കൊച്ചി: കാളപെറ്റെന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന ഫേസ്‌ബുക്ക് ജീവികൾക്ക് അബദ്ധം പിണഞ്ഞു. കൊച്ചിയിൽ അസിസ്സ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് സ്ഥാനത്തു നിന്നും തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറാക്കി ഉയർത്തിയ നിശാന്തിനി ഐപിഎസിനെ തെറിപ്പിച്ചതാണെന്നും മയക്കുമരുന്നു കേസിൽ ശക്്തമായ നടപടിയാണ് ഇതിന് പിന്നിലെന്നുമൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ചെത്തിയവർ ഒടുവിൽ പുലിവാല് പിടിച്ചു. തന്നെ അനാവശ്യമായി പിന്തുണച്ച് കുഴപ്പത്തിൽ ചാടിക്കുന്നതിനെതിരെ നിശാന്തിനി സൈബർ സെല്ലിൽ പരാതി നൽകി.

കൊച്ചിയിൽനിന്നുള്ള സ്ഥലംമാറ്റത്തിൽ പ്രതിഷേധിക്കാൻ ഫേസ്‌ബുക്ക് പേജ് തുടങ്ങിയവർക്കെതിരെയാണ് തൃശൂർ പൊലീസ് കമ്മീഷണർ ആർ. നിശാന്തിനി പരാതി നൽകിയത്. നിശാന്തിനിയുടെ പടം സഹിതമാണ് സപ്പോർട് നിശാന്തിനി എന്ന പേജ് തുടങ്ങിയിരിക്കുന്നത്. പരാതിയെത്തുടർന്ന് സൈബർ സെൽ അന്വേഷണം തുടങ്ങി.

കൊച്ചിയിലെ മയക്കുമരുന്ന് കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ വേണ്ടിയാണ് നിശാന്തിനിയെ സ്ഥലം മാറ്റിയതെന്നായിരുന്നു പ്രചരണം. കൊച്ചിയിൽ ചാർജ്ജെടുത്ത വേള മുതൽ മയക്കുമരുന്ന്, പെൺവാണിഭ സംഘടങ്ങളെ അമർച്ച ചെയ്യാൻ മുന്നിട്ടിറങ്ങിയിരുന്നു. രണ്ടുവർഷം മുൻപ് ചാർജെടുത്ത ഉടനെ ഷാഡോ പൊലീസിനെ ഉപയോഗിച്ച് നടത്തിയ ആദ്യ ഓപ്പറേഷൻ ഡ്രീംസ് ഹോട്ടലിലെ ഡി.ജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചെടുത്തതായിരുന്നു.

ഷൈൻ ടോം ചാക്കോയും മോഡലും ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിശാന്തിനിക്ക് സർക്കാർ പ്രമോഷൻ നൽകിയത്. ഇതോടെ മയക്കുമരുന്ന് കേസിന്റെ പേരിലാണ് സ്ഥലംമാറ്റമെന്ന വിധത്തിൽ പ്രചരണം ശക്തമാകുകയായിരുന്നു. ഇതിനെതിരെയാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്.

എ.സി.പി സ്ഥാനത്തായിരുന്ന നിശാന്തിനിയെ ഇപ്പോൾ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായി പ്രേമോഷൻ നൽകിയാണ് സ്ഥലംമാറ്റിയത്. തിനിടെ കൊക്കെയ്ൻ കേസിലെ അന്വേഷണങ്ങളാണ് ഇവരെ സ്ഥലം മാറ്റത്തിന് കാരണമെന്ന പ്രചരണങ്ങളിൽ അടിസ്ഥാനമില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആറ് മാസം മുമ്പ് ഇവർ തനിക്ക് പ്രമോഷൻ നൽകണമെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തന്റെ കൂടെയുണ്ടായിരുന്നവർക്ക് എസ്‌പിയായി പ്രമോഷൻ നൽകിയപ്പോൾ തനിക്കും ഇതേ പോസ്റ്റ് ലഭിക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ഇതുകൂടി പരിഗണിച്ച് കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയെ ഒതുക്കിയ ആഭ്യന്തര മന്ത്രിയുടെ ഗുഡ്‌ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ അവരുടെ ഇഷ്ടപ്രകാരം പോസ്റ്റിങ് നൽകുകയാണ് ഉണ്ടായിരിക്കുന്നത്. എറണാകുളം റൂറൽ എസ്‌പിയായി നിയമനം ലഭിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഇത് സാധിച്ചിരുന്നില്ല.