വൈക്കം: പഠനത്തിൽ വളരെ മികവ് പുലർത്തിയിരുന്ന നിഥിന മോൾ സമീപവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. കുട്ടിത്തം നിറഞ്ഞ ചിരിയുമായിട്ടല്ലാതെ നിധിമോളെ കണ്ടതായി അടുപ്പക്കാർ ഓർക്കുന്നു കൂടിയില്ല. ആരുടെ മുന്നിലും ചിരിച്ചമുഖവുമായി എത്തുന്ന പ്രകൃതമായിരുന്ന നിധിനയുടേത് .അതുകൊണ്ട് തന്നെ ഏവർക്കും ഇഷ്ടവുമായിരുന്നു.

കോവിഡിനെ തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആക്കിയതിനാൽ നിധിന വരുമാനത്തിനായി വൈക്കത്തെ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. അച്ഛൻ വർഷങ്ങളായി അകന്ന് കഴിയുന്നതിനെ തുടർന്ന് അമ്മ ബിന്ദു തയ്യൽ തൊഴിലിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലൂടെ ആയിരുന്നു മകളെ വളർത്തിയിരുന്നത്.

ബിന്ദുവിന്റെ ഏക ആശ്രയവും പ്രതീക്ഷയുമായിരുന്നു മകൾ. വിവരം അറിഞ്ഞതിനെ തുടർന്ന് നിരവധി ആളുകളാണ് വീട്ടിൽ എത്തിയത്. നിഷ്‌കളങ്കയായ പെൺകുട്ടിയുടെ മരണവാർത്തയുടെ ഞെട്ടലിൽ നിന്നും നാട് ഇതുവരെ മുക്തമായിട്ടില്ല. ചിരിച്ച് കുശലം തിരക്കുന്നതിനാൽ
സമീപത്ത് താമസിക്കുന്ന കൊച്ചുകുട്ടികൾക്കും ഏറെ പ്രിയങ്കരി ആയിരുന്നു നിധിനമോൾ.

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി ആളുകൾ ആശ്വാസവാക്കുകളുമായി എത്തിയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം തലയോലപ്പറമ്പിലെ വീട്ടിൽ എത്തിക്കും. തുടർന്ന് അമ്മവീടായ ഉദയനാപുരം തുറുവേലിക്കുന്നിലുള്ള ധ്രുവപുരം ക്ഷേത്രത്തിന് സമീപത്തുള്ള കുന്നേപ്പടി വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

അതേസമയം പാലായിൽ സഹപാഠിയായ പെൺകുട്ടിയെ അഭിഷേഖ് ബൈജു കഴുത്തറുത്തുകൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് സൂചന. പൊലീസ് ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്. കഴുത്തറുത്തുകൊലപ്പെടുത്താനിടയാക്കിയത് സംശയമാണെന്ന് പ്രതി അഭിഷേക് ബൈജുവിന്റെ മൊഴി. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് അഭിഷേക് സംശയിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തിൽ യാതൊരു കുറ്റബോധവും ഇല്ലെന്ന് പൊലീസ് പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോഴും അഭിഷേകിന്റെ മുഖഭാവത്തിൽ ഇത് വ്യക്തമായിരുന്നു. ഇതെല്ലാം ആസൂത്രിത കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങളാണ്.

പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കൽ വീട്ടിൽ നിഥിനയെ അഭിഷേക് ഇന്ന് രാവിലെ 11.30 ഓടെ കഴുത്തറുത്തുകൊല്ലപ്പെടുത്തുകയായിരുന്നു. 'നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങൾ താൻ ഫോണിൽ കണ്ടു' ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് അഭിഷേക് മൊഴി നൽകിയിരിക്കുന്നത്.

ഈ ബന്ധം സംബന്ധിച്ച് നിഥിനയോട് പലതവണ ചോദിച്ചെന്നും എന്നാൽ കൃത്യമായി മറുപടി നൽകിയില്ലെന്നും അഭിഷേകിന്റെ മൊഴിയിൽ പറയുന്നു. രണ്ടു വർഷമായി പ്രണയത്തിലായ നിഥിനയും അഭിഷേകും തമ്മിൽ അകലാൻ കാരണം ഇത്തരമൊരു സംശയമാണെന്നാണ് പൊലീസ് കരുതുന്നത്. സ്വയം കൈത്തണ്ട മുറിച്ച് പെൺകുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കട്ടർ കൈയിൽ കരുതിയത എന്നാണ് മൊഴിയെങ്കിലും പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. എന്നാൽ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി.

നിഥിനയെ കൊലപ്പെടുത്തിയ ശേഷം ഒരു കൂസലുമില്ലാതെ അടുത്തുള്ള ബഞ്ചിൽ വിശ്രമിക്കുകയായിരുന്നു അഭിഷേക് ബൈജുവെന്ന് ദൃക്സാക്ഷികൾ വ്യക്തമക്കി. പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ കെട്ടിട നിർമ്മാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. അവർ ഓടിയെത്തുമ്പോൾ കാണുന്നത് കഴുത്തിന് മുറിവേറ്റ് കിടക്കുന്ന നിഥിനയേയും കയ്യിൽ ചെറിയ മുറിവുമായി അടുത്തുള്ള ബെഞ്ചിൽ വിശ്രമിക്കുന്ന അഭിഷേകിനെയുമാണ്.

പണിസ്ഥലത്തേക്ക് വന്ന വാഹനത്തിൽ നിഥിനയെ ആശുപത്രിലേക്ക് എത്തിച്ചതും ഇവരാണ്.'പണിക്കിടയിൽ ഒരു പെൺകുട്ടിയുടെ നിലവിളി കേട്ടിട്ടാണ് ഞങ്ങൾ ഓടിയെത്തുന്നത്. എത്തിയപ്പോൾ തന്നെ ഇവിടെ മുഴുവൻ രക്തമായിരുന്നു. നല്ല ആഴത്തിലുള്ള മുറിവായിരുന്നു പെൺകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ അതു വഴി വന്ന വാഹനത്തിൽ പെൺകുട്ടിയെ കയറ്റി വിടുകയായിരുന്നു,' കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്ക് ഏറ്റെടുത്ത് ചെയ്യുകയായിരുന്ന ബിജു മാത്യു മാധ്യമങ്ങളോട് പറഞ്ഞു.