ചെന്നൈ: സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും വീണ്ടും വാർത്തകളിൽ നിറയുന്നു. ഇരുവരും ഉൾപ്പെട്ട വിവാദ ലൈംഗിക വീഡിയോ മോർഫ് ചെയ്തതല്ലെന്നും വീഡിയോ യാഥാർത്ഥമാണെന്നും സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നു. വിവാദമുണ്ടായി ഏഴുവർഷങ്ങൾക്കു ശേഷമാണ് അവസാന റിപ്പോർട്ട് പുറത്തുവരുന്നത്.

ഏഴു വർഷം മുമ്പ് നിരവധി തമിഴ് ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിത്യാനന്ദയും രഞ്ജിതയും ഉൾപ്പെട്ട ലൈംഗിക രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ ഈ വീഡിയോയിലെ സ്ത്രീ താനല്ലെന്നായിരുന്നു രഞ്ജിതയുടെ വാദം. വീഡിയോ കെട്ടിച്ചമച്ചതാണെന്ന് രഞ്ജിത പറഞ്ഞിരുന്നു.

കേസുമായി നിത്യാനന്ദ കോടതിയിലേക്കും പോയി. വിവാദത്തിനു പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു നടി വീഡിയോ നിരസിച്ചു രംഗത്തു വന്നത്. 'ഈ വീഡിയോ കെട്ടിച്ചമച്ചതാണ്. അതിൽ കാണുന്നയാൾ ഞാനല്ല. ഈ സമയം ധ്യാനപീഠ ആശ്രമത്തിലെ മുറിയിൽ സന്യാസിനിയുമായി സംസാരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ അധിക്ഷേപിക്കപ്പെടുകയാണ്. എന്റെ കരിയർ നശിച്ചു. എന്നെ വിശ്വസിച്ച ആളുകൾക്കും സംശയമായി' എന്നായിരുന്നു രഞ്ജിതയുടെ നിലപാട്.

വീഡിയോ പുറത്തുവിട്ട സൺടിവി മേധാവിക്കും ഓപ്പറേറ്റിങ് ഓഫീസർക്കും എതിരേ ക്രിമിനൽ കേസ് നിത്യാനന്ദ നൽകിയിരുന്നു. മോർഫ് ചെയ്ത വീഡിയോ എന്നാരോപിച്ചായിരുന്നു ഇത്. ചാനൽ തങ്ങളിൽനിന്നു പണവും ആവശ്യപ്പെട്ടെന്നു നിത്യാനന്ദയ്ക്കായി കേസ് കൊടുത്ത ധ്യാനപീഠ ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ നിത്യ ആത്മപ്രഭാനന്ദ ആരോപിച്ചിരുന്നു. കേസിനെക്കുറിച്ചു സിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബംഗളുരു കോടതിയിൽ കേസും നൽകിയിരുന്നു.

എന്നാൽ ഇതിനു പിന്നാലെ ബംഗളുരുവിലെ ഫോറൻസിക് ലബോറട്ടറി വീഡിയോ കെട്ടിച്ചമച്ചതല്ലെന്ന റിപ്പോർട്ട് നൽകിയിരുന്നു. നവംബർ 22ന് കേന്ദ്ര ഫോറൻസിക് വിഭാഗം വീഡിയോ പരിശോധിച്ചു നൽകിയ റിപ്പോർട്ടിൽ ഇതു വ്യാജമല്ലെന്നു വ്യക്തമാക്കി

നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പനാണു വിവാദ വീഡിയോ ചിത്രീകരിച്ചത്. നിത്യാനന്ദയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു ലെനിൻ. സ്വാമി നിത്യാന്ദയുടെ ആത്മാർഥ അനുയായിയായിരുന്നെങ്കിലും സ്വാമിയുടെ ചെയ്തികളിൽ മനം നൊന്താണ് ഈ പണിക്കിറങ്ങിയതെനന്നും ലെനിൻ 2010ൽ തന്നെ വ്യക്തമാക്കിയിരുന്നു.

നിത്യാനന്ദ ഇപ്പോഴും പഴയ സ്വാമിയാണ് ധ്യാനപീഠം ആശ്രമത്തിൽ തന്നെ ഇയാൾ അനുയായികൾക്കൊപ്പം വിവിധ പരിപാടികളുമായി മുന്നോട്ടു പോകുകയാണ്. നിത്യാനന്ദയിൽനിന്നുതന്നെ ദീക്ഷ സ്വീകരിച്ച രഞ്ജിത മാ ആനന്ദമയിയായി ഇതേ ആശ്രമത്തിലുണ്ട്.