പാറ്റ്‌ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ സർക്കാർ അധികാരമേറ്റു. നിതീഷ് കുമാർ ഉൾപ്പെടെ 28 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും മന്ത്രിമാരായി സ്ഥാനമേറ്റു. ലാലുപ്രസാദ് യാദവിന്റെ ഇളയ മകൻ 26 കാരനായ തേജ്വസി യാദവാണ് ഉപമുഖ്യമന്ത്രി.

ഇത് നാലാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകുന്നത്. നിതീഷ് കുമാർ മന്ത്രിസഭയിൽ 12 വീതം ആർജെഡി, ജെഡിയു മന്ത്രിമാരാണുള്ളത്. കോൺഗ്രസിന് നാല് മന്ത്രിസ്ഥാനമുണ്ട്. നഗരമധ്യത്തിലുള്ള ഗാന്ധി മൈതാനത്തു പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രണ്ടിനു നടന്ന ചടങ്ങിലാണ് നിതീഷ് കുമാർ മന്ത്രിസഭ അധികാരമേറ്റത്.

മുഖ്യമന്ത്രി ഉൾപ്പെടെ 36 അംഗ മന്ത്രിസഭ ഗവർണർ രാംനാഥ് കോവിന്ദ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നായിരുന്നു സൂചനകളെങ്കിലും ചില മന്ത്രിമാരുടെ കാര്യത്തിൽ ആശയക്കുഴപ്പമുള്ളതിനാലാണ് 28 അംഗ മന്ത്രിസഭ അധികാരമേറ്റത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ വിശാല സഖ്യത്തിന്റെ ആയിരക്കണക്കിനു നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ

പാറ്റ്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധിമൈതാനിയിൽ നടന്ന ചടങ്ങിൽ ഗവർണർ രാം നാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം നിതീഷിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ എത്തി. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡി.ക്ക് 80 സീറ്റാണുള്ളത്. ജെ.ഡി.യു.വിന് 71 സീറ്റും കോൺഗ്രസിന് 27 സീറ്റുമാണുള്ളത്.

സത്യപ്രതിജ്ഞാ ചടങ്ങ് മോദി ഉയർത്തുന്ന രാഷ്ട്രീയത്തിനെതിരെയുള്ള ഒത്തുചേരലാക്കി മാറ്റുകയായിരുന്നു മഹാസഖ്യം. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ഡി.എം.കെ. പ്രതിനിധി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ,ഫറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതിനിധിയെ അയക്കുകയാണ് ചെയ്തത്.

ചടങ്ങിൽ കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് പാർലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിതീഷ് കുമാർ ക്ഷണിച്ചിരുന്നുവെങ്കിലും കേന്ദ്രസർക്കാറിനെ പ്രതിനിധീകരിക്കാനുള്ള ചുമതല വെങ്കയ്യ നായിഡുവിന് കൈമാറുകയായിരുന്നു.