാങ്ങിയതെന്നും അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നുമായിരുന്നു വാർത്ത സമ്മേളനത്തിലെ നിഷയുടെ പ്രധാന വെളിപ്പെടുത്തലുകൾ. സംഭവത്തിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാം മാത്രമാണ് കുറ്റക്കാരൻ എന്നു കരുതുന്നില്ലന്നും ജിഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങൾ എല്ലാം അറിയാമെന്നും പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ടെന്നും പറഞ്ഞ ഇവർ പാറമടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടില്ലന്നും പോസ്റ്റ് മോർട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടിയായായിരുന്നെന്നും കൊലപാതകം നടന്ന വീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഒന്നും പൊലീസ് സ്വീകരിച്ചില്ലന്നും സംഭവം വിവാദമാകുന്നതു വരെ ആർക്കു വേണമെങ്കിലും അവിടെ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നു എന്നും മറ്റുമുള്ള ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

ജിഷയുടെ കൊലപാതക അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുതെന്നും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഇവർ കൊച്ചി പ്രസ്സ് ക്ലെബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.

ജിഷ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഉയർന്ന പ്രതിഷേധ സമരങ്ങളിൽ നിഷ സജീവമായി പങ്കെടുത്തിരുന്നു.സംഭവത്തെത്തുടർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഡി വൈ എസ് പി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിനിടെ പൊരിവെയിലിൽ രണ്ട് മണിക്കൂറോളം ശവപ്പെട്ടിക്കുള്ളിൽ കിടന്നിരുന്നു.'ഇനി പെട്രോളുമായി വന്ന് തീ കൊളുത്തിയാലെ ജിഷക്ക് നീതി കിട്ടു എന്നുണ്ടെങ്കിൽ അതിനും ഞാൻ തയ്യാർ' എന്നുള്ള ഈ അവസരത്തിലെ നിഷയുടെ പ്രഖ്യാപനം സമരക്കാരെ പോലും അമ്പരപ്പിച്ചിരുന്നു.

ഇതിന് ശേഷം ഇപ്പോഴാണ് ഈ വിഷയത്തിൽ നിഷയുടെ ഇടപെടൽ പുറത്തുവന്നിട്ടുള്ളത്. വെളിപ്പെടുത്തലുകളുടെ നിജ സ്ഥിതി വ്യക്തമാക്കാമോ എന്ന് ചോദിച്ചപ്പോൾ അത് അന്വേഷിച്ച് കണ്ടെത്തെണ്ടത് പൊലീസിന്റെ ചുമതയാണെന്നായിരുന്നു ഇവരുടെ മറുപിടി.എവിടെ നിന്നാണ് ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിച്ചതെന്ന് ചോദ്യത്തിന് ജിഷയുടെ അമ്മായി ലൈലയുടെ ശബ്ദരേഖയും മറ്റും കൈയിലുണ്ടെന്നും ഇവർ മറുപടി നൽകി. ജിഷയുടെ ആത്മാവുമായി താൻ സംവദിക്കാറുണ്ടെന്നും അവൾ മരിച്ചതും ഞാൻ ജീവിക്കുന്നതും ഒരുപോലെയായ അവസ്ഥയാണ് ഇപ്പോഴെന്നും മറ്റുമുള്ള സാമാന്യബുദ്ധിക്ക് നിരക്കാത്ത നിരവധി കാര്യങ്ങളും മൊബൈൽ സംഭാഷണത്തിനിടെ അവർ വ്യക്തമാക്കി.

കേസിൽ വിചാരണ നടക്കുമ്പോഴൊന്നും ജിഷയുടെ ആരോപണം ആരും ഉയർത്തിയിരുന്നില്ല. ഇപ്പോൾ ജിഷയുടെ ആരോപണങ്ങളെ കുറിച്ചുള്ള വിവരങ്ങൽ പൊലീസ് തേടിയിട്ടുണ്ട്. എന്നാൽ, യുവതി പറഞ്ഞത് കാര്യങ്ങളിൽ യാതൊരു വാസ്തവും ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. പാറമടയിലെ കൊലയെ കുറിച്ച് ആർക്കും ഒരു എത്തും പിടിയുമില്ല. അതുകൊണ്ട് തന്നെ പുകമറ സൃഷ്ടിക്കലാണ് ആരോപണമെന്നും പൊലീസ് വിലയിരുത്തുന്നു. ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കുമ്പോൾ പരമാവധി ശിക്ഷ ഉറപ്പാക്കാൻ കരുതലോടെ തന്നെ പ്രോസിക്യൂഷൻ നീങ്ങും. പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് രഹസ്യാന്വേഷണവും നടത്തുന്നത്.