കൊച്ചി: ചന്ദ്രബോസ് വധക്കേസിൽ തടവിൽ കഴിയുന്ന പ്രതി നിസാമിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റും മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഒരു സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

നിഷാമിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് നിഷാം കഴിയുന്നത്.

നിസാമിന്റെ മനോനില തെറ്റിയതായും മതിയായ ചികിത്സ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി നിസാമിന്റെ ബന്ധുക്കളിലൊരാൾ കോടതിയെ സമീപിച്ചിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരെ നിസാം നൽകിയ അപ്പീലിലാണ് ഉപഹർജിയുമായി ബന്ധു കോടതിയെ സമീപിച്ചത്.

ജയിൽ സന്ദർശിച്ച തനിക്ക് നിസാമിന്റെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയെന്നും മനോനില തകരാറിലായ രീതിയിലായിരുന്നു ഇടപെടലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ തിരിച്ചറിഞ്ഞില്ല, അക്രമാസക്തനായാണ് കാണപ്പെട്ടത്, എന്നീ വാദങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തിര സഹായവും നിരന്തര ചികിത്സയും ആവശ്യമാണെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹർജി പരിഗണിച്ച് മെഡിക്കൽ ബോർഡിനു മുന്നിൽ നിഷാമിനെ ഹാജരാക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ ബോർഡ് പരിശോധനയിൽ യാതൊരു വിധ മാനസിക അസ്വാസ്ഥ്യവും കണ്ടെത്തിയിരുന്നില്ല. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള നിഷാമിന്റെ ശ്രമങ്ങൾ ഇതോടെ വിഫലമായിരിക്കുകയാണ്.