- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ഇതര മുഖ്യമന്ത്രിമാർക്കെല്ലാം ക്ഷണം; മമതയും മുലായവും കെജരീവാളും താരങ്ങളാകും; നിതീഷിന്റെ സത്യപ്രതിജ്ഞാദിനം മോദി വിരുദ്ധ മുന്നണിയുടെ തുടക്കം കുറിക്കും
ബീഹാർ മുഖ്യമന്ത്രിയായുള്ള നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ വിശാലമുന്നണിയുടെ തുടക്കം കുറിക്കുന്നതാകും. നവംബർ 20-ന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷിയാകാൻ, രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കെല്ലാം ക്ഷണമുണ്ട്. ബിജെപി ഒഴികെയുള്ള വലിയ രാഷ്ട്രീയ കക്ഷികളുടെ നേതാക

ബീഹാർ മുഖ്യമന്ത്രിയായുള്ള നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ വിശാലമുന്നണിയുടെ തുടക്കം കുറിക്കുന്നതാകും. നവംബർ 20-ന് നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷിയാകാൻ, രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കെല്ലാം ക്ഷണമുണ്ട്. ബിജെപി ഒഴികെയുള്ള വലിയ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, യു.പി.മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡൽഹി മുഖ്യൻ അരവിന്ദ് കെജരീവാൾ എന്നിവരും സമാജ്‌വാദി നേതാവ് മുലായം സിങ് യാദവ്, എൻ.സി.പി. തലവൻ ശരദ് പവാർ എന്നിവരും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പട്‌നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, അദ്ദേഹത്തിന്റെ മകനും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള എന്നിവരും പഞ്ചാബ് മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ബാദൽ സർക്കാർ ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും സത്യപ്രതിജ്ഞയിലേക്ക് ക്ഷണിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. ഒഡിഷ മുഖ്യൻ നവീൻ പട്‌നായിക്കിനെ യും ക്ഷണിച്ചിട്ടുണ്ട്.
പട്‌ന സാഹിബ് മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി ശത്രുഘ്‌നൻ സിൻഹ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക ബിജെപി പ്രതിനിധി. തിരഞ്ഞെടുപ്പിനുശേഷം ശത്രുഘ്‌നൻ സിൻഹ മോദിക്കും അമിത് ഷായ്ക്കും എതിരെ പരസ്യ നിലപാടെടുത്ത ബിജെപി നേതാവാണ്. മാത്രമല്ല, അദ്ദേഹം നിതീഷ് കുമാറിനെ സന്ദർശിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. മുതിർന്ന നേതാവ് എൽ.കെ.അദ്വാനിയെയും ക്ഷണിക്കാൻ ജനതാദൾ (യു) തീരുമാനിച്ചിരുന്നെങ്കിലും, കോൺഗ്രസ്സും ആർ.ജെ.ഡിയും എതിർത്തതിനാൽ ഉപേക്ഷിക്കകുയായിരുന്നു. ബിജെപിയുമായി തെറ്റിനിൽക്കുന്ന ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെയെയും നിതീഷ് ക്ഷണിച്ചിട്ടുണ്ട്. ശിവസേനയുടെ മന്ത്രിമാർ ചടങ്ങിൽ പ്രതിനിധികളായി പങ്കെടുക്കും.
മോദിക്കെതിരെയാ വിശാലമുന്നണിയുടെ പടയൊരുക്കമായാണ് ഈ സത്യപ്രതിജ്ഞാച്ചടങ്ങ് വിലയിരുത്തപ്പെടുന്നത്. ബിജെപിക്കെതിരെ സമാന ചിന്താഗതിക്കാരുടെ വിശാലമുന്നണിയാണ് ഐക്യ ജനതാദൾ ലക്ഷ്യമിടുന്നതെന്ന് പാർട്ടി വക്താക്കൾ പറയുന്നു. അതിനുള്ള അടിത്തറയൊരുക്കലാണ് സത്യപ്രതിജ്ഞാ ചടങ്ങിലൂടെ ലക്ഷ്യമിടുന്നത്. യോജിച്ചുനിന്നാൽ ബിജെപിയെ തുരത്താനാകുമെന്ന് ബിഹാർ തിരഞ്ഞെടുപ്പിലൂടെ തെളിയിക്കാനായെന്നും വക്താക്കൾ പറയുന്നു.

