തൃശൂർ:അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസുകളിലാണ് വധശിക്ഷ വിധിക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിനെ നിസാം കൊന്നതും അത്തരത്തിലൊന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. തീർത്തും അങ്ങനെ വിലിയിരുത്തുകയും ചെയ്യാം.

എന്നാൽ വ്യക്തമായ ഗൂഢാലോചനയുടെ ഫലമായി കൊലപാതകം നടക്കുമ്പോൾ മാത്രമാണ് അതിന് കൂടുതൽ ക്രിമിനൽ സ്വഭാവം കൈവരുക. അത്യപൂർവ്വങ്ങളിൽ അത്യപൂർവ്വമായി എന്നത് പരിഗണിക്കുമ്പോൾ മനപ്പൂർവ്വും കൊലപ്പെടുത്തുകയെന്ന ഉദേശത്തോടെയാണ് ആക്രമണമെന്ന് സ്ഥാപിക്കുകയും വേണം. ചന്ദ്രബോസിന്റെ കൊലക്കേസിൽ നിസാമിനെതിരെ ഇത് തെളിയിക്കാൻ സംശയത്തിന് അതീതമായി പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ചന്ദ്രബോസ് കൊലക്കേസിൽ വധശിക്ഷ കോടതി വിധിക്കാത്തത്.

നിസാം വിഷാദ രോഗത്തിന് അടിമായിരുന്നുവെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിനായി പല തെളിവുകളും ഹാജരാക്കുകയും ചെയ്തു. മദ്യപിച്ചിരുന്നുവെന്നും ഉന്നയിച്ചു. അങ്ങനെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലായിരുന്നു ശോഭാ സിറ്റിയിൽ നടന്നതെല്ലാം എന്ന് നിസാമിന് വേണ്ടി വാദമുയർന്നിരുന്നു. വെറുമൊരു വാഹനാപകടം മാത്രമാണെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർത്ത് തോൽപ്പിച്ചപ്പോഴും മദ്യപാനവും വിഷാദരോഗവുമെല്ലാം നിസാമിന് തുണയായി. ഇതിനൊപ്പം നിസാമും ചന്ദ്രബോസും തമ്മിലുള്ള മുൻവൈരാഗ്യകഥയും സ്ഥാപിച്ചെടുക്കൻ കഴിയാതെ പോയി. ഇതോടെ കൊലപാതകത്തിലെ ഗൂഢാലോചന നിലനിൽക്കാതെയായി.

കൊലപാതകം ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരം നിസാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചശേഷം നൽകേണ്ട ശിക്ഷ സംബന്ധിച്ചും കോടതിയിൽ വാദപ്രതിവാദങ്ങൾ ഉണ്ടായി. വധശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു വാദിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമാണെന്നും സമൂഹമനസ്സിനെ വേദനിപ്പിച്ച സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ പ്രേരണയോ ആസൂത്രണമോ തെളിയിക്കാനായില്ലെന്ന വാദം ഉയർത്തിയാണ് പ്രതിഭാഗം ഇതിനെ പ്രതിരോധിച്ചത്. ഇത് അംഗീകരിക്കാൻ കോടതിയും നിർബന്ധിതമായി.

എങ്കിലും ചെയ്ത കുറ്റത്തിന്റെ വ്യാപതിയെ തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി. സുധീർ കുറച്ചു കാണിക്കുന്നുമില്ല. പരമാവധി ശിക്ഷ നിസാമിന് ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പ്രോസിക്യൂഷൻ ചുമത്തിയ ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകമായി ശിക്ഷ കോടതി വിധിച്ചത്. ഐപിസി 302 ന് ജീവപര്യന്തം ശിക്ഷ നൽകിയ കോടതി, ഗുരുതരമായി അടിച്ചതിനും ആയുധം കൊണ്ടുള്ള ആക്രമത്തിനും വധ ഭീഷണിക്കുമെല്ലാം പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചു. ഇതിലൂടെ 24 കൊല്ലം തടവ് പ്രത്യേകമായി നിസാമിന് കിട്ടി. അതായത് 24 കൊല്ലം തടവ് അനുഭവച്ച ശേഷം ജീവപര്യന്തം.

ജീവപര്യന്തത്തിനെ പറ്റി പല അഭിപ്രായമുണ്ട്. ജീവപര്യന്തം എന്നാൽ മരണം വരെ തടവാണെന്ന് രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീംകോടതിയുടെ പരമാർശമുണ്ട്. എന്നാൽ ഇത് കോടതികൾക്കും ഭരണകൂടങ്ങൾക്കും നിശ്ചയിക്കാം. ജയിൽച്ചട്ടമാകും നിർണ്ണായകം. എന്നാൽ ചന്ദ്രബോസിനെ കൊന്നതിന് ജീവിതകാലം മുഴുവൻ നിസാമിന് ജയിലിൽ കിടക്കേണ്ടി വരും. നിയമത്തിന്റെ ഓരോ ഇഴയും പരിശോധിച്ച് വിധി ന്യായം തയ്യാറാക്കിയതിലൂടെ ജഡ്ജി കെപി സുധീർ ഉറപ്പാക്കിയത് അതാണ്. ഇപ്പോൾ നിസാമിന് 40 വയസ്സായി. ജീവപര്യന്തത്തിന് പുറമേയുള്ള 24 കൊല്ലത്തെ ശിക്ഷ അനുഭവിക്കുമ്പോൾ വയസ്സ് 64 ആകും. ജീവപര്യന്തത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് 14 വർഷമായി കണക്കാക്കിയാലും 78-ാം വയസ്സിലേ നിസാമിന് ജയിൽ മോചിതനാകാൻ കഴിയൂ.

തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി. സുധീർ കാണിച്ച ഈ ജാഗ്രതയാണ് ചന്ദ്രബോസ് കൊലക്കേസ് വിധിയെ ശ്രദ്ധേയമാക്കുന്നത്. 5000 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കോടതിയിൽ നിസാം തന്നെ സമ്മതിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ കോടികളാണ് വാരിയെറിഞ്ഞത്. ചന്ദ്രബോസിന്റെ കുടുംബത്തിനും ഏറെ ഓഫറുകളുണ്ടായി. ഇതിനൊന്നും വഴങ്ങാതെ അവർ നടത്തിയ പോരാട്ടമാണ് കേസിനെ വഴിത്തിരവിലെത്തിച്ചത്. ഇതെല്ലാം കോടതിയുടെ നീതിബോധത്തേയും സ്വാധീനിച്ചിട്ടുണ്ട്. പട്ടിണി കിടന്നും ഭർത്താവിന്റെ ഘാതകന് ശിക്ഷ വാങ്ങി കൊടുക്കാൻ ഇറങ്ങിത്തിരച്ച ജമന്തിയുടേയും കുടുംബത്തിന്റേയും കഷ്ടതയും ജഡ്ജ് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പിഴ ശിക്ഷയായി 80 ല്ക്ഷം രൂപ വിധിച്ചത്. അതിൽ 50 ലക്ഷം ജമന്തിക്ക് കിട്ടുമ്പോൾ അത് ഈ കുടുംബത്തിന് വലിയൊരു ആശ്വാസവുമാകും.

അങ്ങനെ കുറ്റക്കാരന് പരമാവധി ശിക്ഷ നൽകുന്നതിനൊപ്പം ക്രൂരതയുടെ ഇരകളെ സമാശ്വസിപ്പിക്കുന്നത് കൂടിയാണ് തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി. സുധീറിന്റെ വിധി. കരുതലുകൾ ഏറെയുള്ള ഈ വിധി ന്യായത്തെ ഹൈക്കോടിതിയും അംഗീകരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. നിസാമിന് വധശിക്ഷ വാങ്ങികൊടുക്കാൻ അപ്പീൽ പോവുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം നിയമവൃത്തങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ചന്ദ്രബോസിന്റെ വധത്തിലെ കൊല ചെയ്യുകയെന്ന ലക്ഷ്യം സ്ഥാപിക്കാനാവാതെ എന്തിനാണ് അതെന്നാണ് ചോദ്യം. ഹൈക്കോടതിയിലും പ്രോസിക്യൂഷനായി ഉദയഭാനു ഹാജരാകും. വിധിയും പഴുതുകൾ അടച്ചത്. അതുകൊണ്ട് തന്നെ ഈ ശിക്ഷ അതുപോലെ നിലനിൽക്കുമെന്നാണ് വിലയിരുത്തൽ.

79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് ചന്ദ്രബോസ് വധക്കേസിൽ വിധി വരുന്നത്. സംഭവത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രമാണുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. 2015 ജനവരി 29ന് പുലർച്ചെ മൂന്നോടെയാണ് ചന്ദ്രബോസിനുനേരെ അക്രമം നടക്കുന്നത്. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫെബ്രുവരി 16ന് ചന്ദ്രബോസ് അമല ആശുപത്രിയിൽ മരിച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ അറസ്റ്റിലായ നിസാമിനെ രക്ഷിക്കാൻ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെന്ന ആരോപണം ശക്തമായിരുന്നു. സംഭവസമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രങ്ങൾ നഷ്ടപ്പെട്ടതും 19 ദിവസത്തെ ചികിത്സയ്ക്കിടയിൽ മൊഴിയെടുക്കാതിരുന്നതും ആശങ്ക വർദ്ധിപ്പിച്ചു. തൃശൂർ എസ്‌പിയായിരിക്കെ ജേക്കബ് ജോബ് നടത്തിയ നീക്കവും സംശയത്തിന് ഇടയാക്കി. കമ്മീഷണറായി ആർ. നിശാന്തിനി വന്ന ശേഷമാണ് അന്വേഷണം ശരിയായ രീതിയിൽ നീങ്ങിത്തുടങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ഉദയഭാനുകൂടി എത്തിയതോടെ നടപടികൾ വേഗത്തിലായി.

ഏപ്രിൽ നാലിനാണ് കുന്നംകുളം കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സിഐ ബിജുകുമാർ കുറ്റപത്രം സമർപ്പിക്കുന്നത്. കൊലപാതകക്കുറ്റമായതിനാൽ പിന്നീടത് ജില്ലാ കോടതിയിലേക്കു മാറ്റുകയായിരുന്നു.