- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപി സർക്കാരിനെ പരോക്ഷമായി വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി; ജനസംഖ്യാനിയന്ത്രണത്തിന് നിയമം അല്ല വേണ്ടത്; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകൂവെന്നും നിതീഷ് കുമാർ; ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതിൽ അപകടങ്ങളുണ്ടെന്നും വിലയിരുത്തൽ
പാറ്റ്ന: ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാർഗം സ്ത്രീകൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമങ്ങളിലൂടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് നിതീഷ് കുമാർ വ്യക്തമാക്കിയത്. ഉത്തർപ്രദേശിൽ യോഗി സർക്കാർ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാനിരിക്കെയാണ്, ബിജെപിയോടൊപ്പം ബിഹാർ ഭരിക്കുന്ന നിതീഷിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിതീഷ് കുമാർ- 'മറ്റ് സംസ്ഥാനങ്ങൾ എന്തുചെയ്യുന്നു എന്നതിനെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. പെൺകുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തിയാൽ കാര്യങ്ങൾ നിയന്ത്രണത്തിലാകും എന്നാണ് എന്റെ ബോധ്യം. വിദ്യാഭ്യാസം വഴി സ്ത്രീകൾ തങ്ങളുടെ ശരീരത്തെ കുറിച്ചും മാനസികാവസ്ഥയെ കുറിച്ചുമെല്ലാം ബോധവാന്മാരാകും'
ചില വിദ്യാസമ്പന്നർ കുടുംബാസൂത്രണം നടപ്പാക്കുന്നതിൽ ജാഗ്രത കാണിക്കുന്നില്ലെന്ന കാര്യം തനിക്ക് അറിയാം. എന്നാൽ ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതിൽ അതിന്റേതായ അപകടങ്ങളുണ്ട്. ചൈനയിലേക്ക് നോക്കൂ. ആദ്യം ഒറ്റക്കുട്ടി നിയമം നടപ്പിലാക്കി. തുടർന്ന് രണ്ട് കുട്ടികളെ അനുവദിച്ചു. ഇപ്പോൾ അക്കാര്യത്തിലും അവർ പുനർവിചിന്തനം നടത്തുകയാണെന്ന് നിതീഷ് കുമാർ ചൂണ്ടിക്കാട്ടി.
ബിഹാറിൽ ഒരു ദശാബ്ദത്തിനിടയിൽ ജനസംഖ്യാനിരക്ക് കുറയുന്നുണ്ട്. പെൺകുട്ടികളെ സ്കൂളുകളിലെത്തിക്കാനും ഉന്നത വിദ്യാഭ്യാസം നൽകാനും സാധിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിളും യൂണിഫോമും നൽകിയതുപോലുള്ള സംരംഭങ്ങൾക്ക് വളരെയധികം അംഗീകാരം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിന് കരട് ബിൽ ഉത്തർപ്രദേശ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ദമ്പതികൾക്ക് രണ്ടു കുട്ടികൾ മതി എന്നതാണ് പുതിയ ബില്ലിൽ അനുശാസിക്കുന്നത്. രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നതിനും സർക്കാർ സബ്സിഡി ലഭിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. മാതാപിതാക്കളും കുട്ടികളുമടക്കം നാല് പേരെ മാത്രമേ റേഷൻ കാർഡിൽ ഉൾപ്പെടുത്തൂ.
മറുനാടന് മലയാളി ബ്യൂറോ