സംഘർഷം നിലനിൽക്കുന്ന ശ്രീനഗറിലെ എൻ.ഐ.ടിയിലേക്ക് ത്രിവർണപതാകകളുമായി ഡൽഹിയിൽനിന്ന് ബസ് പുറപ്പെട്ടു. എൻ.ഐ.ടിയിലെ കാശ്മീരികളല്ലാത്ത വിദ്യാർത്ഥികൾക്ക് പിന്തുണയുമായാണ് ചലോ എൻ.ഐ.ടി എന്ന് പേരിട്ടിട്ടുള്ള ബസ് പുറപ്പെട്ടിട്ടുള്ളത്. പുറമെ നിന്നുള്ള വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തുന്നവരും പ്രദേശവാസികളുമായി സംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 150-ഓളം സ്ത്രീകളും പുരുഷന്മാരുമാണ് ചലോ എൻ.ഐ.ടി യാത്രയിൽ പങ്കെടുക്കുന്നത്. യാത്രയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശക്തമായ വാദ പ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്. യാത്രയെ ആക്രമിക്കുമെന്നുപോലും ചിലർ ഭീഷണിപ്പെടുത്തി.

ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ടതിനെത്തുടർന്നാണ് സംഘർഷങ്ങൾ ഉടലെടുത്തത്. കാശ്മീരുകാരായ വിദ്യാർത്ഥികൾ ഇന്ത്യയുടെ പരാജയം ആഘോഷിച്ചപ്പോൾ പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യ അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെയാണ് സംഘർഷമുണ്ടായത്.

പിന്നീട് പുറത്തുനിന്നുള്ളവർ കാമ്പസിനുള്ളിൽക്കടന്ന് പുറമെനിന്നുള്ള വിദ്യാർത്ഥികളെ മർദിക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ കാശ്മീർ പൊലീസും ക്രൂരമായി ലാത്തിച്ചാർജ് ചെയ്തു. അർധസൈനിക വിഭാഗത്തിന്റെ കാവലിലാണ് കാമ്പസ് ഇപ്പോഴുള്ളത്.

ഇതോടെയാണ് ട്വിറ്ററിലൂടെ വിദ്യാർത്ഥികൾക്ക് പിന്തുണയൊരുക്കാൻ ആഹ്വാനം നടന്നത്. 12 സംസ്ഥാനങ്ങളിൽനിന്നുള്ള 150 പേരാണ് ശ്രീനഗറിലേക്ക് ത്രിവർണപതാകയുമായി യാത്ര പുറപ്പെട്ടിട്ടുള്ളത്. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് തേജീന്ദർ പാൽ എസ്. ബഗ്ഗയാണ് ഈ ശ്രമത്തിന് പിന്നിൽ.

ബസും ഒട്ടേറെ വാഹനങ്ങളും ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രഖബ്ഗഞ്ജ് ഗുരുദ്വാരയിൽനിന്നാണ് യാത്ര പുറപ്പെട്ടത്. സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ പിന്തുണയോടെയാണ് ചലോ എൻ.ഐ.ടി. യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബഗ്ഗ പറഞ്ഞു.