- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംഗ്ലിയ റസ്‌കിൻ സർവ്വകലാശാല യൂണീയൻ വൈസ് പ്രസിഡണ്ടായി മലയാളി വിദ്യാർത്ഥി; തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് നാല് കാമ്പസുകളുടെ ചുമതലക്കാരൻ; ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ സജീവമായി ഇടപെടും
ബ്രിട്ടീഷ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കേരളത്തിന്റെ കൈയൊപ്പ്. ചെംസ്ഫോർഡിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് വൈസ് പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 39,400-ൽ ഏറെ വിദ്യാർത്ഥികളുള്ള ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്സിറ്റിക്ക് കേംബ്രിഡ്ജ്, ചെംസ്ഫോർഡ്, പീറ്റർബറോ, ലണ്ടൻ എന്നിവിടങ്ങളിലായി നാല് ക്യാമ്പസ്സുകളാണ് ഉള്ളത്. സാമ്പത്തികം, ദൈന്യംദിന പ്രവർത്തനങ്ങൾ, നിയമം എന്നിവയുടെ ചുമതലയുള്ള വൈസ് പ്രസിഡണ്ട് എന്ന നിലയിൽ നിതിൻ ഈ നാലു കാമ്പസ്സുകളുടെയും ചുമതല ഏറ്റെടുക്കും.
ഏട്ടുപേരായിരുന്നു വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ഏറ്റവും രസകരമായ കാര്യം ഇതിൽ നിതിൻ ഉൾപ്പടെ ആറുപേർ മലയാളികളായിരുന്നു എന്നതാണ്. മറ്റ് അഞ്ച് മലയാളി സ്ഥാനാർത്ഥികൾ കൂടി ഇതേ സ്ഥാനത്തേക്ക് മത്സരത്തിനെത്തിയതോടെ വലിയ വിജയപ്രതീക്ഷയൊന്നും നിതിന് ഉണ്ടായിരുന്നില്ല. വോട്ടുകൾ വിഭജിച്ചു പോവുക വഴി മറ്റൊരു സ്ഥാനാർത്ഥിയായിരിക്കും ജയിക്കുക എന്നായിരുന്നു കണക്കുകൂട്ടലുകൾ.
എന്നാൽ, സ്വതസിദ്ധമായ ശൈലിയിൽ വിദ്യാർത്ഥികളെ ആകർഷിച്ച നിതിന് വിജയം ലഭിക്കുകയായിരുന്നു. സപ്ലൈ ചെയിൻ മാനേജ്മെന്റിൽ എം എസ് സിക്ക് പഠിക്കുന്ന നിതിന് ഇതോടെ ഉത്തരവാദിത്തങ്ങൾ ഏറും. എന്നാൽ, അതിനൻസരിച്ച് ഗുണങ്ങളും ഉണ്ട്. വൈസ് പ്രസിഡണ്ട് എന്നനിലയിൽ ഒരു നിശ്ചിതവേതനം നിതിന് ലഭിക്കും എന്നുമാത്രമല്ല, വിസ ഒരു വർഷത്തേക്ക് കൂടി നീട്ടിക്കിട്ടുകയും ചെയ്യും. മലയാളി അസ്സോസിയേഷൻ ഓഫ് യു കെയുടെ സജീവ പ്രവർത്തകൻ കൂടിയായ നിതിൻ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ നിതിൻ രാജ്, കേരള സർവകലാശാലയിൽ നിന്നും എം കോം പൂർത്തിയാക്കിയ ശേഷം 2021-ലാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലെത്തുന്നത്. വിദേശ വിദ്യാർത്ഥികളുടെ ആവശ്യങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിപ്പിക്കുക എന്നതാണ് നിതിൻ ആദ്യം ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാര്യം. അതുപോലെ കൂടുതൽ കായിക സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
മുൻ എൽ ഐ സി ഉദ്യോഗസ്ഥനായ ജി കെ ശിവരാജന്റെയും പരേതയായ നിഷ ശിവരാജന്റെയും മകനാണ് നിതിൻ രാജ്. ഏക സഹോദരൻ കിരൺ രാജ് തിരുവനന്തപുരത്ത് മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നു. അടുത്തിടെ ബ്രിട്ടനിലെത്തിയ മലയാളി വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നല്ലതുപോലെ അറിയാവുന്ന നിതിൻ അക്കാര്യങ്ങൾക്കും മുൻഗണന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ