കൊച്ചി: നിസ്സാന്റെ പുതിയ ബി-എസ്യുവിയായ, മാഗ്നൈറ്റ് കൺസെപ്റ്റിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനുകൾ അവതരിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ഡിസൈൻ ചെയ്ത നിസ്സാൻ മാഗ്നൈറ്റ് മറ്റ് രാജ്യങ്ങളിലേ കയറ്റുമതി നടത്തുകയും ചെയ്യും. സമാന്തരമായ ഇൻസ്ട്രുമെന്റ് പാനൽ ആയതിനാൽ മാഗ്നൈറ്റ് കൺസെപ്റ്റിന്റെ ഇന്റീരിയറുകൾ വിശാലവും വീതി കൂടിയതുമാണ്. പ്രത്യേക ആകൃതിയും ക്ലിഫ് സെക്ഷനും ഉള്ള എയർ വെന്റിലേറ്ററുകൾ, ഒരു സ്പോർട്ടി ഭാവം നൽകുകയും എസ്യുവി അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടുതൽ സുഖസൗകര്യങ്ങളുള്ള സ്‌പോർടി മോണോ-ഫോം ഷേപ്പ് സീറ്റാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

'കേവലം കടലാസിൽ വരച്ച്കാട്ടുന്നതിന് പകരം ശില്പകലയെ അടിസ്ഥാനമാക്കിയുള്ളതാണ് വാഹനത്തിന്റെ ഡിസൈൻ. വാഹനത്തിന്റെ ബോഡിയിൽ ദൃഡവും ചലനാത്മകവുമായ ഒരു ഭാവം വരുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കൾ ഇത് ഏറെ ഇഷ്ടപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ' നിസാൻ മോട്ടോർ കോർപ്പറേഷന്റെ ഡിസൈൻ മാനേജർ തകുമി യൊനിയാമ പറഞ്ഞു.

'ജപ്പാനിൽ ഡിസൈൻ ചെയ്ത നിസാൻ മാഗ്നൈറ്റ് കൺസെപ്റ്റ് ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്താണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വെർട്ടിക്കൽ മോഷനിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന മുൻഭാഗവും ഗ്രിൽ ഫ്രെയിമും കാഠിന്യം വർദ്ധിപ്പിക്കുന്നതാണ്. വളരെ നേർത്തതും ഷാർപ്പുമായ എൽഇഡി ഹെഡ് ലാമ്പുകളും എൽ-ആകൃതിയിലുള്ള ഡേ-ടൈം റണ്ണിങ് ലൈറ്റും ആളുകളിൽ മതിപ്പ് സൃഷ്ടിക്കുന്നതാണ്. ഇത് കാറിന് ഒരു ബോൾഡ് ലുക്ക് നൽകുന്നു.' നിസാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ബോൾഡ് ഡിസൈനും നിറവും നിസ്സാൻ മാഗ്നൈറ്റ് കൺസെപ്റ്റിനെ ഇന്ത്യൻ നിരത്തുകളിൽ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്. ഇന്ത്യൻ വിപണിയിലേക്ക് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള മാഗ്നൈറ്റ് കൺസെപ്റ്റ് നിസ്സാന്റെ എസ്യുവി ചരിത്രത്തിലെ ഒരു പരിണാമ കുതിപ്പാണ്.