ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരേ വേദിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഇരു നേതാക്കളും എത്തിയത്.

ഡൽഹി തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ വിളിച്ചത് നക്‌സൽ എന്നായിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഇപ്പോൾ ബിഹാറുകാരുടെ ഡിഎൻഎയെയും മോദി ചോദ്യം ചെയ്യുകയാണെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി.

ഡൽഹിയിൽ ബിജെപി കാണിച്ച അതേ തെറ്റാണ് ബിഹാറിൽ ഇപ്പോൾ കാണിക്കുന്നത്. അവർ വീണ്ടും തോൽക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

കേജ്‌രിവാളിനെ ഒപ്പം നിർത്തണമെന്നും ഡൽഹിയിലെ ജനങ്ങൾ ചെയ്തത് ശരിയാണെന്നും നിതീഷ് കുമാർ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദി പറഞ്ഞത് ഡൽഹിക്കാർ ചിന്തിക്കുന്നത് പോലെയാണ് രാജ്യം മുഴുവൻ ചിന്തിക്കുന്നത് എന്നാണ്. പക്ഷേ, ഫലം വന്നപ്പോൾ ബിജെപി തകർന്നു തരിപ്പണമായി. മോദി ബിഹാറുകാരുടെ ചിന്തയും മനസിലാക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു.

മുമ്പ് ഡൽഹിയിലെ അഴിമതിവിരുദ്ധ സംഘത്തിലേക്ക് ബിഹാറിൽ നിന്നുള്ള പൊലീസുകാരെ നിയമിച്ചിരുന്നു. ഇക്കാര്യവും ഇന്നു കെജ്‌രിവാൾ പരാമർശിച്ചു. ഒരു ഫോൺ കോളിന്റെ ആവശ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളുവെന്നും ഒരാഴ്ചയ്ക്കുള്ളിൽ നിതീഷ് ആവശ്യമായ പൊലീസുകാരെ എത്തിച്ചെന്നും കേജ്‌രിവാൾ ഓർത്തു.

ബിഹാറിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച മോദിയുടെ നടപടിയെയും കേജ്‌രിവാൾ വിമർശിച്ചു. മോദിയുടെ കയ്യിൽ അധികം പണമുണ്ടെങ്കിൽ വൺ റാങ്ക് വൺപെൻഷൻ പദ്ധതിക്കായി ജന്തർമന്തിറിൽ സമരം ചെയ്യുന്ന വിമുക്തഭടന്മാർക്ക് നൽകണമെന്നും കേജ്‌രിവാൾ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പിൽ ആം ആദ്മിപാർട്ടി സ്ഥാനാർത്ഥിയെ നിർത്തില്ല. ബിജെപിക്കെതിരായ വോട്ട് ഭിന്നിച്ച് പോകാതിരിക്കാനാണിത്. അടുത്ത മാസം കെജ്‌രിവാർ പട്‌ന സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.