ദിവസങ്ങൾ കഴിയുംതോറും അധികരിക്കുന്ന മീടു ക്യാമ്പയിനിൽ നിലപാട് വ്യക്തമാക്കി നടി നിത്യാമേനോൻ. 'ഒരു കൂട്ടം ആൾക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാൾ ഇഷ്ടം ഒറ്റയ്ക്കു പോരാടാനാണെന്ന് നിത്യ മേനോൻ. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് രൂപീകരിച്ച വനിതാ ചലച്ചിത്രപ്രവർത്തകരുടെ സംഘടനയിൽ അംഗമാവാൻ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിത്യ.

'എനിക്ക് പരസ്യ പ്രതികരണങ്ങൾ നടത്താൻ മറ്റു മാർഗങ്ങളുള്ളതിനാലാണ് മീ ടു ക്യാംപെയ്‌നിൽ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാൻ എനിക്ക് എന്റേതായ മാർഗങ്ങളുണ്ട്. ഒരു കൂട്ടം ആൾക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാൾ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ്' - നിത്യ പറഞ്ഞു.
മായി

എനിക്കു പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങളോടെ പലരും സമീപിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇതിനെയൊക്കെ നിശബ്ദമായി മാത്രമേ ഞാൻ സമീപിക്കാറുള്ളൂ. ഇതിന്റെ പേരിൽ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്.' നിത്യ വ്യക്തമാക്കി.

'സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ എനിക്കു മനസ്സിലാക്കാൻ സാധിക്കും. അതിനെ അനുകൂലിക്കുന്നതു കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്. എന്റെ ജോലി തന്നെയാണ് ഞാൻ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മാർഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്.

പുതിയ മലയാള ചിത്രം കോളാമ്പിയുടെ തിരക്കിലാണ് നിത്യാ മേനോൻ. ബോളിവുഡിലും നിത്യയ്ക്ക് കഴിവു തെളിയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അക്ഷയ് കുമാറിനെ നായകനാക്കി ജഗൻ ശക്തി സംവിധാനം ചെയ്യുന്ന മിഷൻ മംഗൽ ആണ് നിത്യയുടെ ബോളിവുഡ് ചിത്രം. തപ്‌സി പന്നു, വിദ്യ ബാലൻ, സൊനാക്ഷി സിൻഹ തുടങ്ങി വൻതാരനിര അണിനിരക്കുന്ന സിനിമയിൽ ശാസ്ത്രജ്ഞയുടെ വേഷത്തിലാകും നിത്യ എത്തുക.

എൻടിആറിന്റെ ജീവിതകഥ പറയുന്ന സിനിമയിൽ സാവിത്രിയുടെ വേഷത്തിൽ നിത്യ എത്തുന്നുണ്ട്. അതിനു ശേഷം ഒരു മലയാളചിത്രത്തിലാകും നിത്യ അഭിനയിക്കുക. ദേശീയ കായികതാരത്തിന്റെ കഥ പറയുന്ന ചിത്രം ആമിർഖാന്റെ ദംഗൽ പോലെ ആയിരിക്കുമെന്നും നിത്യ പറഞ്ഞു.

ഈ ചിത്രത്തിനു ശേഷം ജയലളിതയുടെ ജീവിതകഥ പറയുന്ന അയൺ ലേഡിയുടെ ചിത്രീകരണം തുടങ്ങും. സിനിമയിൽ ജയലളിതയായി അഭിനയിക്കാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് നിത്യ. പ്രിയദർശിനിയാണ് സംവിധാനം.