പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ജനങ്ങൾക്കു ലഭിക്കുന്ന സുവർണാവസരമാണ് ഇപ്പോഴെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ട്വിറ്ററിലാണ് നിതീഷ് പ്രധാനമന്ത്രിയെ പരിഹസിച്ചു രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മോദിയെ കാണാൻ കിട്ടില്ലെന്നും നിതീഷ് പരിഹസിച്ചു. തന്ത്രപരമായ മൗനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടെത്തിയ പുത്തൻ ആയുധമെന്നും ബീഹാർ മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത ആറ് ദിവസങ്ങൾക്കിടയിൽ ബീഹാറിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന വാർത്തകൾ വന്നിരുന്നു. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായാണ് നിതീഷ് കുമാർ ട്വിറ്ററിലൂടെ പോരാട്ടം ആരംഭിച്ചത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിലാണ് മോദി റാലി നടത്തുക.

ബീഹാറിലെ ജനങ്ങൾക്ക് യഥാർത്ഥ മോദിയെ കാണാനും മനസ്സിലാക്കാനുമുള്ള സുവർണ്ണ അവസരമാണിത്, തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ ദർശനം ലഭിക്കുക വളരെ പ്രയാസമുള്ള കാര്യമാണ്' എന്നായിരുന്നു നിതീഷിന്റെ ആദ്യ ട്വീറ്റ്. നാടകാഭിനയത്തിലും, വാഗ്പാടവ ശാസ്ത്രത്തിലും ,അടിസ്ഥാനരഹിതമായ വസ്തുതകൾ വിളിച്ച് പറയുന്നതിലും മോദി സമാനതകളില്ലാത്ത വിധം വിദഗ്ധനാണ്, എന്നാൽ ഇപ്പോൾ തന്ത്രപരമായ മൗനമാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്ന പുതിയ ആയുധം' എന്നാണു രണ്ടാമത്തെ ട്വീറ്റ്.

മോദിയോടെ സംസാരിക്കാനോ ട്വീറ്റ് ചെയ്യാനോ അവസരം കിട്ടുന്ന ആളുകൾ ഒരു കാര്യത്തിൽ അമ്പരക്കരുത്, ഇന്ത്യയുടെ മനസ്സാക്ഷിയെ മുറിവേൽപ്പിക്കുകയും സാധാരണക്കാരെ ബാധിക്കുകയും ചെയ്ത ഒരൊറ്റ പ്രശ്‌നത്തിനെ കുറിച്ച് പോലും മോദി ഒരു അക്ഷരം സംസാരിക്കുകയില്ല എന്നും മറ്റൊരു ട്വീറ്റിൽ നിതീഷ് പരിഹസിക്കുന്നു.

ഹരിയാനയിൽ രണ്ട് ദളിത് കുട്ടികളെ ചുട്ടു കൊന്ന സംഭവത്തിലെ പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയ സമീപനത്തെ നേരത്തെ തന്നെ നിതീഷ് ചോദ്യം ചെയ്തിരുന്നു. 2014 തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പ്രധാനമന്ത്രി പാലിച്ചില്ലെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തുന്നു.

ആകെ അഞ്ചുഘട്ടങ്ങളുള്ള വോട്ടെടുപ്പിന്റെ ബാക്കിയുള്ള മൂന്നു ഘട്ടങ്ങൾ 28, നവംബർ ഒന്ന്, അഞ്ച് തീയതികളിലാണു നടക്കുക.