തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതിയായ ശതകോടീശ്വരൻ മുഹമ്മദ് നിഷാം തിരുവനന്തപുരം സെന്ററൽ ജയിലിലും രാജാവ് തന്നെ. പഞ്ചപുച്ഛമടക്കി നിൽക്കുന്ന ജയിൽ വാർഡന്മാർ. അവർക്ക് നടുവിൽ കിംഗസ് ബീഡി ഉടമ രാജാവായി തന്നെ ജയിലിൽ കഴിയുന്നു. കഴിഞ്ഞ നാലു വർഷത്തോളമായി നിഷാം പൂജപ്പുര ജയിലിൽ ഉണ്ട്. നിസാം കിടക്കുന്ന സെല്ലിലെ മേസ്തരി ഉൾപ്പെടെ എല്ലാവരും നിഷാമിന്റെ പരിചാകരെ പോലെയാണ്. എന്തിനു ഏതിനും എല്ലാത്തിനും കൂടെ ഉണ്ട്. നിഷാം ജയിലിനുള്ളിൽ ബീഡി കച്ചവടം തുടങ്ങിയപ്പോൾ എല്ലാ സഹായവും ചെയ്യുന്നത് സഹ തടവുകാർ തന്നെ.

ശത കോടീശ്വരനായ നിഷാമിന്റെ മനസിലെ ബിസിനസ് മാൻ ഉണർന്നതു കൊണ്ടാവാം ഒരു വിഭാഗം ജയിൽ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് മുഹമ്മദ് നിഷാം ജയിലിനുള്ളിൽ ബീഡി കച്ചവടം ആരംഭിച്ചത്. നിഷാമിന്റെ ആളുകൾ പൂജപ്പുര എത്തിക്കുന്ന ബീഡി തന്ത്രത്തിൽ ജയിൽ ഉദ്യോഗസ്ഥർ തന്നെ ജയിലിനുള്ളിൽ നിഷാമിന്റെ അടുത്ത എത്തിക്കും. അത് ടോയ്ലറ്റിൽ സൂക്ഷിച്ച ശേഷം ആവിശ്യക്കാർക്ക് വിതരണം ചെയ്യും. നിഷാമോ സഹായികളോ ആവും ബീഡി വിതരണം ചെയ്യുക. ബീഡിയുടെ പൈസ ഒന്നുകിൽ ജയിൽ അക്കൗണ്ട് വഴി എത്തിക്കുക. അല്ലെങ്കിൽ അവരവരുടെ ജയിൽ അക്കൗണ്ടിൽ പണം നിഷേപിച്ച ശേഷം നിഷാം പറയുന്ന മട്ടനോ ചിക്കനോ ജയിൽ ക്യാന്റീനിൽ നിന്നു വാങ്ങി നല്കുക.

നിഷാമിന് ജയിൽ കാന്റീനിൽ നിന്നും മട്ടനും ചിക്കനും അടക്കമുള്ള സ്‌പെഷ്യൽ വിഭവങ്ങൾ ഒരു മാസത്തിൽ വാങ്ങാനുള്ള പരിധി 800 രുപയാണ്. ഈ പരിധി കഴിയുമ്പോഴാണ് മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗപ്പെടുത്തുന്നത്. നിഷാമിന് സഹായം നല്കാൻ കൂടെ ഉള്ള തടവുകാർ തന്നെയാണ് ഊഴം വരുമ്പോൾ സെല്ല് വൃത്തിയാക്കുന്നതും പാത്രം കഴുകുന്നതും തുണി അലക്കി നല്കുന്നതും. ബീഡി കച്ചവടത്തിൽ നിഷാമിന്റെ മൊണോപൊളി പൊളിച്ചെടുക്കാൻ ശ്രമിച്ചതാണ് നിലവിലെ ക്വട്ടേഷൻ കൊടുപ്പിന് പിന്നിലെന്ന് പറയപ്പെടുന്നു. നിഷാം ബീഡി കച്ചവടത്തിന് പുറമെ ജയിലിനെ തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തി. അപ്പോഴാണ് പുതിയ സൂപ്രണ്ട് എത്തിയതും ഉദ്യോഗസ്ഥർ ആക്ടീവായതും നടപടികൾ ശക്തിമാക്കിയതും.

എന്നിട്ടും ഒരു വിഭാഗം ഉദ്യോഗസ്ഥർ നൽകിയ പിന്തുണയിൽ മുഹമ്മദ് നിഷാം ബീഡി കച്ചവടം തുടർന്നു. നിഷാമിന്റെ ബീഡി കച്ചവടത്തിന്റെ പങ്ക് ചില ഉദ്യോഗസ്ഥർക്കും കിട്ടുന്നതായി വിവരം ഉണ്ട്. അതേ സമയം നിഷാം സഹ തടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണിൽ നടന്ന സംഭവത്തിൽ നിഷാമിന്റെ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുരയിൽ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ കേസ്.

നസീർ കോടതിയിൽ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്ത് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസെടുത്തത് ഈ മാസം രണ്ടിനും. പൂജപ്പുര സെൻട്രൽ ജയിലിലെ 12ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്കു പോകുന്നയാളാണ് വധശിക്ഷക്ക് ശിക്ഷക്കപ്പെട്ട് ജയിലിൽ കഴിയുന്ന മറ്റൊരു തടവുകാരനായ ബിനു. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികൾ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ സംഭവം നടന്ന ദിവസം തന്നെ ആരെങ്കിലും ആക്രമിച്ചതായി പരാതിയൊന്നും നസീർ അറിയിച്ചില്ലെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു. സംഭവം നടക്കുമ്പോൾ ഒന്നാം ബ്ലോക്കിലായിരുന്നു നിഷാം. നിഷാമിന്റെ പ്രേരണയോടെ ബിനു കാലിൽ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസും പറയുന്നു.

സഹതടവുകാരുടെ അനുയായികൾക്ക് നിഷാം പണം നൽകാറുണ്ടെന്ന വിവരം ജയിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഒരു വിഭാഗം ഉദ്യോഗസ്ഥർ നിഷാമിന്റെ വലം കൈയായി മാറുന്നത് പുതിയ സൂപ്രണ്ടിനും തലവേദനയായി മാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സൂപ്രണ്ട് സത്യരാജ് ജയിൽ വകുപ്പ് ദക്ഷിണ മേഖല ഡിഐജി എ എസ് വിനോദിന് കൈമാറിയെന്നാണ് സൂചന. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ആറു വർഷം മുൻപ് മുഹമ്മദ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താംബ്ലോക്കിൽ താമസിപ്പിച്ചത് അന്ന് വിവാദമായിരുന്നു. മാനസിക രോഗമുള്ളവരെയാണ് സാധാരണയായി ഈ ബ്ലോക്കിൽ പാർപ്പിക്കാറുള്ളത്. നിസാമിന് അത്തരത്തിൽ അസുഖങ്ങളൊന്നും ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങൾ ലംഘിച്ച് നിഷാമിന് ഇവിടെയൊരു സഹായിയെയും ജയിൽ വകുപ്പ് അധികൃതർ അനുവദിച്ച് നൽകിയിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിഷാമിന് സൗകര്യങ്ങൾ അനുവദിക്കുന്നതെന്നാണ് അന്ന് ആക്ഷേപം ഉയർന്നിരുന്നു.

2015 ജനുവരി29ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഗേറ്റ് തുറക്കാൻ വൈകിയതിനും ഐഡി കാർഡ് ചോദിച്ചതിനുമാണ് ചന്ദ്രബോസിനെ നിഷാം ക്രൂരമായി മർദ്ദിച്ചത്. മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തിരുന്നു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപ് (31)നും മർദ്ദനമേറ്റിരുന്നു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ വിവരം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഫ്ലൈയിങ് സ്‌ക്വാർഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയത്.

2015 ഫെബ്രുവരി 16ന് തൃശൂർ അമല ആശുപത്രിയിൽ വച്ചാണ് ചന്ദ്രബോസ് മരണത്തിനു കീഴടങ്ങിയത്. പൊട്ടിയ വാരിയെല്ലുകൾ തറഞ്ഞുകയറി ആന്തരികാവയവങ്ങൾക്ക് സംഭവിച്ച പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.