പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വഞ്ചകനെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് നിതീഷിനെതിരെ അമിത് ഷായൂടെ രൂക്ഷവിമർശനം. എൻ.ഡി.എയെ പിന്നിൽ നിന്നും കുത്തിയയാളാണ് നിതീഷെന്നും ഭരണം പിടിച്ചെടുക്കാൻ വഞ്ചന സ്വഭാവത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് അയാളെന്നും അമിത് ഷാ ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു. എൻ.ഡി.എയിൽ നിതീഷിന് നേതൃസ്ഥാനം ബിജെപി നൽകിയിരുന്നു. ബിഹാറിലേക്ക് കാടൻ ഭരണം തിരിച്ചെത്താതിരിക്കാൻ പ്രവർത്തകർക്കുണ്ടായ അപമാനം മറികടന്നും നതീഷിനെ ബിജെപി പിന്തുണയ്ക്കുകയായിരുന്നുവെന്ന് അമിത് ഷാ സൂചിപ്പിച്ചു. എന്നാൽ ഇതിനു പകരം, ബിജെപിയെ പിന്നിൽ നിന്നും കുത്തിക്കൊണ്ട് അധികാരം നിലനിർത്താൻ ലാലുപ്രസാദുമായി കൈകോർത്തിരിക്കുകയാണ് നിതീഷെന്നും ഷാ കുറ്റപ്പെടുത്തി.