- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വല്ലപ്പോഴും വീട്ടിലെത്തുന്ന അച്ഛൻ; പ്രളയത്തിൽ വീടു തകർന്നപ്പോൾ ആശ്വാസമായത് ആലുക്കാസ് പണിത് നൽകിയ ഭവനം; തയ്യൽ പണിയെടുത്ത് മകളെ പൊന്നു പോലെ നോക്കിയത് പഠിപ്പിച്ച് മിടുക്കിയാക്കാൻ; മകളുടെ ദാരുണ മരണമറിഞ്ഞ് സമനില തെറ്റി ബിന്ദു; പാലാ സെന്റ് തോമസിലെ പ്രണയപ്പകയിൽ എല്ലാം നഷ്ടപ്പെട്ട് നിതിനയുടെ അമ്മ
കോട്ടയം: ഒരമ്മയുടെ ഏക പ്രതീക്ഷയായിരുന്നു നിതിന മോൾ. ആരോരുമില്ലാത്ത കുടുംബം. നാട്ടുകാരുടെ ആശ്രയത്തിൽ മുമ്പോട്ട് പോയ അമ്മയും മകളും. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്തുകൊലപ്പെടുത്തുമ്പോൾ ഏകയാകുന്നത് ഈ അമ്മയാണ്. ഈ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് നാട്ടുകാർക്ക് അറിയില്ല.
നിതിന മോളുടെ മാതാവ് ബിന്ദുവിന് തയ്യൽ ജോലിയാണ്. പിതാവ് വല്ലപ്പോഴും വീട്ടിലെത്താറുള്ളു. ഇയാളെ കുറിച്ച് കാര്യമായ വിവരമില്ല. പ്രളയത്തിൽ വീടു തകർന്നിരുന്നു. ജോയി ആലുക്കാസ് നിർമ്മിച്ചു നൽകിയ വീടാണ് ഇപ്പോഴുള്ളത്. തലയോലപ്പറമ്പ് പഞ്ചായത്ത് പത്താം വാർഡിൽ തുറയിൽ ഭാഗത്താണ് വീട്. പ്രാരാബ്ദങ്ങൾക്കിടയിലും മകളെ പഠിപ്പിച്ച് മിടുമിടുക്കിയാക്കാൻ കൊതിച്ച അമ്മ. ഒന്നിനും കുറവ് വരാതെ നോക്കുയും ചെയ്തു.
അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ അമ്മയും മകളും സ്കൂട്ടറിലാണ് പുറത്തുപോയിരുന്നത്. ഇവരെക്കുറിച്ച് അയൽക്കാർക്കാരിൽ ഭൂരിപക്ഷം പേർക്കും കൃത്യമായ വിവരമില്ല. മകളുടെ ദാരുണ മരണമറിഞ്ഞ ബിന്ദു സമനില തെറ്റിയതുപോലെ പെരുമാറുന്നതായിട്ടാണ് അയൽവാസികൾ പറയുന്നത്. ആർക്കും അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ല. ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിനാ മോൾ.
വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിന മോളാണ് (22) ദാരുണമായി കോളേജിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയായിരുന്നു കൊലയ്ക്ക് കാരണം. ഫുഡ് ടെക്നോളജി വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയ നിതിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം.
കോളേജ് വളപ്പിൽ കാത്തുനിന്ന യുവാവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്തുകൊലപ്പെടുത്തുകയായിരുന്നു. മറ്റ് വിദ്യാർത്ഥികൾ നോക്കിനിൽക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിതിനമോളും തമ്മിൽ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നു. പെട്ടെന്ന് അഭിഷേക്, നിതിനയെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.
'ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യൻ കൈ തുടച്ച് പരിസരത്തെ കസേരയിൽ കയറി ഇരുന്നു. ഉടൻ തന്നെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്'- സെക്യുരിറ്റി പറഞ്ഞു.
അഭിഷേക് ബൈജുവും നിതിനമോളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ഇന്ന് പരീക്ഷയ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതൽ 12.30 വരെയാണ്. പരീക്ഷ. എന്നാൽ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ലേഖകന്.