- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം അഭിഷേകിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ പ്രശ്നമായി; എതിർപ്പു തുടർന്നപ്പോൾ തല ഭിത്തിയിൽ ഇടിച്ചു പൊട്ടിച്ചു; ഈ ബന്ധം നമുക്ക് പറ്റില്ലെന്ന് ഉപദേശിച്ചിരുന്നുവെന്ന് സമ്മതിച്ച് അച്ഛനും; നിതിനയെ കൊന്ന കേസിൽ ഇനി അതിവേഗ കുറ്റപത്രം
കോട്ടയം: നിതിനയെ വകവരുത്തിയ പ്രണയപകയിലെ വില്ലനെതിരെ അതിവേഗ കുറ്റപത്രം നൽകാൻ പൊലീസ്. പൊതുവേ ഒതുങ്ങിയ പ്രകൃതക്കാരനായ അഭിഷേകിനെക്കുറിച്ചു നാട്ടിൽ നല്ല അഭിപ്രായമാണ്. കേസുകൾ ഒന്നുമില്ല. പഞ്ചഗുസ്തിയിലും താരം. അച്ഛനും അമ്മയും പഞ്ചഗുസ്തി താരങ്ങളായിരുന്നു. പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തു മെഡലുകൾ നേടിയിട്ടുണ്ട് അഭിഷേക്. കൊലപാതകത്തിൽ ശക്തമായ തെളിവുകൾ ഉണ്ട്. കൊലപാതകത്തിനു ദൃക്സാക്ഷികൾ ഉണ്ട്. പ്രതിയായ അഭിഷേക് പൊലീസ് എത്തുന്നതു വരെ സംഭവ സ്ഥലത്തു തന്നെ നിൽക്കുകയും ചെയ്തു. അഭിഷേകിന്റെ ഷർട്ടും ദേഹത്തെ രക്തത്തിന്റെ സാംപിളും പൊലീസ് ശേഖരിച്ചു. ഇതെല്ലാം കേസിൽ നിർണ്ണായകമായി മാറും.
തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ നിതിനമോളാ(22)ണു പാലാ സെന്റ് തോമസ് കോളജ് കാമ്പസിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11.30-നാണ് സംഭവം. കൊലപാതകത്തിനുശേഷം കൂസലില്ലാതെ കാമ്പസിൽ ഇരുന്ന പ്രതി കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു (20) അറസ്റ്റിലാവുകയും ചെയ്തു. സെന്റ് തോമസ് കോളജിൽ ബി വോക്-ഫുഡ് ടെക്നോളജി അവസാനവർഷ ബിരുദവിദ്യാർത്ഥികളാണു കൊല്ലപ്പെട്ട നിതിനയും പ്രതി അഭിഷേകും. കോവിഡ് കാലത്തു മാറ്റിവച്ച മെയിൻ പരീക്ഷ എഴുതിയശേഷം പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. നിലവിളി കേട്ട് കോളജിലെ സുരക്ഷാജീവനക്കാരനും രണ്ട് വിദ്യാർത്ഥികളും ഓടിയെത്തിയപ്പോൾ ചോരവാർന്ന്, പിടയുന്ന നിതിനയെയാണു കണ്ടത്.
പ്രണയം തുടരാൻ അഭ്യർത്ഥിക്കാനും അതിനു വഴങ്ങിയില്ലെങ്കിൽ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണു തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്. കൈത്തണ്ട മുറിക്കുമ്പോൾ സഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസിൽവച്ചു സംസാരിക്കാൻ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് വിശദീകരിച്ചു. വീട്ടുകാർക്ക് ഈ ബന്ധത്തോടു താൽപര്യമില്ലായിരുന്നു. പക്ഷേ പിന്മാറിയില്ല. ഒരു വർഷം മുൻപ് നിതിനമോൾ തന്റെ വീട്ടിൽ എത്തിയിരുന്നതായും മൊഴിയിലുണ്ട്. അഭിഷേകിനേക്കാൾ പ്രായമുണ്ട് പെൺകുട്ടിക്ക്. പ്രണയത്തെ അനുകൂലിച്ചിരുന്നില്ല എന്ന് അഭിഷേകിന്റെ പിതാവ് യു.സി.ബൈജുവും പൊലീസിനു മൊഴി നൽകി.
പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അഭിഷേകിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ തന്നെ പ്രശ്നമായി. ഒന്നര വർഷം മുൻപാണു വീട്ടിൽ അറിഞ്ഞത്. ഈ ബന്ധത്തിൽനിന്നു പിന്മാറാൻ പലതവണ ഉപദേശിച്ചു. ഇതെച്ചൊല്ലി വഴക്ക് ഉണ്ടായി. ഒരിക്കൽ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ അഭിഷേക് തല ശക്തമായി ഭിത്തിയിലിടിച്ചു മുറിവുണ്ടാക്കി. നെറ്റിയിൽ ഉണ്ടായ വലിയ മുറിവിനു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇക്കാര്യങ്ങൾ അഭിഷേകിന്റെ അച്ഛനും സമ്മതിച്ചിട്ടുണ്ട് പൊലീസിനോട്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചെറിയ സൂചന ഉണ്ടായിരുന്നു.ഈ ബന്ധം നമുക്കു പറ്റിയതല്ലെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറഞ്ഞു. എന്നത്തെയും പോലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു തന്നെയാണ് അഭിഷേക് ഇറങ്ങിയത്. പെരുമാറ്റത്തിൽ മറ്റ് അസ്വഭാവികത ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അച്ഛൻ വിശദീകരിച്ചു.
കഴുത്തിൽ ആഴത്തിൽ നിതിനയെ മുറിവേൽപ്പിക്കുകയായിരുന്നു അഭിഷേക്. നിതിനയെ കോളജ് പ്രിൻസിപ്പലും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ സമീപത്തെ മരിയൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സമയമെല്ലാം കൂസലില്ലാതെ സമീപത്തെ തിട്ടയിലിരുന്ന അഭിഷേകിനെ കോളജ് ജീവനക്കാരും മറ്റ് വിദ്യാർത്ഥികളും തടഞ്ഞുവച്ച് പൊലീസിനു കൈമാറി. ബിന്ദുവാണു നിതിനയുടെ അമ്മ. ഏകമകളായിരുന്നു. നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്കെത്തിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടതിനെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും മൊഴിയിൽ പറയുന്നു.
പരീക്ഷ കഴിഞ്ഞ്, കാമ്പസിനു പുറത്തേക്കുള്ള വഴിയിലൂടെ നടന്നുവന്ന നിതിനയെ മാവിൻചുവട്ടിൽ കാത്തുനിന്ന അഭിഷേക് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന്, കഴിഞ്ഞദിവസം നിതിനയിൽനിന്നു ബലമായി വാങ്ങിയ ഫോൺ തിരികെക്കൊടുത്തു. നിതിനയ്ക്കു വേറാരുമായാണു പ്രണയമെന്നു ചോദിച്ച് ആക്രോശിച്ചു. ഇതിനിടെ നിതിന അമ്മയെ ഫോൺ വിളിച്ചു. തന്റെ ചോദ്യത്തിന് ഉത്തരം പറയാതെ അവഗണിച്ച നിതിനയെ അഭിഷേക് മുടിയിൽ കുത്തിപ്പിടിച്ച് വീഴിക്കുകയും കടലാസ് മുറിക്കുന്ന കത്തിയുപയോഗിച്ച് കഴുത്തിലെ ഞരമ്പ് മുറിക്കുകയുമായിരുന്നു.
ഇന്നലെ വയോജന ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി മുത്തശ്ശിയുടെ കൂടെനിന്നു ഫൊട്ടോയെടുത്ത അഭിഷേക് ബന്ധുക്കൾക്കും പ്രിയപ്പെട്ടവനായിരുന്നു. കൂടുതൽ സമയവും വീട്ടിൽ ചെലവഴിക്കുന്ന ശീലമായിരുന്നുവെന്നും കൂട്ടുകാർ കുറവാണെന്നും ബന്ധുക്കൾ പറഞ്ഞു. കൊലപാതക വിവരമറിഞ്ഞു നാട്ടുകാർ എത്തുമ്പോൾ അഭിഷേകിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.പിതാവ് ബൈജു വിവരമറിഞ്ഞ് പാലായിലേക്കു പോയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ