ന്യൂഡൽഹി: സുഷമയ്‌ക്കെതിരെ പരാമർശം നടത്തിയ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നു നിതിൻ ഗഡ്കരി. ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ക്രിമിനൽ കുറ്റം ചെയ്‌തെന്നാണു രാഹുൽ പറഞ്ഞത്.

സുഷമയുടെ പേരുമായി ബന്ധപ്പെടുത്തി ക്രിമിനൽ എന്ന പദം ഉപയോഗിച്ചതു നിർഭാഗ്യകരമാണെന്നു ഗഡ്കരി രാജ്യസഭയിൽ പറഞ്ഞു. ഈ പദപ്രയോഗത്തിലൂടെ രാഹുൽഗാന്ധി വിദേശകാര്യമന്ത്രിയെ മാത്രമല്ല രാജ്യത്തെയാകെ അപമാനിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ബാലിശവും അപക്വവുമായതെന്നാണു ഗഡ്കരി വിശേഷിപ്പിച്ചത്. രാഹുൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ മാനനഷ്ടക്കേസ് നൽകുമെന്നും നിതിൻ ഗഡ്കരി മുന്നറിയിപ്പു നൽകി. സുഷമ സ്വരാജിനെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഗഡ്കരി പറഞ്ഞു.